ശ്രീലങ്കയിലെ പെട്രോള് പമ്പിനു മുമ്പില് വരി നിന്നവര്ക്ക് ചായയും ബണ്ണും വിതരണം ചെയ്യുന്ന മുന് ലങ്കന് ക്രിക്കറ്റര് റോഷന് മഹാനാമയുടെ ചിത്രം ചര്ച്ചയാവുകയാണ്.
വാര്ഡ് പ്ലേസ്, വിജെറമ മേഖലയിലാണ് താരം ശനിയാഴ്ച ഭക്ഷണവുമായി എത്തിയത്. ഇതുമായി ബന്ധപ്പെട്ട കുറിപ്പും ചിത്രവും അദ്ദേഹം ട്വിറ്ററില് പങ്കുവച്ചു.
മീല്സ് ഫോര് ആള് എന്ന പദ്ധതിക്കു കീഴിലായിരുന്നു മഹാനാമയുടെ ഭക്ഷണ വിതരണം. അയാതി എന്ന സംഘടനയാണ് ഇതിന് ചുക്കാന് പിടിക്കുന്നത്.
ലങ്കയിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പും ഭക്ഷണ വിതരണത്തില് സജീവമാണ് റോഷന് മഹാനാമ.
പ്രതിസന്ധിക്കാലത്ത് രാജ്യത്തെ നിരവധി സ്ഥലങ്ങളില് ഇദ്ദേഹം സഹായ ഹസ്തവുമായി എത്തിയിരുന്നു.
1996ല് ലങ്ക ലോകകപ്പ് ജയിച്ച വേളയില് ടീമിലെ പ്രധാനപ്പെട്ട അംഗമായിരുന്നു മഹാനാമ.
കളി നിര്ത്തിയ ശേഷം ഐസിസി മാച്ച് റഫറിയായി. ടെസ്റ്റ് ചരിത്രത്തിലെ ആദ്യത്തെ രാപകല് മത്സരത്തിന്റെ റഫറിയായിരുന്നു.
ലങ്കയിലെ പ്രതിസന്ധിയില് നേരത്തെ നിരവധി താരങ്ങള് പ്രതികരിച്ചിരുന്നു. പ്രതിസന്ധി തടയാന് ഭരണകൂടം ഒരു നടപടിയും സ്വീകരിച്ചില്ല എന്നാണ് മഹാനാമ കുറ്റപ്പെടുത്തിയിരുന്നത്.
‘നിങ്ങളുടെ നടപടികള് എത്രമാത്രം ദയനീയമാണ് എന്ന് ലോകം കാണുന്നു’ എന്നാണ് മഹേള ജയവര്ധനെ പ്രതികരിച്ചത്. ഈ നേതൃത്വത്തില് നിരാശനാണ് എന്നാണ് സ്റ്റാര് സ്പിന്നര് വാനിന്ദു ഹസരങ്ക പറഞ്ഞത്.