തിരുവനന്തപുരം: കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ച് കയറിയതിന് പോലീസ് അറസ്റ്റ് ചെയ്ത പ്രതി തന്റെ പേഴ്സണൽ സ്റ്റാഫ് അംഗമല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.
പ്രതി സന്തോഷ് തന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ്. കരാർ ഏജൻസി നൽകിയ തൊഴിലാളിയാണ് . ഇയാളെ ഡ്രൈവർ സ്ഥാനത്ത് നിന്നും മാറ്റാൻ പ്രൈവറ്റ് സെക്രട്ടറിയോട് നിർദേശിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
വാട്ടർ അതോറിട്ടിയുടെ വാഹനത്തിന്റെ ഡ്രൈവറാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ സന്തോഷ്. വിഷയം അറിഞ്ഞപ്പോൾ തന്നെ പിഎസുമായി സംസാരിച്ചുവെന്നും ഇയാളെ അടിയന്തരമായി ഒഴിവാക്കാൻ നിര്‍ദ്ദേശിച്ചെന്നും മന്ത്രി പറഞ്ഞു.
ആരോപണവിധേയനായ ഡ്രൈവർക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കാൻ ഏജൻസിക്കു നിർദേശം നൽകണമെന്നും വാട്ടർ അതോറിട്ടിക്ക് മന്ത്രി നിർദേശം നൽകി.