തിരുവനന്തപുരം: മേയറെ അധിക്ഷേപിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരായ നടി റോഷ്ന ആന്‍ റോയിയുടെ ആരോപണത്തിൽ ബസ് ഓടിച്ചത് യദു തന്നെയെന്ന് സ്ഥിരീകരണം. ഇതിനു പിന്നാലെ പ്രതികരണം അറിയിച്ചിരിക്കുകയാണ് റോഷ്ന ആന്‍ റോയ്. യദു തന്നെയാണ് ബസ് ഓടിച്ചത് എന്നതിനുള്ള തെളിവുകളുൾപ്പെട്ട സ്കീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് റോഷ്നയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലാണ് താരം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. തനിക്കുണ്ടായ ഒരു വിഷയം ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിന്റെ പേരിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും അവസാനം തെളിഞ്ഞു എന്നും ഇവർ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
ഈ ഒരു തെളിവു മാത്രം മതി ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ ഭാഗം എനിക്ക് തെളിയിക്കാതെ നിവർത്തിയില്ലല്ലോ. എനിക്കുണ്ടായ ഒരു വിഷയം ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിന്റെ പേരിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും അവസാനം തെളിഞ്ഞു.
ഇദ്ദേഹമാണ് വണ്ടി ഓടിച്ചതെന്നും ഇനിയും ന്യായീകരിക്കാൻ വരുന്നവരോട് എനിക്കൊന്നും പറയാനില്ല. രാഷ്ട്രീയപരമായി കാണാതെ ഇതു ഒരു സാധാരണ റോഡിൽ നടന്ന വിഷയമായി ആലോചിക്കു. ഒരു ആളെ ഒരു കാര്യവുമില്ലാതെ അസഭ്യം പറഞ്ഞു വണ്ടിയിൽ കയറി പോകുന്നതിനോട് നിങ്ങൾക്ക് നല്ല അഭിപ്രായം ആണെങ്കിൽ പിന്നെ പറഞ്ഞിട്ടു യാതൊരു കാര്യവുമില്ല.