ടി.ജി.ബൈജുനാഥ്
“ഷൂട്ടിംഗ് തുടങ്ങിയ ദിവസം തന്നെ ഞാൻ മഹേഷേട്ടനൊപ്പം ഏറെ കംഫർട്ടബിളായി. കാരണം, അദ്ദേഹം വളച്ചുകെട്ടലുകളില്ലാതെ യാണു കാര്യങ്ങൾ പറഞ്ഞത്.
നമ്മൾ ചെയ്തതിൽ വർക്കാവാത്തത് എന്ത്, എന്തുകൊണ്ട് എന്നതു 100 ശതമാനം വ്യക്തമായി പറഞ്ഞുതന്നു. അതിനപ്പുറം നമ്മളായി കാടുകയറി ചിന്തിക്കേണ്ടി വന്നില്ല. മഹേഷേട്ടന്റെ ഡയറക്്ഷനിൽ കുറച്ചുദിവസം കൂടി വർക്ക് ചെയ്യണമെന്ന് ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ തോന്നി…”
മഹേഷ് നാരായണൻ രചനയും എഡിറ്റിംഗും സംവിധാനവും നിർവഹിച്ച സി യു സൂണിൽ കേന്ദ്രകഥാപാത്രം ജിമ്മിയായി വേഷമിട്ട യുവനടൻ റോഷൻ മാത്യു സംസാരിക്കുന്നു.
സി യു സൂണിലേക്ക് എത്തിയത്…?
ലോക്ഡൗണിനിടെ ഒരു ദിവസം ഫഹദ് വിളിച്ചു. സി യു സൂൺ എന്ന പരീക്ഷണ സിനിമയെക്കുറിച്ചു പറഞ്ഞു. ദർശനയുണ്ടാകുമെന്നും മഹേഷ് നാരായണനാണു സംവിധാനം ചെയ്യു ന്നതെന്നും പറഞ്ഞു. ഞാൻ ഓകെ പറഞ്ഞു. ആ കോൾ വന്നപ്പോൾത്തന്നെ തീരുമാനമൊക്കെ റെഡിയായിരുന്നു. എന്തിനാണു വിളിക്കുന്നതെങ്കിലും ഞാനുണ്ട് എന്നുറപ്പിച്ചിരുന്നു.
‘സി യു സൂണ്’ എത്രത്തോളം വെല്ലുവിളികളുള്ള സിനിമയായിരുന്നു..?
ഞാൻ ചെയ്ത നാടകങ്ങളോ സിനിമകളോ പോലെയല്ല ഇതു ഫീൽ ചെയ്തത്. പുതിയ ഒരു കാര്യം ചെയ്യുന്നതു പോലെ തോന്നി. ഫോ ണ്, വീഡിയോ കോൾ എന്നിവയിലൊക്കെ അത്രത്തോളം കംഫർട്ടബിളല്ല ഞാൻ. പലപ്പോഴും ഫോണിൽ ഓഡിഷനുകൾ ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്.
അപ്പോൾത്തന്നെ എനിക്ക് അണ്കംഫർട്ടബിൾ ഫീലിംഗാണ് ഉണ്ടായിട്ടുള്ളത്. ഇതിലേക്കു വന്നപ്പോൾ അതു ചെറുതായി പേടിപ്പിച്ചിരുന്നു.
ഈ പ്രോജക്ടിന്റെ ഏറ്റവും എഗ്സൈറ്റിംഗ് ആയ കാര്യവും അതിനുണ്ടായിരുന്ന ഈ ബുദ്ധിമുട്ടുകളായിരുന്നു. ഏതു പ്രശ്നത്തിനും എല്ലാവരും ഒരുമിച്ചാണു പരിഹാരം ആലോചിച്ചിരുന്നത്. എല്ലാവരുടെയും ആശയങ്ങൾക്ക് അവിടെ സ്ഥാനമുണ്ടായിരുന്നു.
‘കൂടെ’യിൽ നസ്റിയ പെയർ. ‘സി യു സൂണി’ൽ ഫഹദിനൊപ്പം പ്രൊഡ്യൂസർ…എന്തു വ്യത്യാസമാണു തോന്നിയത്..?
