ടി.ജി.ബൈജുനാഥ്
കഥാപാത്രസ്വഭാവത്തിന്റെ ഓരോ സെല്ലിലേക്കുമുള്ള നടന്റെ പ്രണയാതുര യാത്രകളാണ് റോഷൻ മാത്യുവിന് ഓരോ സിനിമയും.
കൂടെയിലെ കൃഷും തൊട്ടപ്പനിലെ ഇസ്മുവും മൂത്തോനിലെ അമീറും കപ്പേളയിലെ വിഷ്ണുവും സിയുസൂണിലെ ജിമ്മിയുമല്ല കുരുതിയിലെ ഇബ്രാഹിം.
കഥാപാത്രമല്ലാതെ മറ്റൊന്നും താൻ കാണുന്നില്ലെന്ന നടന്റെ മനസുറപ്പിന്റെ തുടർച്ചകളാണ് ഇവയോരോന്നും. റോഷനെ വിശ്വസിച്ച് ഏതു വേഷവുമേൽപ്പിക്കാമെന്നു വിളിച്ചുപറയുകയാണു ‘കുരുതി’.
ഒരു പ്രത്യേകതരം മൂഡിലുള്ള സിനിമകൾക്കു മാത്രം സെറ്റാകുന്ന നടൻ എന്ന ഇമേജിൽ നിന്നു റോഷൻ പുറത്തുകടന്നിരിക്കുന്നു.
വെറുതെയല്ല, പൃഥ്വിരാജ് റോഷനെ നായകനാക്കിയതെന്നു ബോധ്യപ്പെടുത്തുന്ന 122 മിനിറ്റുകൾ. കുരുതിയിൽ കാണാം റോഷനിലെ കരുത്തുറ്റ നടനെ, സിനിമയെ തന്നിലേക്കു ചേർത്തുനിർത്തുന്ന നായകനെ.
അങ്ങനെ സിനിമ ചെയ്യാനാവില്ല
കൊല്ലും എന്ന വാക്കിനും കാക്കും എന്ന പ്രതിജ്ഞയ്ക്കുമിടയിലെ കാഴ്ചകൾ പക്ഷം ചേരലില്ലാതെ അവതരിപ്പിക്കുകയാണു കുരുതി.
തൊട്ടാൽ പൊള്ളുന്ന പ്രമേയം. കഥ കേൾക്കുന്പോൾ അതിലെ വിവാദസാധ്യതയൊന്നും നോക്കാറില്ലെന്നു റോഷൻ. ‘ സിനിമ പുറത്തുവരുന്പോൾ ഓഡിയൻസിന് എന്തുതോന്നും എന്നൊക്കെ ആലോചിച്ചാൽ ഒരു പടവും ചെയ്യാനാവില്ല.
എന്നിൽ ആവേശമുണർത്തുന്ന കഥയും വേഷവുമാണോ, എനിക്കു കാണാൻ താത്പര്യമുള്ള ടൈപ്പ് സിനിമയാണോ, ഞാൻ വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന കാസ്റ്റും ക്രൂവുമാണോ.. അതൊക്കെയാണു നോക്കുന്നത്.
കലാരംഗത്തു നിൽക്കുന്പോൾ ചുറ്റുമുള്ള രാഷ്്ട്രീയസാഹചര്യങ്ങളോടു പ്രതികരിക്കേണ്ടി വരും. ഇന്നല്ലെങ്കിൽ നാളെ രാഷ്്ട്രീയചിത്രങ്ങൾ ചെയ്യേണ്ടിവരും. നമ്മൾ ചെയ്യുന്നതിലെ പൊളിറ്റിക്കൽ ശരിയും തെറ്റും നമ്മുടെ അറിവിന്റെ പരിധിയിൽത്തന്നെയാണ്.’
കുരുതിയിലെ ശരിതെറ്റുകളെക്കുറിച്ചുള്ള ഏതുതരം ചർച്ചയും ഈ പടത്തിന്റെ വിജയമാണെന്നും റോഷൻ പറയുന്നു.
