തിരുവനന്തപുരം: ഇടുപ്പു മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയായി വീൽച്ചെയറിൽ ജീവിതം തള്ളിനീക്കുന്ന ഗായിക സൗമ്യ പുരുഷോത്തമനും കുടുംബത്തിനും ഇനി കുടിവെള്ളം മുട്ടില്ല. കഴിഞ്ഞ ഒരു വർഷമായി കുടിവെള്ളമില്ലാതെ വിഷമിച്ച ഇവരുടെ വീട്ടിൽ ജലവിഭവ വകുപ്പ് കുടിവെള്ളമെത്തിച്ചു.
ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിൽ നാലു ദിവസംകൊണ്ടാണ് സൗമ്യയുടെ വീട്ടിൽ വാട്ടർ അതഥോറിറ്റി അതിവേഗത്തിൽ കുടിവെള്ള കണക്ഷൻ നൽകിയത്.പേരൂർക്കട ഹിന്ദുസ്ഥാൻ ലാറ്റക്സിനു സമീപം മുക്കാൽ സെന്റ് ഭൂമിയിലാണു സൗമ്യയും കുടുംബവും താമസിക്കുന്നത്.
കുടിവെള്ള കണക്ഷനായി അപേക്ഷ നൽകിയെങ്കിലും പല കാരണങ്ങളാൽ വൈകി. ദൂരെയുള്ള പൊതുപൈപ്പിൽനിന്നു വെള്ളമെടുത്താണ് വീട്ടിലെ കാര്യങ്ങൾ നടത്തിയിരുന്നത്. കുടിവെള്ളമില്ലാത്തതുമൂലം കുടുംബം അനുഭവിക്കുന്ന ദുരവസ്ഥ സൗമ്യ ജലവിഭവ മന്ത്രിയെ നേരിൽക്കണ്ടു ബോധ്യപ്പെടുത്തുകയായിരുന്നു.
തുടർന്ന് വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്താൻ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്കു മന്ത്രി നിർദേശം നൽകുകയും ചെയ്തു.ഭിന്നശേഷിക്കാരായ മുഴുവൻ പേർക്കും സൗജന്യമായി അതിവേഗത്തിൽ കുടിവെള്ളമെത്തിക്കുകയെന്നത് നയമായി സ്വീകരിച്ചാണു സർക്കാർ മുന്നോട്ടുപോകുന്നതെന്നു സൗമ്യയുടെ വീട് സന്ദർശിച്ച ശേഷം മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾ അതിവേഗത്തിൽ നിറവേറ്റുക എന്നതിനാണു സർക്കാർ അടിയന്തര പ്രാധാന്യം നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
വീട്ടിലെത്തിയ മന്ത്രിയെ സൗമ്യ വീൽച്ചെയറിലിരുന്നു പൊന്നാട അണിയിച്ചു സ്വീകരിച്ചു. മന്ത്രിക്കായി ഒരു ഗാനവും ആലപിച്ചു. വി.കെ. പ്രശാന്ത് എംഎൽഎ, കൗൺസിലർ പി. ജമീല ശ്രീധരൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.