പത്തനംതിട്ട; നഗരത്തിലെ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്കായിരിക്കും മുൻഗണന നൽകുകയെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചെയർപേഴ്സണ് റോസ്്ലിൻ സന്തോഷ്. മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കണം. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വമെന്ന സന്ദേശം ജനങ്ങളുടെയിടയിൽ എത്തിക്കും. ഇതിനായി ആദ്യം തന്നെ പ്രചാരണം നടത്തും. ബോധവത്കരണത്തിലൂടെ മാലിന്യങ്ങൾ ഓരോരുത്തരുടെയും ഉത്തരവാദിത്വത്തിലൂടെ സംസ്കരിക്കാനാകുമെന്നാണ് പ്രതീക്ഷ.
മാലിന്യം ശേഖരിച്ച് നഗരസഭയുടെ ഉത്തരവാദിത്വത്തിൽ സംസ്കരിക്കുകയെന്ന നയം ഇനിയുണ്ടാകില്ല. നഗരവാസികളുടെ മാലിന്യം ശേഖരിക്കുകയും അതു തരംതിരിക്കുകയും ചെയ്യുന്നത് നഗരസഭയുടെ ജോലിയല്ല. സ്രോതസുകളിൽ തന്നെ സംസ്കരിക്കാൻ കഴിയുന്നതാണ് മാലിന്യങ്ങളേറെയും. വികേന്ദ്രീകരണ സംസ്കരണ പദ്ധതികൾ ആസൂത്രണം ചെയ്യും. നിലവിലെ തൂന്പൂർ മാതൃക പദ്ധതികൾ പ്രവർത്തനസജ്ജമാക്കുകയും കൂടുതൽ സ്ഥലങ്ങളിൽ ഇത്തരം സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും.
നാല് തുന്പൂർമൂവി മാതൃക സംസ്കരണ യൂണിറ്റുകളാണ് നഗരത്തിലുള്ളത്. മാലിന്യം സംസ്കരിക്കാൻ യാതൊരു നിർവാഹവുമില്ലെന്ന് ബോധ്യമുള്ള സ്ഥലങ്ങളിൽ നിന്നു മാത്രമേ നഗരസഭ ജീവനക്കാർ അവ ശേഖരിക്കുകയുള്ളൂ. പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റുകൾ തുടങ്ങി അതു സംസ്കരിക്കാനുള്ള പദ്ധതികളുമുണ്ടാകും. തരംതിരിച്ചെത്തിക്കുന്ന മാലിന്യങ്ങൾ അതാത് കേന്ദ്രങ്ങളിൽ തന്നെ സംസ്കരിക്കാൻ കഴിയുന്ന പദ്ധതികളാണ് വരേണ്ടതെന്നും ചെയർപേഴ്സണ് പറഞ്ഞു.
മുനിസിപ്പൽ ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ ആലോചനകളുണ്ടാകും. യാർഡ് നവീകരിക്കുന്ന ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കാൻ നഗരസഭയ്ക്കു മാത്രമായി ആകില്ല. ഒരു യാർഡിന്റെ നവീകരണത്തിനു മാത്രം ഒരു കോടി രൂപ വേണ്ടിവരും. എംപി, എംഎൽഎ എന്നിവരുടെ സഹായത്തോടെ പദ്ധതികൾ ആസുത്രണം ചെയ്യും. ശബരിമലയുടെ പ്രവേശന കവാടമെന്ന നിലയിൽ ബസ് സ്റ്റാൻഡ് നവീകരണത്തിന് സർക്കാർ സഹായവും തേടും. കോളനികളിൽ അടക്കം അടിസ്ഥാന സൗകര്യവികസനത്തിനു പ്രത്യേക ശ്രദ്ധയുണ്ടാകും.
നഗരത്തിലെ പൊതുശൗചാലയങ്ങളുടെ സ്ഥിതി മെച്ചപ്പെടേണ്ടതുണ്ട്. ഇതിനാവശ്യമായ ശ്രദ്ധയുണ്ടാകുമെന്നും ചെയർപേഴ്സണ് അറിയിച്ചു. നഗരത്തിലെ റിംഗ് റോഡുകളുടെ അരികുകളിൽ ആസൂത്രണം ചെയ്ത പൂന്തോട്ടം പദ്ധതി, തെരുവുവിളക്കുകൾ കൃത്യമായി കത്തിക്കൽ എന്നിവയ്ക്കു ശ്രമമുണ്ടാകും. ഇൻഡോർ സ്റ്റേഡിയം നിർമാണജോലികൾ ഉടൻ തുടങ്ങാനാകും. ഒരുവർഷക്കാലാവധിയിൽ ജനങ്ങൾക്കുവേണ്ടി കൂടുതൽ നല്ലകാര്യങ്ങൾ ചെയ്യണമെന്ന ലക്ഷ്യമാണുള്ളതെന്ന് റോസ് ലിൻ പറഞ്ഞു.