പുതിയ ഓഡിയൻസിലേക്ക്
ഇതുവരെ ചെയ്തതിൽ ഏറ്റവും സങ്കീർണവും പെർഫോമൻസിനു വകയുണ്ടായതുമായ വേഷമാണ് ഇബ്രാഹിം എന്നു റോഷൻ.
‘ ഞാനും ഇബ്രുവും തമ്മിലുള്ള ദൂരം ഒരുപാടുണ്ട്. അതു താണ്ടാനാകുമോ, ചെയ്തു ഫലിപ്പിക്കാൻ പറ്റുമോ, വലിയ ആക്ടേഴ്സിന്റെ കൂടെ പിടിച്ചുനില്ക്കാനാകുമോ… ചെറിയ ടെൻഷനുണ്ടായിരുന്നു.
പക്ഷേ, സാധാരണ എന്റെ പടങ്ങളിലേക്ക് എത്താത്ത ഒരു കൂട്ടമാളുകളാണ് കുരുതി കണ്ട് എന്നെ വിളിച്ചതും മെസേജ് അയച്ചതും. വൻ സിനിമകളുടെ ഓഡിയൻസിലേക്ക് കോമേഴ്സ്യൽ ആക്്ഷൻ ത്രില്ലറായ കുരുതി എത്തിയതിൽ സന്തോഷം.’
പൃഥ്വിയും ഞാനും തമ്മിൽ
ജോഷ്വയും കൃഷുമായി ‘കൂടെ’യിലാണ് പൃഥ്വി – റോഷൻ തുടക്കം. മനു വാര്യരുടെ കുരുതിയിൽ അവർ
ലയ്ഖും ഇബ്രുവുമായി.
പൃഥ്വി അനുഭവങ്ങൾ റോഷന്റെ വാക്കുകളിൽ: – ‘കഥ കേട്ടശേഷം ഇബ്രു എന്ന റോൾ ഞാൻ ചെയ്താൽ ശരിയാകുമോ എന്ന് ആലോചിക്കാൻ ഒരു രാത്രി സമയം ചോദിച്ചു. ഞാനാ
യിരുന്നെങ്കിൽ ചെയ്തേനെ എന്നായിരുന്നു പൃഥ്വിയുടെ മറുപടി. എനിക്ക് എന്നിലുള്ളതിലും വിശ്വാസം പൃഥ്വിക്ക് എന്നിലുണ്ടായിരുന്നു. ‘കൂടെ’യിൽ പൃഥ്വിക്കൊപ്പമുള്ളത് ഒന്നുരണ്ടു സീനുകളിൽ മാത്രം. അതിൽപ്പോലും എനിക്കതു ഫീൽ ചെയ്തു. പിന്നീടു കപ്പേള കണ്ട് ഇഷ്ടമായി എന്ന് പൃഥ്വി മെസേജ് അയച്ചു.
ആത്മാർഥമായി സപ്പോർട്ട് ചെയ്യാൻ മനസുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. ’
അകത്തും പുറത്തും ഫൈറ്റ്
സ്ക്രിപ്റ്റ് വായിച്ചപ്പോൾ ഏറ്റവും ഹ്യൂമനായി തോന്നിയ കഥാപാത്രം ഇബ്രുവാണെന്നു റോഷൻ. ഏറ്റവും കുറച്ചു സംസാരിക്കുന്നതും ഏറ്റവും കൂടുതൽ സമയം കഥയിലുള്ളതും മാസ് ഡയലോഗുകൾ ഇല്ലാത്തതുമായ ഒരേയൊരാൾ.
സിനിമയിലുടനീളം ഇബ്രു സൈലന്റാണെന്ന നിരീക്ഷണത്തോടു റോഷന്റെ മറുപടി ഇങ്ങനെ – ‘ മരണശഷം ഇബ്രുവിനു മകളുടെയും ഭാര്യയുടെയും അടുത്തെത്തണം.
