ഒരു അഡാറ് ലവ് എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് മുന്പേ അതിലെ അഭിനേതാക്കൾ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കഴിഞ്ഞു. മാണിക്യ മലരായ പൂവേ എന്ന ഗാനത്തിനൊപ്പം വൈറലായ പ്രിയ പ്രകാശ് വാര്യർ ഇപ്പോൾ ബോളിവുഡ് സിനിമയുടെ തിരക്കിലാണ്.
പ്രിയയ്ക്കൊപ്പം തന്നെ പ്രശംസയും അംഗീകാരവും നായകൻ റോഷനും അർഹിക്കുന്നു. ലോകം മുഴുവൻ അറിയപ്പെടുന്ന ഒരാളാകുക എന്നത് എന്റെ സ്വപ്നമായിരുന്നു. എന്നാൽ ഒറ്റ രാത്രികൊണ്ട് അത് സാധിക്കും എന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്ന് റോഷൻ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
എന്റെ കഴിവുകൊണ്ട് മാത്രമല്ല, തീർച്ചയായും ഇത്ര പെട്ടെന്ന് പ്രശസ്തനാകാൻ കഴിഞ്ഞത്, ഭാഗ്യം കൊണ്ടുകൂടെയാണ്. കഴിവുണ്ടായിട്ടും ഭാഗ്യം തുണയ്ക്കാത്തതു കൊണ്ട് എവിടെയും എത്താത്ത ഒരുപാട് പേരെ എനിക്ക് വ്യക്തിപരമായി അറിയാം. സിനിമയിൽ ഒന്ന് കയറിപ്പറ്റാൻ അവരിപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് എനിക്ക് കിട്ടിയ ഈ അവസരത്തിന്റെ വില നന്നായി അറിയാം.
ഒരു സെലിബ്രിറ്റിയാണെന്ന നിലയിൽ ഞാൻ ആരോടും പെരുമാറാറില്ല. ഒരു അഡാറ് ലവ് സംഭവിക്കുന്നതിന് മുന്പ് ഞാനെങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് ഇപ്പോഴും- റോഷൻ പറഞ്ഞു.