പൃഥിരാജിനെ നായകനാകുന്ന മൈസ്റ്റോറിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് പെരുംനുണകളെന്ന് ചിത്രത്തിന്റെ സംവിധായക റോഷ്‌നി ദിനകര്‍ രാഷ്ട്രദീപികയോടു പറഞ്ഞു. നായകന്‍ പൃഥിരാജും സംവിധായികയും തമ്മിലുള്ള പ്രശ്‌നത്തെത്തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങിയിരിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.
കോസ്റ്റിയൂം ഡിസൈനറായിരുന്ന റോഷ്നി മൈസ്റ്റോറിയിലൂടെ സംവിധായികയുടെ തലപ്പാവ് അണിയുകയായിരുന്നു. ഒന്നര വര്‍ഷം മുമ്പ് പോര്‍ച്ചുഗലില്‍ വച്ചു നടന്ന മുപ്പതു ദിവസത്തെ ഷൂട്ടിംഗിനിടയിലാണ് നടനും സംവിധായികയും തമ്മില്‍ തെറ്റിയത് എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. സഹ പ്രവര്‍ത്തകര്‍ ഇടപെട്ട് ഇരുവരെയും അനുനയിപ്പിക്കാന്‍ നോക്കിയെങ്കിലുംനടന്നില്ലയെന്നും മുപ്പതു ദിവസത്തെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ സംഘത്തിനു മടങ്ങേണ്ടി വന്നുവെന്നും വാര്‍ത്തകളുണ്ടായി.
ഇതിനിടയില്‍ ഫിലിം നിര്‍മ്മാതാക്കളുടെ സംഘടന സെക്രട്ടറി എം.രഞ്ജിതിന്റെ അജ്ഞലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി പൃഥ്വിരാജ് ഡേറ്റ് കൊടുത്തത് റോഷ്‌നിയെ ചൊടിപ്പിച്ചുവെന്നും റോഷ്‌നി ഇക്കാര്യങ്ങള്‍ കാട്ടി മുഖ്യമന്ത്രിക്ക് പരാതി കൊടുത്തുവെന്നും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ അപ്പാടെ തള്ളിക്കളയുകയാണ് സംവിധായിക.
താനും പൃഥിയും തമ്മില്‍ യാതൊരു തരത്തിലുള്ള വാഗ്വാദങ്ങളുമുണ്ടായിട്ടില്ലെന്നും. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് പെരും നുണകളാണെന്നുമാണ് രാഷ്ട്രദീപികയോട് റോഷ്‌നി വെളിപ്പെടുത്തിയത്. സിനിമ അടുത്ത ജനുവരിയില്‍ റിലീസ് ചെയ്യാനാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നും സംവിധായക വ്യക്തമാക്കി. 15 കോടി മുടക്കിയെടുക്കുന്ന ചിത്രത്തിനെതിരേ അപവാദ പ്രചരണം നടത്തുന്നത് വളരെ വിഷമകരമാണെന്നും റോഷ്‌നി വ്യക്തമാക്കി.