തൊടുപുഴ: യുവത്വത്തിന്റെ പ്രസരിപ്പുമായി ഇടുക്കിയുടെ അമരക്കാരൻ റോഷി അഗസ്റ്റിൻ എംഎൽഎ സംസ്ഥാന മന്ത്രിസഭയിലേക്ക്.
ഇടുക്കി നിയോജകമണ്ഡലത്തിൽനിന്നു മന്ത്രിസഭയിലെത്തുന്ന ആദ്യജനപ്രതിനിധിയെന്ന വിശേഷണവും ഇനി ഇദ്ദേഹത്തിനു സ്വന്തം.
രണ്ടാം പിണറായി സർക്കാർ 20ന് അധികാരമേൽക്കുന്പോൾ മലയോരജില്ലയ്ക്കു ലഭിച്ച അംഗീകാരത്തിന്റെ ആഹ്ലാദം അലയടിക്കുകയാണിവിടെ.
രണ്ടുപതിറ്റാണ്ടായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന റോഷിക്ക് ഓരോ വോട്ടർമാരെയും പേരെടുത്തു വിളിക്കാവുന്ന ബന്ധമാണുള്ളത്.
വ്യക്തിബന്ധവും വോട്ടർമാരുമായുള്ള സൗഹൃദവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന ഇദ്ദേഹം മന്ത്രിയായെത്തുന്നതോടെ ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്കും കാർഷിക, തോട്ടം, തൊഴിൽ, വ്യാപാരമേഖലയിലെ പ്രതിസന്ധികൾക്കും ഇടുക്കി മെഡിക്കൽ കോളജ്, ജില്ലയിലെ ടൂറിസം മേഖലകളുടെ വികസനത്തിനും കർമപദ്ധതികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവിടത്തുകാർ.
കെഎസ്സി-എം സംസ്ഥാന പ്രസിഡന്റായിരിക്കെ അഴിമതിക്കും ലഹരിവിപത്തുകൾക്കുമെതിരെ മനുഷ്യമനഃസാക്ഷിയെ തൊട്ടുണർത്താൻ കാസർഗോഡു മുതൽ തിരുവനന്തപുരം വരെ 43 ദിവസം നീണ്ടുനിൽക്കുന്ന വിമോചനപദയാത്ര നയിച്ച റോഷിയുടെ സാമൂഹ്യപ്രതിബദ്ധതയും സമരവീര്യവും ഇടുക്കിജില്ലയുടെയും സംസ്ഥാനത്തിന്റെയും വികസനത്തിന് മുതൽക്കൂട്ടാകുമെന്ന ശുഭാപ്തിവിശ്വാസമാണ് ഏവർക്കുമുള്ളത്.
സാധാരണ കർഷകുടുംബത്തിൽ ജനിച്ച് വിദ്യാർഥിരാഷ്ട്രീയത്തിലൂടെ കടന്നുവന്ന് മന്ത്രി പദത്തിലെത്തുന്പോൾ കർഷകരും ഏറെ പ്രതീക്ഷയിലാണ്.
കേരള കോണ്ഗ്രസ്-എം പ്രതിനിധിയായി ഇടുക്കി മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ റോഷി അഗസ്റ്റിൻ തുടർച്ചയായി അഞ്ചാംതവണയും തിളക്കമാർന്ന വിജയം നേടിയാണ് മന്ത്രിസഭയിലേക്ക് എത്തുന്നത്.
2001-ൽ ഇടുക്കിയിൽ കന്നിയങ്കത്തിനിറങ്ങിയ ഇദ്ദേഹത്തിന് പിന്നീടൊരിക്കലും തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ശക്തമായ ത്രികോണ മൽസരം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ 13,719 വോട്ടുകൾക്ക് വിജയിച്ചു.
പിന്നീട് നടന്ന 2006, 2011, 2016, 2021 തെരഞ്ഞെടുപ്പുകളിലും വൻഭൂരിപക്ഷത്തോടെ മണ്ഡലം നിലനിർത്തുകയായിരുന്നു.
വിദ്യാർഥിരാഷ്ട്രീയത്തിലൂടെ നേതൃനിരയിലേക്ക് എത്തിയ റോഷി മന്ത്രിപദവയിലെത്തുന്പോൾ രാഷ്ട്രീയത്തിനതീതമായ പൊതുപ്രവർത്തനത്തിനുള്ള അംഗീകാരം കൂടിയാണിത്.
ബിരുദധാരിയായ ഇദ്ദേഹം പാലാ ചക്കാന്പുഴ ചെറുനിലത്തുചാലിൽ അഗസ്റ്റിൻ-ലീലാമ്മ ദന്പതികളുടെ മൂന്നു മക്കളിൽ മൂത്ത മകനാണ്.
റിജോഷ്, റീന എന്നിവരാണ് സഹോദരങ്ങൾ. ഭാര്യ റാണി തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ നഴ്സാണ്. മൂത്ത മകൾ ആൻമരിയ വാഴത്തോപ്പ് സെന്റ് ജോർജ് എച്ച്എസ്എസിൽ പ്ലസ് വണിലും രണ്ടാമത്തെ മകൾ എയ്ഞ്ചൽ മരിയ തിരുവനന്തപുരത്ത് എട്ടാംക്ലാസിലും ഇളയമകൻ അഗസ്റ്റിൻ രണ്ടാംക്ലാസിലും പഠിക്കുന്നു.
ജെയിസ് വാട്ടപ്പിള്ളിൽ