ചലച്ചിത്ര നിർമാതാവായ ആൽവിൻ ആന്റണിയെ വീടുകയറി ആക്രമിച്ച കേസിൽ സംവിധായകൻ റോഷൻ ആൻഡ്രൂസിനും സുഹൃത്ത് പള്ളുരുത്തി സ്വദേശി നവാസിനും ഹൈക്കോടതി മാർച്ച് 28 വരെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. ഇക്കാലയളവിൽ ഇവരെ അറസ്റ്റ് ചെയ്താൽ 30,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്ത് ജാമ്യത്തിൽ വിടണമെന്ന് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു.
ആൽവിൻ ആന്റണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റോഷൻ ആൻഡ്രൂസിനും നവാസിനുമെതിരേ കേസ് എറണാകുളം സൗത്ത് പോലീസ് എടുത്തിരുന്നു. അടുത്ത ദിവസം ഒരു ചാനലിന്റെ പരിപാടിയിൽ പങ്കെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും ഇതിനിടെ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
നിർമാതാവിന്റെ മകൻ റോഷൻ ആൻഡ്രൂസിന്റെ അസോസിയേറ്റായിരുന്നു. സ്വഭാവ ദൂഷ്യത്തെത്തുടർന്ന് ഇയാളെ പുറത്താക്കിയിരുന്നെന്നും ഇതിന്റെ വൈരാഗ്യത്തിൽ സിനിമാ പ്രവർത്തകർക്കിടയിൽ ഇയാൾ തനിക്കെതിരേ അപവാദങ്ങൾ പ്രചരിപ്പിച്ചെന്നും റോഷൻ ആൻഡ്രൂസിന്റെ ഹർജിയിൽ പറയുന്നു.
ഇക്കാര്യം പറഞ്ഞു തീർക്കാൻ ആൽവിൻ ആന്റണി തന്നെയാണ് തങ്ങളെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. സമാധാനപരമായ ചർച്ചയ്ക്കിടെ ആൽവിനും മകനും മറ്റു ചിലരും ചേർന്ന് തങ്ങളെയാണ് ആക്രമിച്ചത്. പക വീട്ടാൻ മുൻകൂർ തയാറാക്കിയ പദ്ധതിയുടെ ഭാഗമായി കള്ളക്കേസ് നൽകിയതാണെന്നും ഹർജിയിൽ ആരോപിക്കുന്നു.