തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-എമ്മിനു പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ സ്പീക്കര്‍ സാവകാശം നല്‍കും. പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ സാവകാശംതേടി റോഷി അഗസ്റ്റിന് എംഎല്‍എ സ്പീക്കര്‍ക്ക് കത്തുനല്‍കിയിരുന്നു.
ജോസഫ് വിഭാഗവും ഇതേ ആവശ്യം ഉന്നയിച്ച് സ്പീക്കര്‍ക്ക് കത്ത് നല്കുകയുണ്ടായി. ഇതേതുടർന്നാണ് സ്പീക്കര്‍ സാവകാശം നല്‍കിയത്. എത്ര ദിവസമാണ് സാവകാശം നല്‍കുക എന്നത് പിന്നീട് അറിയിക്കും.
ജൂണ്‍ ഒൻപതിന് മുൻപ് പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുത്ത് അറിയിക്കണമെന്നായിരുന്നു സ്പീക്കര്‍ നേരത്തെ നിർദേശിച്ചിരുന്നത്. പാര്‍ട്ടി എംഎല്‍എമാരുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ചര്‍ച്ച നടത്തുമെന്നും സൂചനയുണ്ട്.