ഇടുക്കി: ചെറുതോണിയിലെ അഞ്ച് ഷട്ടറുകളിൽ കൂടി കൂടുതൽ വെള്ളം ഒഴുക്കേണ്ട സ്ഥിതിയാണെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ. ഇടുക്കിയിൽ വൈദ്യുതി ഉത്പാദനം പരമാവധിയിലായിട്ടും അഞ്ച് ഷട്ടറുകളും തുറന്നിട്ടും അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കൂടി തന്നെ നിൽക്കുകയാണ്. ഈ സ്ഥിതിയിലാണ് കൂടുതൽ വെള്ളം ഒഴുക്കേണ്ട സാഹചര്യമുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സാഹചര്യം ഇതാണെങ്കിലും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്നും എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ വെള്ളം ഒഴുക്കുന്നതിന് മുന്നോടിയായുള്ള മുന്നൊരുക്കങ്ങൾ ജില്ലാ ഭരണകൂടം സ്വീകരിക്കും.
നിലവിൽ ചെറുതോണി പുഴയുടെ നൂറുമീറ്റർ പരിധിയിലുള്ള ആളുകളെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ ആളുകളെ പ്രദേശങ്ങളിൽ നിന്നും ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റും. പൊതുജനങ്ങളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും എല്ലാവിധ മുന്നൊരുക്കങ്ങളോടും നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.