പൊൻകുന്നം: പൊൻകുന്നം 1044-ാം നന്പർ എസ്എൻഡിപി യോഗത്തിന്റെ ഗുരുദേവക്ഷേത്രത്തിൽ ശിവരാത്രി ഉത്സവവേദിയിൽ വേറിട്ടൊരു നൃത്ത അരങ്ങേറ്റം. ന്യായാധിപയുടെ അരങ്ങേറ്റമാണ് നിറഞ്ഞ സദസിന് മുന്പിൽ നടന്നത്. കാഞ്ഞിരപ്പള്ളി ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് റോഷൻ തോമസായിരുന്നു അരങ്ങേറ്റം കുറിച്ചത്.
നൃത്തം ഇഷ്ടമായിരുന്നെങ്കിലും സ്കൂൾ കോളജ് പഠനകാലത്തൊന്നും അഭ്യസിക്കാനാകാത്ത റോഷന് ജന്മസാഫല്യം കൂടിയായി കലോപാസനയിലെ അരങ്ങേറ്റം. ഭരതനാട്യത്തിലും സെമി ക്ലാസിക്കൽ നൃത്തത്തിലുമാണ് ഈ ന്യായാധിപ കൃത്യതയാർന്ന ചുവടുകളോടെ അരങ്ങേറ്റം കുറിച്ചത്.
ആന്റോ ആന്റണി എംപി, ഡോ.എൻ. ജയരാജ് എംഎൽഎ, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീധർ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്മിണിയമ്മ പുഴയനാൽഎന്നിവർ സന്നിധരായിരുന്നു. എസ്എൻഡിപി യോഗത്തിന്റെ ഉപഹാരം ഡോ. എൻ. ജയരാജ് എംഎൽഎ റോഷൻ തോമസിന് സമ്മാനിച്ചു.
കഴിഞ്ഞ പത്തുവർഷമായി മുൻസിഫും ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ടുമായി പ്രവർത്തിക്കുന്ന റോഷൻ തോമസ് ഇപ്പോൾ കാഞ്ഞിരപ്പള്ളി കോടതിയിൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് പദവിക്കൊപ്പം താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർപേഴ്സണുമായി പ്രവർത്തിക്കുന്നു. ഒൗദ്യോഗിക ജീവിതത്തിലെ തിരക്കിനിടയിൽ നൃത്താഭ്യസനത്തിന് നേരം കണ്ടെത്തിയ റോഷൻ തോമസിന് പൊൻകുന്നം ഗുരുദേവ നൃത്തവിദ്യാലയത്തിലെ രുക്മിണി ലാലാണ് ഗുരുനാഥയായത്.
ഭർത്താവ് കുറവിലങ്ങാട് നിധീരിക്കൽ ജോണി ജോസിന്റെ പിന്തുണയും നൃത്തപഠനത്തിന് തുണയായി. കാഞ്ഞിരപ്പള്ളി ആനക്കല്ല് ഗാർഡൻ പബ്ലിക് സ്കൂൾ വിദ്യാർഥികളായ ജോസഫ് ജോണ് നിധീരി, തോമസ് ജോണ് നിധീരി എന്നിവരാണ് മക്കൾ.