അതിനുവേണ്ടിശരി ചെയ്യണം. പക്ഷേ, ഏതാണു ശരി, ഏതാണു തെറ്റ്. ശരിയെന്നു കരുതി മുന്നോട്ടു പോകുന്പോൾ അതിൽത്തന്നെ ശരിയും തെറ്റുമുണ്ടെന്ന കണ്ഫ്യൂഷൻ! അതിനിടെയാണ് ഒരു രാത്രിയിൽ അവന്റെ വീട്ടിലേക്ക് ചിലരെത്തുന്നത്. പിന്നീടു പുറത്തു നടക്കുന്നതിന്റെ അത്രതന്നെ ഫൈറ്റ് ഇബ്രുവിന്റെ ഉള്ളിലും നടക്കുന്നുണ്ട്. അപ്പോൾ സൈലന്റ് ആവാതിരിക്കാൻ
ഇബ്രുവിന് എങ്ങനെയാണു സാധിക്കുക!’
അതുവരെ മറ്റൊരു സിനിമ!
മുപ്പത്തഞ്ചു മിനിറ്റിലെ തീപാറും പെർഫോമൻസിൽ ഇബ്രുവിന്റെ ജീവിതം മാറ്റിമറിക്കുകയാണ് മുരളിഗോപിയുടെ പോലീസ് കഥാപാത്രം സത്യൻ. മുരളിഗോപിക്കൊപ്പമുള്ള ആദ്യ സ്ക്രീൻ അനുഭവങ്ങൾ റോഷന്റെ വാക്കുകളിൽ – ‘ മുരളിച്ചേട്ടന്റെ കന്പനിയും മുരളിച്ചേട്ടൻ എന്ന കോ ആക്ടറുമായുള്ള കൊടുക്കൽ വാങ്ങലുകളും ഒരേപോലെ എൻജോയ് ചെയ്തു. അതുവരെയുള്ള സിനിമയുടെ മൂഡ് മുഴുവൻ ഒറ്റ എൻട്രി കൊണ്ടു മാറ്റുന്ന വേഷം.
എനിക്കെല്ലാം അറിയാം ഞാൻ ചെയ്യുന്നതെല്ലാം ശരി...അതായിരുന്നില്ല മുരളിച്ചേട്ടൻ. സീനിയർ ആയിട്ടുപോലും, നമ്മളെല്ലാവരും കൂടി ചെയ്തു ശരിയാക്കാൻ നോക്കുകയാണല്ലോ, ഞാനും ശരിയാക്കാൻ നോക്കാം…അതാണു മുരളിച്ചേട്ടൻ. ഓരോ ഷോട്ടും ഇനിയും മികച്ചതാക്കാൻ വഴിയുണ്ടോ എന്നതിലായിരുന്നു അദ്ദേഹത്തിന്റെ ഫോക്കസ്. ആ സെറ്റപ്പ് സിംപിളാണ്, കംഫർട്ടബിളാണ്.’
ഇക്കയെ തോളിലിട്ടു വരുന്പോൾ
അനീഷ് പള്ള്യാലിന്റെ മികച്ച പാത്രസൃഷ്ടിയാണ് ഇബ്രുവിന്റെ ഉപ്പ മൂസ ഖാദർ. മാമുക്കോയയുടെ കരിയറിലെ നട്ടെല്ലായ വേഷം. മാമുക്കോയ എന്ന സീനിയർ ആക്ടറുമായി യാതൊരു ഗ്യാപ്പുമില്ലാതെ വർക്ക് ചെയ്യാൻ പറ്റുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നു റോഷൻ പറയുന്നു.
