മുക്കം :തത്സമയ ചിത്രരചനക്കായി ദുബായിയിലെത്തി ഗിന്നസ് വേൾഡ് റിക്കാർഡുമായി മടങ്ങിയിരിക്കുകയാണ് മുക്കം കരശ്ശേരി സ്വദേശിനി എം.റോഷ്ന.
ദുബായ് ഗ്ലോബൽ വില്ലേജിന്റെ 25-ാം സീസണോടനുബന്ധിച്ച് ഗ്ലോബൽ വില്ലജ് അധികൃതർ ഒരുക്കിയ 25 അന്താരാഷ്ട്ര പുരസ്കാരങ്ങൾ എന്ന പ്രഖ്യാപിത ഇനങ്ങളിലൊന്ന് കരസ്ഥമാക്കിയാണ് 19കാരിയായ റോഷ്ന ശ്രദ്ധേയമായത്.
ഗ്ലോബൽ വില്ലേജിൽ വിവിധ രാജ്യങ്ങൾ ഒരുക്കിയ പവലിയനുകൾ കാർട്ടൂൺ സ്കെച്ചിലൂടെ അവതരിപ്പിച്ചായിരുന്നു നേട്ടം. ഒരു കൊച്ചുകുട്ടി നമ്മുടെ ലോകരാജ്യങ്ങളുടെ അത്ഭുതങ്ങൾ ആസ്വദിക്കുന്നതാണ് ഈ കാർട്ടൂൺ സ്ട്രിപ്പിന്റെ ഉള്ളടക്കം.
എല്ലാ രാജ്യക്കാരുടെയും ഒത്തൊരുമിച്ചു ഈ 404 മീറ്റർ കാർട്ടൂൺ അവസാനിക്കുന്നു . എം ഇ എസ് കോളജിൽ ബിരുദ വിദ്യാർഥിനിയാണ്.
റോഷ്ന .ഗ്ലോബൽ വില്ലേജിൽ ലോകത്തെ വിവിധ രാജ്യങ്ങൾ ഒരുക്കുന്ന പവലിയനുകളിൽ അതാതു രാജ്യങ്ങളുടെ സംസ്കാരം, കല, ഭക്ഷണം, വസ്ത്രം, ഉത്പനങ്ങൾ തുടങ്ങിയവയാണ് പ്രദർശിപ്പിക്കുന്നത്. ഈ വൈവിധ്യമാണ് റോഷ്ന തന്റെ സർഗ ഭാവനയിലൂടെ അടയാളപ്പെടുത്തിയത്.
നാനൂറ് മീറ്ററിലധികം നീളമുള്ള കാൻവാസിലായിരുന്നു കലാ പ്രകടനം. 498 ഷീറ്റുകളിലായി വരച്ച സൃഷ്ടി രണ്ട് റീലുകളിലാക്കിയായിരുന്നു ഗിന്നസ് അധികാരികൾക്ക് മുന്നിൽ അവതരിപ്പിച്ചത്. ലൈവ് കാരിക്കേച്ചറിൽ വിദഗ്ധയായ റോഷ്ന 2015-ൽ ലോകത്തെ ഏറ്റവും വലിയ “ഇലക്ഷൻ പോസ്റ്റർ’ ഗിന്നസ് റിക്കാർഡിനായി ശ്രമിച്ചിരുന്നു.
റോച്ചാർട്ട് എന്ന യുട്യുബ് ചാനൽ വഴി കാർട്ടൂൺ ക്ലാസുകളും ഒരുക്കാറുണ്ട് ഈ മിടുക്കി. കാർട്ടൂണിസ്റ്റുമായ എം.ദിലീഫിന്റെയും സിവിൽ എൻജിനീയർ സുബൈദയുടെയും മകളാണ്. രഹ്ന,റെന,റയ എന്നിവർ സഹോദരിമാരാണ്.