തൊടുപുഴ: എൽഡിഎഫ് മന്ത്രിസഭയിൽ അനുവദിച്ച് കിട്ടിയ രണ്ട് ക്യാബിനറ്റ് റാങ്ക് പദവിയിലേക്ക് ആളെ തീരുമാനിച്ച് കേരളാ കോൺഗ്രസ്-എം. മന്ത്രി സ്ഥാനത്തേക്ക് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായ റോഷി അഗസ്റ്റിനേയും, ചീഫ് വിപ്പായി ഡെപ്യൂട്ടി ലീഡറായ ഡോ എന്‍. ജയരാജിനെയും തീരുമാനിച്ചു.
പാർട്ടി തീരുമാനം അറിയിച്ച് ചെയർമാൻ ജോസ് കെ. മാണി മുഖ്യമന്ത്രിക്ക് കത്ത് നൽകി. രണ്ട് മന്ത്രിസ്ഥാനത്തിന് വേണ്ടി എൽഡിഎഫിൽ കേരളാ കോൺഗ്രസ്-എം ആദ്യാവസാനം നിലപാടെടുത്തിരുന്നെങ്കിലും സിപിഎം വഴങ്ങിയിരുന്നില്ല.
യുവത്വത്തിന്റെ പ്രസരിപ്പുമായാണ് ഇടുക്കിയുടെ അമരക്കാരൻ റോഷി അഗസ്റ്റിൻ സംസ്ഥാന മന്ത്രിസഭയിലേക്ക് എത്തുന്നത്. ഇടുക്കി നിയോജകമണ്ഡലത്തിൽനിന്നു മന്ത്രിസഭയിലെത്തുന്ന ആദ്യജനപ്രതിനിധിയെന്ന വിശേഷണവും ഇനി ഇദ്ദേഹത്തിനു സ്വന്തം.
കാഞ്ഞിരപ്പള്ളി എംഎല്‍എ ആയ ഡോ എന്‍. ജയരാജ് നാലാം തവണയാണ് തുടര്‍ച്ചയായി നിയമസഭയില്‍ എത്തുന്നത്. തിരുമ്മു-മർമ ചികിത്സയ്ക്കും കളരിപ്പയറ്റിനും പെരുമയുള്ള ചന്പക്കര കുറുപ്പുമാരുടെ ബന്ധത്തിലെ ചെറുമാക്കൽ കുടുംബാംഗമാണ്.