‘ തലമുറ, പ്രായ വ്യത്യാസങ്ങൾക്കപ്പുറം ഇക്ക എല്ലാവരുമായും കന്പനിയായി. ഷൂട്ടിന്റെ ഒരു ഘട്ടത്തിലും ഇക്കയ്ക്കു ബുദ്ധിമുട്ടാകാതിരിക്കാൻ വേണ്ടി നമ്മൾ വിചാരിച്ച ഒരു കാര്യവും മാറ്റിച്ചെയ്യേണ്ടി വന്നില്ല.
ഞാൻ ഇക്കയെ തോളിലിട്ടുവരുന്ന ഒരു എക്സ്ട്രീം വൈഡ് ഷോട്ടുണ്ട് ഇതിൽ. ചുമക്കുന്ന ആളെക്കാൾ അണ്കംഫർട്ടബിലിറ്റി തോന്നും തോളത്തു കിടക്കുന്നയാൾക്ക്. പക്ഷേ, ഇക്ക കൂടെനിന്നു.’
ആ ഷിഫ്റ്റ് ഗംഭീരം!
ഇബ്രുവിനോടുള്ള പ്രണയം കെടാതെ കാക്കുന്നവളാണ് സുമതി. പറഞ്ഞതിലുമേറെ മനസിൽ സൂക്ഷിക്കുന്നവൾ. ഏറെ വിശ്വസനീയമായി ശ്രിന്ദ ആ വേഷം ചെയ്തുവെന്ന് റോഷൻ. ‘ കൂടെ ജീവിക്കാൻ മതം മാറണമെങ്കിൽ അതും ചെയ്യാം എന്നു പറയുന്നുണ്ട് സുമ.
വിഷ്ണുവിനെ സംരക്ഷിക്കേണ്ടിവരുന്പോൾ ഞങ്ങൾ – നിങ്ങൾ ചിന്ത സുമയുടെ ഉള്ളിൽ അവൾ പോലുമറിയാതെ വന്നുപോവുകയാണ്. പെട്ടെന്നുണ്ടാകുന്ന ആ ഷിഫ്റ്റ് ശ്രിന്ദ ഗംഭീരമായി ചെയ്തു ഫലിപ്പിച്ചു.
ഓനു ജീവിക്കാൻ അവകാശമില്ലെന്നു നീയെങ്ങനെയാണു പറയുന്നതെന്നും മറ്റും സുമ ചോദിക്കുന്പോൾ അതു നമുക്കു വിശ്വസനീയമാകുന്നു. അവിടെയാണ് ആ ആക്ടറിന്റെ പവർ നമുക്കു ഫീൽ ചെയ്യുന്നത്.’
ചതുരം
ചതുരമാണ് റോഷന്റെ അടുത്ത റിലീസ്. അതും വീട്ടിനുള്ളിൽ സംഭവിക്കുന്ന ത്രില്ലറാണ്. അലൻസിയർ, സ്വാസിക, ശാന്തി ബാലചന്ദ്രൻ, റോഷൻ…ഇവരുടെ കഥാപാത്രങ്ങളാണു ‘ചതുരം’ തീർക്കുന്നത്. റോഷൻ ഇനി ചെയ്യുന്ന പടം ഒരു തെക്കൻ തല്ലുകേസ്. ബിജുമേനോൻ, പദ്മപ്രിയ, നിമിഷ, റോഷൻ എന്നിവർ ലീഡ് വേഷങ്ങളിൽ. സിബിമലയിൽ ചിത്രം കൊത്തിന്റെ രണ്ടാം ഷെഡ്യൂളും ഐശ്വര്യലക്ഷ്മി നായികയായ നിർമൽ സഹദേവ് സിനിമ ‘കുമാരി’യും കഴിഞ്ഞാണ് ലിജിൻ ജോസ് ചിത്രം ‘ചേര’യിലേക്ക് റോഷൻ
എത്തുക. അതിൽ നിമിഷയാണു നായിക. റോഷന്റെ ആദ്യ തമിഴ് ചിത്രം വിക്രം നായകനായ ‘കോബ്ര’യുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്.