റോസ്‌മേരി മണക്കൂ ഓര്‍മ ശക്തി കൂട്ടൂ; റോസ്‌മേരിയുടെ ഗന്ധം ശ്വസിക്കുന്നത് ഓര്‍മ ശക്തി കൂട്ടുമെന്ന് പുതിയ കണ്ടെത്തല്‍; എന്താണ് റോസ്‌മേരി എന്നറിയാം…

rose600റോസ്‌മേരി മണത്താല്‍ ഓര്‍മശക്തി കൂട്ടാമെന്ന് പുതിയ പഠനം. ഇനി എന്താണ് റോസ്‌മേരി എന്നല്ലേ ? മെഡിറ്ററേനിയന്‍ രാജ്യങ്ങളില്‍ കാണപ്പെടുന്ന സുഗന്ധമുള്ള ഒരിനം കുറ്റിച്ചെടിയാണ് റോസ്‌മേരി. ഭക്ഷണത്തിന് രുചി കൂട്ടാനും പെര്‍ഫ്യൂമുകളിലും ഇതുപയോഗിക്കുന്നു. ഇതിന്റെ ഗന്ധം കുട്ടികളില്‍ ബുദ്ധിശക്തി വര്‍ധിപ്പിക്കുമെന്നു പഠനം.
യുക്തിപരമായി തീരുമാനങ്ങള്‍ എടുക്കാനും നല്ല പെരുമാറ്റത്തിനും പ്രധാനമാണ് വര്‍ക്കിങ് മെമ്മറി. അക്കാദമിക് നേട്ടങ്ങള്‍ക്ക് വര്‍ക്കിങ് മെമ്മറി എത്ര പ്രധാനമാണെന്ന് സ്കൂള്‍ കുട്ടികളില്‍ ക്ലാസ്മുറിയുടെ അന്തരീക്ഷത്തില്‍ അറിയുകയായിരുന്നു ഈ പഠനത്തിന്റെ ഉദ്ദേശം.

ബ്രിട്ടനിലെ നോര്‍ത്താംബ്രിയ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ പുതിയ കണ്ടെത്തലിനു പിന്നില്‍. പഠനത്തിന്റെ ഭാഗമായി പത്തിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള 40 കുട്ടികള്‍ക്ക് വ്യത്യസ്ഥ മാനസിക പ്രവര്‍ത്തനങ്ങള്‍ നല്‍കുകയാണ് ഇവര്‍ ആദ്യം ചെയ്തത്.കുട്ടികളില്‍ ചിലരെ പത്തുമിനിറ്റ് നേരം റോസ്‌മേരി ഓയിലിന്റെ ഗന്ധമുള്ള മുറിയിലും മറ്റ് ചിലരെ മണമൊന്നും ഇല്ലാത്ത മുറിയിലും കഴിയാന്‍ അനുവദിച്ചു.റോസ്‌മേരി ഓയില്‍ തളിച്ച മുറിയില്‍ ചെലവിട്ട കുട്ടികള്‍ക്ക് മറ്റ് കുട്ടികളെക്കാള്‍ ഉയര്‍ന്ന സ്‌കോര്‍ ലഭിച്ചു. വാക്കുകള്‍ ഓര്‍മിച്ചെടുക്കുന്ന പ്രവര്‍ത്തനത്തിനാണ് ഏറ്റവും ഉയര്‍ന്ന സ്‌കോറുകള്‍ ഇവര്‍ക്ക് ലഭിച്ചത്.

ആരോഗ്യമുള്ള മുതിര്‍ന്നവരില്‍ റോസ്‌മേരി ഓയിലിന്റെ ഗന്ധം ബുദ്ധികൂട്ടും എന്ന് മുന്‍പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ശാസ്ത്രീയ വശത്തെക്കുറിച്ച് ഇതുവരെയും വ്യക്തമായ വിവരമില്ല. റോസ്‌മേരിയുടെ ഗന്ധം തലച്ചോറിലെ വൈദ്യുത പ്രവര്‍ത്തനത്തിന് കാരണമാകുന്നതോ മുതിര്‍ന്നവര്‍ ഈ ഗന്ധം ശ്വസിക്കുമ്പോള്‍ ഫാര്‍മക്കോളജിക്കലി ആക്ടീവ് ആയ സംയുക്തങ്ങള്‍ ആഗിരണം ചെയ്യപ്പെടുന്നതോ ആകാം ഈ സവിശേഷതയ്ക്കു കാരണമെന്ന് ഗവേഷകനായ മാര്‍ക്ക് തോമസ് പറയുന്നു.
എന്തായാലും പുതിയ കണ്ടെത്തല്‍ ശാസ്ത്രലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

Related posts