തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി സംസ്ഥാന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ.
നടപടികളുടെ മേൽനോട്ടത്തിനായി താൻ ഇന്നു തന്നെ മുല്ലപ്പെരിയാറിലെത്തും. റവന്യു മന്ത്രി കെ. രാജനും ഉടൻ സ്ഥലത്തെത്തും.
രണ്ട് ഡെപ്യൂട്ടി കളക്ടർമാർക്കും ഇടുക്കി ആർഡിഒയ്ക്കും നടപടികൾ ഏകോപിപ്പിക്കുന്നതിനായി പൂർണ ചുമതലയിൽ നിയോഗിച്ചിട്ടുണ്ട്.
നാളെ രാവിലെ അണക്കെട്ട് തുറക്കുമെന്നാണ് തമിഴ്നാട് അറിയിച്ചിരിക്കുന്നത്. എന്നിരുന്നാലും ആദ്യഘട്ടത്തിൽ ജനങ്ങളെ സാരമായി ബാധിക്കുന്ന സാഹചര്യം നിലവിലില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
അതേസമയം, അണക്കെട്ട് തുറക്കുന്ന കാര്യത്തിൽ കേരളം സജ്ജമാണെന്നും 883 കുടുംബങ്ങളെ മാറ്റിപാർപ്പിക്കാൻ നടപടിയെടുത്തിട്ടുണ്ടെന്നും റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു.
20 ക്യാന്പുകൾ സജ്ജം
2018ൽ നേരിട്ട പ്രശ്നങ്ങളും നിലവിലുള്ള സാഹചര്യങ്ങളും പരിശോധിച്ചാണ് മുന്നൊരുക്കങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇരുപതോളം ക്യാന്പുകൾ സജ്ജമാക്കിയിട്ടുണ്ട്.
20 റവന്യു ഉദ്യോഗസ്ഥർക്ക് ക്യാന്പുകളുടെ ചുമതല നൽകി. രോഗബാധിതരെയും പ്രായമുള്ളവരെയും ആദ്യം മാറ്റി പാർപ്പിക്കും. ജലനിരപ്പ് ഉയരുന്നതിന്റെ അടിസ്ഥാനത്തിലാകും കൂടുതൽ നടപടികളിലേക്കു കടക്കുക.
വെള്ളം ഒഴുകി പോകാനുള്ള തടസങ്ങൾ നീക്കിയിട്ടുണ്ട്. പോലീസ്, ഫയർഫോഴ്സ്, എൻഡിആർഎഫ് ടീം എന്നിവ സജ്ജമായി നിൽക്കുകയാണെന്നും റോഷി അഗസ്റ്റിൻ വിശദമാക്കി.
തമിഴ്നാടിന്റെ റൂൾ കർവ് അംഗീകരിക്കില്ല
തമിഴ്നാട് തയാറാക്കിയ റൂൾകർവ് പ്രകാരം ജലനിരപ്പ് 138 അടിയാക്കി നിലനിർത്തണമെന്ന മേൽനോട്ട സമിതിയുടെ നിർദേശം കേരളം അംഗീകരിക്കില്ലെന്നു മന്ത്രി റോഷി പറഞ്ഞു.
കേരളത്തിന്റെ പല വാദങ്ങളും മേൽനോട്ട സമിതി പരിഗണിച്ചില്ല. ഇക്കാര്യം സുപ്രീം കോടതിയിൽ വിശദമാക്കും. കേരളത്തിലെ സ്ഥിതി മനസിലാക്കി സുപ്രീം കോടതി അനുകൂല തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജലനിരപ്പ് 142 അടിയാക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം അംഗീകരിക്കാനാവില്ല.വൃഷ്ടി പ്രദേശത്ത് മഴ കനക്കുന്നതും കൂടുതൽ വെള്ളം ഡാമിലേക്ക് എത്തുന്നതുമായ സാഹചര്യത്തിൽ അണക്കെട്ടിൽ ജലനിരപ്പ് ഉയർത്താനാവില്ല.
ഇപ്പോൾ അണക്കെട്ട് തുറന്നു വിടാൻ തമിഴ്നാട് തീരുമാനമെടുത്തതും കൂടുതൽ ജലം കൊണ്ടുപോകുന്നതും ആശാവഹമാണെന്നും മന്ത്രി പറഞ്ഞു.