നെടുംകുന്നം: അമ്മ സ്നേഹപൂർവ്വം വൃക്ക പകുത്തു നൽകി. നാട്ടുകാരുടെ കരുതൽ കൂടിയായപ്പോൾ റോസിലി പുതുജീവിതത്തിലേക്ക്. നെടുംകുന്നം എട്ടാം വാർഡിൽ പേഴത്താനിക്കുന്നേൽ ജോസഫിന്റെയും റോസമ്മയുടെയും മകളായ റോസിലി ജോസഫാണ് (30) ജീവിതത്തിലേക്ക് മടങ്ങി എത്തിയത്. ഒന്നര മാസം മുൻപാണ് റോസ്ലിയുടെ വൃക്ക മാറ്റി വച്ചത്.
വർഷങ്ങളായി വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന റോസിലിക്ക് 65 കാരിയായ അമ്മ റോസമ്മയാണ് വൃക്ക നൽകിയത്. എറണാകുളത്തെ ലേക്ക്ഷോർ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയ ഇരുവരും സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടർമാർ അറിയിച്ചു. രോഗം പിടിപെട്ട് ഇരു വൃക്കകളും തകരാറിലായ വിവരം അറിഞ്ഞതോടെ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന കുടുംബത്തിന് താങ്ങായത് നെടുംകുന്നത്തെ സുമനസുകളുടെ സഹായമാണ്.
പഞ്ചായത്തിലെ തന്നെ 10-ാം വാർഡിൽ അംബിയിൽ രാജേഷ് (40) എന്ന വൃക്കരോഗിയുടെ അവസ്ഥയും മനസിലാക്കിയ പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേർന്ന് ഇരുവർക്കുമായി സഹായനിധി രൂപീകരിക്കുകയായിരുന്നു. ചങ്ങനാശേരി പ്രത്യാശാ ടീം ഡയറക്ടർ സെബാസ്റ്റ്യൻ പുന്നശേരിയുടെ നേതൃത്വത്തിലാണ് സഹായനിധി രൂപീകരിച്ചതും പ്രവർത്തനം ആരംഭിച്ചതും.
ഓഗസ്റ്റ് ഇരുപതിന് നടത്തിയ ധനസമാഹരണത്തിൽ 16 ലക്ഷം രൂപയാണ് ലഭിച്ചത്. ഇതിൽ എട്ടു ലക്ഷം രൂപ വീതം ഇരുവർക്കുമായി നൽകി. രാജേഷിന് സഹോദരന്റ വൃക്ക മാറ്റി വയ്ക്കുവാനാണ് ഉദ്ദേശിക്കുന്നത്. റോസിലി ജീവിതത്തിലേക്ക് മടങ്ങി വരുന്ന വാർത്ത അറിഞ്ഞതോടെ നാടൊട്ടാകെ സന്തോഷത്തിലാണ്.