നസ്റിയയാണ് പ്രൊഡക്്ഷൻ ഡിസൈൻ ചെയ്തതും ഫഹദിനൊപ്പം സി യു സൂൺ പ്രൊ ഡ്യൂസ് ചെയ്തതും.
അവരുടെ വീട്ടിൽക്കയറി ഷൂട്ട് ചെയ്ത് ഇറങ്ങിയ ഒരു ഫീലിംഗായിരുന്നു. കാരണം, നസ്റിയയുടെ ഫ്ളാറ്റിലും അടുത്ത മൂന്ന് അപ്പാർട്മെന്റുകളിലുമാണ് സി യു സൂണ് ചിത്രീകരിച്ചത്. ‘കൂടെ’ മുതലേ ഞാനും നസ്റിയയും സുഹൃത്തുക്കളാണ്. നസ്റിയയ്ക്കൊപ്പം ഏറെ കംഫർട്ടബിളുമാണ്.
‘കൂടെ’ സിനിമ കഴിഞ്ഞു രണ്ടുകൊല്ലത്തിനിടെ സിനിമാകാര്യങ്ങളൊന്നുമല്ലാതെ തന്നെ സൗഹൃദ സമാഗമങ്ങൾ ഉണ്ടായിട്ടുണ്ട്. ആ ഫീലിംഗ് തന്നെയാണ് ഈ സിനിമയിലും തുടരുന്നത്. നസ്റിയ പ്രൊഡ്യൂസർ ആയതുകൊണ്ട് അത്തരം ബന്ധങ്ങളിലൊന്നും പ്രത്യേകിച്ചു മാറ്റമൊന്നും വന്നിട്ടില്ല.
ഫഹദിനൊപ്പമുള്ള അനുഭവങ്ങൾ..?
ആദ്യത്തെ സ്ക്രിപ്റ്റ് വായന മുതൽ ഷൂട്ടിംഗ് തീരും വരെ ഫഹദ് കൂടെയുണ്ടായിരുന്നു. ഞാനും ദർശനയുമായുള്ള സീൻ ആണെങ്കിൽ പോലും ഫഹദ് അവിടെയുണ്ടായിരുന്നു. എന്നെ ഏറെ ഇൻസ്പയർ ചെയ്ത ഒരാക്ടറാണു ഫഹദ്.
ഓരോ പടവും കണ്ടുകഴിഞ്ഞ് അതിൽ എനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളെക്കുറിച്ച് വളരെ ചുരുങ്ങിയ വാക്കുകളിൽ ഞാൻ ഫഹദിനു മേസജ് ചെയ്യുമായിരുന്നു. എപ്പോഴും അതിനു മറുപടി കിട്ടിയിരുന്നു. ‘കൂടെ’യുടെ സമയത്ത് ഫഹദിനെ കാണണമെന്നും സംസാരിക്കണമെന്നും നസ്റിയയോടു നിരന്തരം പറഞ്ഞാണ് ഫഹദിനു മെസേജ് അയയ്ക്കുന്ന പരിപാടി തുടങ്ങിയത്.
‘സി യു സൂണി’ൽ ദർശനയുമായുള്ള കോംബിനേഷൻ
ശ്രദ്ധിക്കപ്പെട്ടുവല്ലോ..?
2010 മുതൽ 2014 വരെ ചെ ന്നൈയിൽ നാടകം ചെയ്തു കൊണ്ടിരുന്നപ്പോഴാണ് ഞങ്ങൾ സുഹൃത്തുക്ക ളായത്. അവിടെ നാടകത്തിൽ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും ഞാൻ ദർശനയുടെയും ദർശന എന്റെയും നാടകങ്ങൾ കണ്ടിരുന്നു.
ദർശന ഏറെ ടാലന്റുകളുള്ള ഒരാക്ടറാണെന്ന് അന്നേ അറിയാമായിരുന്നു. അത്രമേൽ റിയലിസ്റ്റിക്കായി സ്റ്റേജിൽ പെർഫോം ചെയ്യുന്ന ദർശനയ്ക്കു സിനിമയിൽ ഏറെ നന്നായി ചെയ്യാനാകുമെന്നും തോന്നിയിരുന്നു.
