നെടുങ്കണ്ടം: ഒഡീഷയിൽനിന്നെത്തി കേരളത്തെ സ്വന്തം നാടായി നെഞ്ചോടു ചേർത്ത ഒരു കുടുംബം മഞ്ഞപ്പാറയിലുണ്ട്.
ഒഡീഷയിലെ കൊടും പട്ടിണിയിൽനിന്നു രക്ഷതേടി എട്ടു വർഷം മുന്പ് ഇവിടെയെത്തിയതാണ് റൊഷന്തും ഭാര്യ ബിനാത്തിയും അഞ്ചു മക്കളും.
ഒഡീഷയിലെ ഗഞ്ചാമിൽ ദുരിത ജീവിതമായിരുന്നു ഇവർ നയിച്ചിരുന്നത്. ഇതിൽനിന്നു മോചനം തേടിയുള്ള യാത്ര വന്നെത്തിയത് നെടുങ്കണ്ടത്തിനു സമീപമുള്ള മഞ്ഞപ്പാറ എന്ന കാർഷിക ഗ്രാമത്തിലാണ്.
പുതിയ വീട്ടുപേരും
2014 ഡിസംബർ മൂന്നിനാണ് ഇവർ നെടുങ്കണ്ടത്ത് എത്തിയത്. സ്വകാര്യ വ്യക്തിയുടെ പൂന്തോട്ട പരിപാലനമായിരുന്നു ആദ്യ ജോലി.
പിന്നീടു മഞ്ഞപ്പാറയിലെ വിവിധ സ്ഥലങ്ങളിലായി തോട്ടം ജോലികൾക്കു പോയിത്തുടങ്ങി. ഇതിനിടെ, മക്കളെ മലയാളം പഠിപ്പിച്ച് ഇവിടുത്തെ സ്കൂളുകളിൽ ചേർത്തു.
മക്കളായ ബുബൻ, മാർത്ത, ബാസ്റ്റീന, ബർണബാസ്, ബർണാഡി എന്നിവർ നെടുങ്കണ്ടം, പാറത്തോട് സ്കൂളുകളിൽ പഠിക്കുന്നു.
വാടക വീട്ടിലാണ് അഞ്ചംഗ കുടുംബം ഇപ്പോൾ താമസിക്കുന്നത്. റേഷൻ കാർഡ് ഉൾപ്പടെയുള്ള രേഖകൾ ഒഡീഷയിൽനിന്നു ഇവിടേക്കു മാറ്റിയ ഈ കുടുംബം ഇനി തിരികെ പോകുന്നില്ലെന്ന് തീരുമാനിച്ച് മുല്ലശേരിൽ എന്ന വീട്ടുപേരും സ്വീകരിച്ചു.
കഷ്ടപ്പാടുകളിലൂടെ
മക്കളെ പഠിപ്പിച്ചു മുന്നോട്ടു പോകാൻ ക്ലേശിക്കുകയാണ് ഈ നിർധന കുടുംബം. നാട്ടുകാരും അധ്യാപകരും സഹായിച്ചാണു ജീവിതം മുന്നോട്ടു പോകുന്നത്. നെടുങ്കണ്ടം ജനമൈത്രി പോലീസും ഇവർക്കു സഹായം എത്തിക്കുന്നുണ്ട്.
റൊഷന്തിനു നിലവിൽ ജോലിയില്ല. മാതാപിതാക്കളുടെ കഷ്ടപ്പാട് കണ്ട് മക്കളും ഇടയ്ക്കു പറ്റുന്ന ജോലികൾക്കു പോകുന്നുണ്ട്.
മക്കൾക്ക് ഉയർന്ന വിദ്യാഭ്യാസം നൽകണമെന്നാണ് ഇവരുടെ ആഗ്രഹം. സ്വന്തമായി ഒരു വീട് എന്നതും ഇവരുടെ സ്വപ്നമാണ്.
ലൈഫ് മിഷൻ ഭവന പദ്ധതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. നിലവിൽ പട്ടികയിൽ നൂറാം സ്ഥാനത്താണ് ഈ കുടുംബം.
ഭൂമിയില്ലാത്തത് വീട് നിർമാണത്തിനു തടസമാണ്. കഷ്ടപ്പാടുകളൊക്കെയുണ്ടെങ്കിലും കേരള മണ്ണിൽത്തന്നെ ജീവിതം തുടരണമെന്നാണ് ഇവരുടെ ആഗ്രഹം.