കൊച്ചി: സംവിധായകൻ റോഷൻ ആൻഡ്രൂസിനെതിരേ നൽകിയ പരാതിയുടെ പേരിൽ ജീവനു ഭീഷണിയുണ്ടെന്നു നിർമാതാവ് ആൽവിൻ ആന്റണിയും ഭാര്യ എയ്ഞ്ചലീനയും.
കേസ് ഒത്തുതീർക്കാൻ പല ഭാഗത്തുനിന്നും ശ്രമമുണ്ട്. നിയമത്തിന്റെ വഴിയേ മുന്നോട്ടുപോകാനാണു തീരുമാനം. ഞങ്ങളെ അപായപ്പെടുത്തുമോയെന്നു ഭയമുണ്ട്. ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാലിതു മരണമൊഴിയായി കണക്കാക്കണമെന്നും എറണാകുളം പ്രസ്ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ ഇരുവരും പറഞ്ഞു.
15നു രാത്രി 12.30 യോടെയാണ് ഒരു സംഘം വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറിയതെന്ന് ആൽവിൻ ആന്റണി പറഞ്ഞു. മകളെയും ഭാര്യയെയും അവർ ഉപദ്രവിച്ചു. വീട്ടിലുണ്ടായ സംഭവങ്ങളെല്ലാം വ്യക്തമാക്കി പോലീസിൽ പരാതി നൽകിയിരുന്നു. പോലീസിന്റെ ഭാഗത്തുനിന്നു നല്ല സഹകരണമാണു ലഭിക്കുന്നത്. അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും ആൽവിൻ ആന്റണി പറഞ്ഞു.
റോഷൻ ആൻഡ്രൂസിനു മുൻകൂർ ജാമ്യം കിട്ടിയതായി വാർത്തകൾ കണ്ടിരുന്നു. രാത്രി വീട്ടിലെത്തി ആക്രമിച്ച ഗുണ്ടാസംഘം ഇപ്പോഴും പുറത്തു കഴിയുന്നുണ്ടെന്നതു പേടിപ്പെടുത്തുന്നുണ്ടെന്ന് എയ്ഞ്ചലീന പറഞ്ഞു. മകനുമായുള്ള പ്രശ്നങ്ങളുടെ പേരിലാണു വീട്ടിലെത്തി ആക്രമിച്ചത്. മകന്റെ നിരപരാധിത്വം വ്യക്തമാക്കുന്ന തെളിവുകൾ കൈവശമുണ്ടെന്നും ഇരുവരും പറഞ്ഞു.