വർഷങ്ങളായി ദർശന അടുത്ത സുഹൃത്തായി തുടരുന്നു. ഇതുവരെയുള്ള ജീവിതവഴികളെക്കുറിച്ച് പരസ്പരം അറിയാവുന്നവരാണു ഞങ്ങൾ. ഒടുവിൽ കറങ്ങിത്തിരിഞ്ഞ് കൊച്ചിയിൽ എത്തിയപ്പോഴാണ് ഞങ്ങൾ ‘എ വെരി നോർമൽ ഫാമിലി’ എന്ന നാടകം ചെയ്തത്.
പരസ്പരം സംസാരിച്ച ശേഷമാ ണ് ഞാനും ദർശനയും സിനിമകൾ ചെയ്യാറുള്ളത്. സിനിമാക്കാർ എന്ന രീതിയിലല്ല ഞങ്ങൾ തമ്മിലുള്ള സൗഹൃദം. സിനിമയ്ക്കും നാടകത്തിനുമൊക്കെ മുന്നേ ഞങ്ങൾ നല്ല
സുഹൃത്തുക്കളാണ്.
‘കപ്പേള’യിലെ അനുഭവങ്ങൾ ….
‘വർത്തമാനം’ എന്ന പടത്തിന്റെ സെറ്റിൽ വച്ചാ ണ് കപ്പേളയുടെ കഥ കേട്ടത്. മുസ്തഫ അവി ടെ വന്നിരുന്നു. കഥ എഗ്സൈറ്റിംഗായി തോ ന്നി. അന്നയും ശ്രീനാഥ് ഭാസിയുമാണ് മറ്റു പ്രധാന വേഷങ്ങളിലെന്നു കേട്ടപ്പോൾ എനി ക്കതു പോസിറ്റീവായി തോന്നി. അന്നയും ഭാസിയുമായ ുള്ള ഷൂട്ട് ഞാൻ ഏറെ എൻജോയ് ചെയ്തു. യംഗ് എൻജറ്റിക് ടീം ആയിരുന്നു.
സിനിമാറ്റോഗ്രാഫർ ജിംഷി ഖാലിദ്, ഡയറക്ടർ മുസ്തഫ… എല്ലാവരിലുമുണ്ടായിരുന്നു ആ എനർജി. പടം തിയറ്ററിൽ കണ്ടപ്പോഴാണ് അതിൽ മുസ്തഫയും ജിംഷി ഖാലിദും എ ഡിറ്റർ നൗഫലിക്കയും മ്യൂസിക് ചെയ്ത സു ഷിനും ആഡ് ചെയ്ത കുറേ കാര്യങ്ങൾ ഞാൻ കണ്ടത്. അതാണു പിന്നീടു പടത്തിന്റ ഹൈ ലൈറ്റായി തോന്നിയത്.
ക്രൂ വളരെ മനോഹ രമായി വർക്ക് ചെയ്തതിനാൽ ഒരുപാടു ഗുണം കിട്ടിയ ഒരു പടമാണു കപ്പേള. അങ്ങനെയൊരു ടീമിന്റെ കൂടെ വർക്ക് ചെയ്യാനാണല്ലോ നമ്മളെല്ലാവരും ആഗ്രഹി ക്കുന്നത്.
മൂത്തോനിൽ പ്രേക്ഷക പ്രതീക്ഷകളോടു നീതി പുലർത്തുന്ന രീതിയിൽ അമീറിനെ അവതരിപ്പിക്കാനായോ?
നമ്മൾ ഒരു വർക്ക് ചെയ്യുന്നതിനിടെ, അതു റിലീസായി പ്രേക്ഷകരിലേക്ക് എത്തുന്പോൾ അവർ പ്രതീക്ഷിക്കുന്നത് അതിലുണ്ടാകുമോ എന്ന് ആലോചിക്കുന്നതു വലിയ തെറ്റാണ്.
അനാവശ്യമായ ടെൻഷനുമാണത്. നമ്മൾ ചെയ്യുന്ന ഒരു കാര്യം കൊണ്ട് എപ്പോഴും എല്ലാവരെയും തൃപ്തിപ്പെടുത്താനാവുമെന്നും തോന്നുന്നില്ല.
