തിരുവനന്തപുരം: പതിനാലാം കേരള നിയസഭയിലെ എല്ലാ സാമാജികരുടെയും ജീവൻതുടിക്കുന്ന ചിത്രങ്ങൾ വരച്ച് ആറാം ക്ലാസുകാരി റോസ് മരിയ സെബാസ്റ്റ്യൻ. റോസിന്റെ ക്യാൻവാസിൽ ചിരിച്ചുനിൽക്കുന്ന തങ്ങളുടെ ചിത്രം കണ്ട എംഎൽഎമാരായ പ്രതിഭാ ഹരിയും ഐഷ പോറ്റിയും സി.കെ. ആശയും നിറഞ്ഞു ചിരിച്ചു. മുരളി പെരുനെല്ലി ഒപ്പം നിർത്തി ഒരു സെൽഫി കൂടിയെടുത്തതോടെ കൊച്ചു ചിത്രകാരിക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം.
നിയമസഭാമന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി സ്മാരക മെംബേഴ്സ് ലോഞ്ചിലാണ് ഇടുക്കി രാജാക്കാട് സ്വദേശിയായ കൊച്ചു ചിത്രകാരി റോസ് മരിയയുടെ ചിത്രപ്രദർശനം അരങ്ങേറിയത്.
രാജക്കാട് ജിഎസ്എസ് സ്കൂളിൽ പൊതുപരിപാടിക്കെത്തിയ മന്ത്രി എം.എം മണിയുടെ ചിത്രം റോസ് വരച്ചു നൽകി. എല്ലാ എംഎൽഎമാരുടെയും ചിത്രങ്ങൾ വരയ്ക്കാമെങ്കിൽ നിയമസഭയിൽ പ്രദർശിപ്പിക്കാമെന്ന് മന്ത്രി വാഗ്ദാനം നൽകുകയും ചെയ്തു.
വേനലവധി ആരംഭിച്ചതോടെ റോസ് അതിനുള്ള ശ്രമമാരംഭിച്ചു. 140 എംഎൽഎമാരുടെ ചിത്രങ്ങൾ 20 ദിവസം കൊണ്ടാണ് റോസ് വരച്ചു തീർത്തത്. അക്രിലിക് ഫാബ്രിക് പെൻസിൽ ഉപയോഗിച്ചായിരുന്നു വര. ഒരു ദിവസം ഒൻപത് പടം വരെ വരയ്കുമായിരുന്നെന്ന് റോസ് പറയുന്നു.
കൂട്ടത്തിൽ വരയ്ക്കാൻ ഏറ്റവും പാട് മുഖ്യമന്ത്രിയുടെ ചിത്രമായിരുന്നെന്നു റോസ് പറഞ്ഞപ്പോൾ കാണികൾ ചിരിച്ചു. അതു കേട്ടപ്പോൾ റോസിന്റെ വിശദീകരണം ഇങ്ങനെ, അല്ല മുഖ്യമന്ത്രിയുടെ ചിത്രമല്ലേ നന്നായി വരയ്ക്കണ്ടേ…അതാ..
ഇന്നലെ രാവിലെയാണ് നിയമസഭയിൽ റോസിന്റെ ചിത്രങ്ങളുടെ പ്രദർശനം ആരംഭിച്ചത്. സാമാജികർക്കൊപ്പം ഗവർണറുടെ ചിത്രവും പ്രദർശനത്തിലുണ്ട്. ഇതുവരെ മൂവായിരത്തിലധികം ചിത്രങ്ങളാണ് ഈ കൊച്ചു ചിത്രകാരി വരച്ചിട്ടുള്ളത്. മൂന്നാം ക്ലാസ് മുതലാണ് റോസ് ചിത്രം വരയ്ക്കാൻ ആരംഭിച്ചത്. ഇപ്പോൾ ഒരു മാസമായി ചിത്രകലയിൽ ശാസ്ത്രീയമായ പരിശീലനവും നടത്തുന്നുണ്ട്.
റോസിന് എല്ലാ പ്രോത്സാഹനവുമായി കർഷകനായ പിതാവ് സെബാസ്റ്റ്യൻ ജോർജും മാതാവ് ഷേർളിയും ഒപ്പമുണ്ട്. പ്ലസ്ടു വിദ്യാർഥിയായ സഹോദരൻ കിരണ് ആണ് തനിക്ക് കൂടുതൽ പ്രചോദനം നൽകുന്നതെന്നു റോസ് പറയുന്നു.