അജിത് മാത്യു
കൽപ്പറ്റ: രാജീവ് ഗാന്ധിയുടെ നിർദേശപ്രകാരം നിയമസഭയിലേക്ക് മത്സരിച്ച് മാസങ്ങൾക്കുള്ളിൽ രാജീവിന്റെ ചിതാഭസ്മം തിരുനെല്ലിയിലെ പാപനാശിനിയിൽ നിമജ്ജനം ചെയ്യുന്നതിനും സാക്ഷിയാവേണ്ടി വന്നതിന്റെ ദുഃഖം നീറുന്ന ഓർമകളായി മനസിൽ സൂക്ഷിക്കുകയാണ് എഐസിസി അംഗവും മുൻ വനിത കമ്മീഷൻ അധ്യക്ഷയുമായ കെ.സി. റോസക്കുട്ടി .
ഇന്ദിരാ ഗാന്ധിയുടെ മരണശേഷം സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയ രാജീവ് ഗാന്ധി പുതിയ രാഷ്ട്രം കെട്ടിപ്പെടുക്കുന്നതിനായി യുവാക്കളെയാണ് പാർട്ടിയിലേക്ക് കൂടുതലായും എത്തിച്ചത്. 1987 ൽ വനിത സംവരണ ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ വയനാട്ടുകാരി കെ.സി. റോസക്കുട്ടിയെ രാജീവ് ഗാന്ധി ശ്രദ്ധിച്ചിരുന്നു.
1991 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രാജീവിന്റെ നിർദേശപ്രകാരമായിരുന്നു റോസക്കുട്ടി ടീച്ചർ മത്സരിച്ചതും ജയിച്ച് കയറിയതും. കോഴിക്കോട്ട് നടന്ന പൊതു സമ്മേളനത്തിൽ രാജീവ് ഗാന്ധി തന്നെയായിരുന്നു റോസക്കുട്ടിയെ ജനങ്ങൾക്ക് പരിചയപ്പെടുത്തിയത്. ആ സമ്മേളനത്തിന്റെ ചിത്രങ്ങൾ ഇന്നും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്.
1991 ൽ ഇലക്ഷൻ പ്രചരണ പ്രവർത്തനങ്ങൾ ചൂടുപിടിച്ച് നടക്കുന്ന സമയത്താണ് രാജീവ് കൊല്ലപ്പെടുന്നത്. ബത്തേരി മണ്ഡലത്തിലെ അതിർത്തി പ്രദേശങ്ങളായ സീതാമൗണ്ട്, കൊളവള്ളി എന്നിവിടങ്ങളിൽ പ്രചാരണം നടത്തുന്നതിനിടെയാണ് ഒരു വീട്ടിൽ ടിവി കാണുന്പോൾ രാജീവിന്റെ മരണവിവരം അറിയുന്നത്. ഒന്നു ശബ്ദിക്കാൻ പോലുമായില്ലെന്ന് ടീച്ചർ പറയുന്നു. കുറേ നേരം അവിടെ ഇരുന്ന ശേഷം പ്രചാരണ പരിപാടികൾ അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. പിന്നീട് ഇലക്ഷൻ നീട്ടിവയ്ക്കുകയും ചെയ്തു.
രാജീവിന്റെ ചിതാഭസ്മം ദക്ഷിണേന്ത്യയിലും ഒഴുക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് പാപനാശിനിയിൽ ചടങ്ങുകൾ നടത്തിയത്. ഡൽഹിയിൽനിന്നും കെ. കരുണാകരനും എ.കെ. ആന്റണിയും ചേർന്നാണ് ചിതാഭസ്മം ഏറ്റുവാങ്ങിയത്. തുടർന്ന് അലങ്കരിച്ച വാഹനത്തിൽ കോഴിക്കോട്ട് നിന്നും ചുരം കയറി വയനാട്ടിലേക്ക്. ഈ വാഹനത്തിൽ റോസക്കുട്ടിയുമുണ്ടായിരുന്നു.
ചരിത്ര നിയോഗം പോലെ രാജീവ് ഗാന്ധിയുടെ മകന്റെ ജില്ലയിലെ സ്ഥാനാർഥിത്വത്തിനും സാക്ഷിയായിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സംഘത്തിന്റെ നേതൃത്വവും ഏൽപ്പിച്ചിരിക്കുന്നു. ഇപ്പോൾ മൈസൂരു പാർലമെന്റ് നിയോജകമണ്ഡലം എഐസിസി നിരീക്ഷയുടെ ചുമതലകൂടിയുണ്ടെങ്കിലും ജില്ലയിൽ രാഹുലിന്റെ വിജയത്തിനായി പ്രവർത്തിക്കാനാണ് കൂടുതൽ താത്പര്യം.