ഗീതുവിനു പറയാനുണ്ടായിരുന്നത് ഒരു പ്രണയത്തിന്റെ കഥയാണ്. അത് ആണും ആണും തമ്മിലുള്ള പ്രണയമാണോ ആണും പെണ്ണും തമ്മിലുള്ള പ്രണയമാണോ എന്നതു രണ്ടാമത്തെ കാര്യം. നമ്മൾ പുറത്തു നിന്നു നോക്കുന്പോഴാണ് അത് ആണും ആണും തമ്മിലുള്ള പ്രണയമാകുന്നത്. അവരെ സംബന്ധിച്ചിടത്തോളം അതു പ്രണയം മാത്രമാണ്.
പി.ടി. കുഞ്ഞുമുഹമ്മദ്, അഞ്ജലി മേനോൻ, ഗീതു മോഹൻദാസ്, മഹേഷ് നാരായണൻ, അനുരാഗ് കശ്യപ്, ആഷിക് അബു തുടങ്ങിയ സംവിധായകർക്കൊപ്പവും മമ്മൂട്ടി, വിനായകൻ, പാർവതി, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, നിവിൻ പോളി തുടങ്ങിയ അഭിനേതാക്കൾക്കൊ പ്പവും സിനിമകൾ. ഇതു സംഭവിക്കുകയായിരുന്നോ? അതോ പ്ലാനിംഗാണോ….?
ആദ്യത്തെ ഒന്നു രണ്ടു സിനിമകൾ ചെയ്യുന്പോൾ ഇതു കരിയറായി ആലോചിച്ചിരുന്നില്ല. ‘ആനന്ദം’ കഴിഞ്ഞപ്പോഴാണ് സിനിമയിൽ ഒരു ഭാവിയുണ്ടോ എന്നൊക്കെ ചിന്തിച്ചു തുടങ്ങി യത്. അപ്പോൾ മുതൽ ഇതുവരെയും കിട്ടുന്ന വർക്കുകളൊക്കെയും കഴിയുന്നത്ര ഭംഗിയായി ചെയ്യാനാണു നോക്കുന്നത്.
എനിക്ക് ഇഷ്ടമുള്ള ഡയറക്ടേഴ്സും ആർട്ടിസ്റ്റുകളും ടെക്നീഷൻസും ഏറെയുണ്ട് മലയാളത്തിൽ. എന്റെ മനസിൽ അങ്ങനെയൊരു ലിസ്റ്റുണ്ട്.
ഇവരുടെ കൂടെയൊക്കെ എന്നെങ്കിലും വർക്ക് ചെയ്യണമെന്ന് എപ്പോഴും ആഗ്രഹിക്കാറുണ്ട്. അതിൽ നിന്നു കുറച്ചൊക്കെയാണു നടന്നിട്ടുള്ളത്. ആ ലിസ്റ്റിൽ പുതിയ ആളുകൾ വന്നുകൊണ്ടിരിക്കുകയുമാണ്. അതു മാത്രമാണ് പ്ലാനിംഗ് എന്ന രീതിയിൽ ഞാൻ ചെയ്തി
ട്ടുള്ളത്.
അനുരാഗ് കശ്യപിന്റെ ‘ചോക്ക്ഡി’ൽ നായകൻ. ബോളിവുഡ് അനുഭവങ്ങൾ മലയാളത്തിൽ നിന്ന് എത്രത്തോളം വ്യത്യസ്തമാണ്…?
മ ൂത്തോനും തൊട്ടപ്പനും കഴിഞ്ഞാണ് ചോക്ക്ഡ് ചെയ്യാൻ പോയത്.
അവയിൽ നിന്ന് ഏറെ വ്യത്യാസമുള്ള ഫീലിംഗ് ആയിരുന്നില്ല അവിടെ. പതിവു ബോളിവുഡ് പടങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് അനുരാഗ് സാറിന്റെ സെറ്റും വർക്കിംഗ് രീതിയും.
ഏറെ തയാറെടുപ്പുകൾ ചെയ്യുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. അതേ എന്നു ഞാൻ. എങ്കിൽ ഇനി അതെ ല്ലാം ഒഴിവാക്കൂ. സ്ക്രിപ്റ്റ് വായിക്കേണ്ട. വെറുതേ എങ്ങോട്ടെങ്കിലുമൊക്കെ നടന്നിറങ്ങുന്നതു പോലെ രാവിലെ ഇറങ്ങുക. സീനാകുന്പോൾ കോസ്റ്റ്യൂം തരും.
അവർ അങ്ങോട്ടു വിളിക്കും. അവിടെ വന്നാൽ മാത്രം മതി. വേറെ ഒന്നും ചെയ്യേണ്ട – അനുരാഗ് സാർ പറഞ്ഞു. അങ്ങനെയൊക്കെ ചെയ്യാൻ എനിക്കു ധൈര്യമുണ്ടായിരുന്നില്ല. എനിക്കതു തന്നത് അദ്ദേ ഹമാണ്.
വിക്രമിന്റെ ‘കോബ്ര’യിലെ അനുഭവങ്ങൾ….?
എഡിറ്റർ വിവേക് ഹർഷൻ വഴിയാണ് വിക്രം സാറിന്റെ പുതിയ പടം കോബ്രയിലേക്ക് എന്നെ വിളിച്ചത്. ഞാൻ ഇതുവരെ ചെയ്ത എല്ലാ സിനിമകളെയുംകാൾ വലിയ സ്കെയിലിലുള്ള പടമാണ്. ചെന്നൈയിലായിരുന്നു ഷൂട്ടിംഗ്.
അതിലെ കഥാപാത്രം എനിക്ക് ഇന്ററസ്റ്റിംഗ് ആയി തോന്നി. പടത്തിന്റെ 70 ശതമാനത്തോളം ഷൂട്ടിംഗ് കഴിഞ്ഞു. അപ്പോഴേക്കും ലോക്ഡൗണ് വന്നു.
എന്റെ ഭാഗങ്ങൾ കൂടുതലും ചിത്രീകരിക്കാനിരിക്കുന്നതേയുള്ളൂ. രണ്ടു ദിവസം മാത്രമാണ് ഞാൻ അതിൽ വർക്ക് ചെയ്തത്. അതിനകം അദ്ദേഹവുമായി ഒന്നു രണ്ട് ഷോട്ടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഫ്രീയാകുന്പോൾ എപ്പോഴെങ്കിലും ഞാൻ അങ്ങോട്ടുവന്നു കണ്ടോട്ടെ എന്ന് അദ്ദേഹത്തിന്റെ അസിസ്റ്റന്റിനോടു ചോദിച്ചപ്പോൾത്തന്നെ അദ്ദേഹം കാണാൻ ഇങ്ങോട്ടു വന്നു. ആ ഒരു ലെവലിൽ ഹംബിൾ
ആയ മനുഷ്യനാണ് വിക്രം സാർ.
ഇനി വരാനുള്ള സിനിമകൾ..?
പെണ്ണും ചെറുക്കനും, വർത്തമാനം. ആഷിക് അബു സംവിധാനം ചെയ്ത ‘പെണ്ണും ചെറു ക്കനും’ സിനിമയുടെ ഷൂട്ടിംഗ് 2019 നവംബറിലായിരുന്നു. ആന്തോളജി ഫിലിമാണ്.
ആറു ദിവസം കൊണ്ടു ചിത്രീകരണം കഴിഞ്ഞു. ദർശനയാണു പെയറായി വരുന്നത്. വാഗമണ്ണിലായിരുന്നു ഷൂട്ടിംഗ്. ഛായാഗ്രഹണം ഷൈജു ഖാലിദ്. ഉണ്ണി ആറിന്റെ പെണ്ണും ചെറുക്കനും എന്ന കഥയെ ആസ്പദമാക്കി ചെയ്ത സിനിമയാണ്.
നമ്മൾ വളരെ സ്വാഭാവികമായി ചെയ്തു തുടങ്ങുന്നതിൽ ചെറിയ ചെറിയ കാര്യങ്ങൾ കൂട്ടിച്ചേർത്ത് നല്ല രസമുള്ള ഒരു സീനാക്കി മാറ്റുന്ന രീതിയാണ് ആഷിക്കയുടേത്.
തുടങ്ങിയ ഉടനെ തീർന്നു പോയതു പോലെയാണു സെറ്റിൽ നിന്നു മടങ്ങിയപ്പോൾ എനിക്കു തോന്നിയത്. സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത ‘വർത്തമാന’ത്തിൽ പാർവതിയാണ ു നായിക.