കൊച്ചി : ഇലന്തൂര്‍ ആഭിചാര കൊലക്കേസില്‍ നിര്‍ണായക തെളിവുകള്‍ വീണ്ടെടുക്കാനൊരുങ്ങി അന്വേഷണ സംഘം.
ആഭിചാര ക്രിയയുടെ ഭാഗമായി അതിക്രൂരമായി കൊലപ്പെടുത്തിയ കാലടി സ്വദേശിനി റോസ്ലിയുടെ കട്ടിലില്‍ കിടത്തിയ ചിത്രം താന്‍ പകര്‍ത്തിയതായി ലൈല പോലീസിന് മൊഴി നല്‍കിയിരുന്നു.
നഗ്നയാക്കി, കൈയ്യും കാലും കെട്ടിയിട്ട നിലയിലുള്ള ചിത്രമാണ് പകര്‍ത്തിയത്. എന്നാല്‍ ഇത് പിന്നീട് ലൈല ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്യുകയായിരുന്നു.
ഈ ചിത്രം കേസില്‍ നിര്‍ണായക തെളിവായി മാറുമെന്നാണ് സൂചന. ലൈലയുടെ ഫോണില്‍ നിന്ന് ചിത്രം വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങളും പോലീസ് ആരംഭിച്ചുകഴിഞ്ഞു.
നിലവില്‍ കുറ്റം ചെയ്തെന്ന് തെളിയിക്കാന്‍ പ്രതികളുടെ മൊഴി മാത്രമാണ് ഉള്ളത്. മറ്റെല്ലാം സാഹചര്യ തെളിവുകളാണ്.
ഈ സാഹചര്യത്തിലാണ് കൊലയ്ക്ക് മുമ്പേ റോസ്ലിയുടെ ചിത്രം പകര്‍ത്തിയെന്ന ലൈലയുടെ മൊഴി നിര്‍ണായകമാകുന്നത്.
ചിത്രം വീണ്ടെടുക്കുന്നതിനായി ലൈലയുടെ മൊബൈല്‍ ഫോണുകള്‍ പരിശോധനയ്ക്ക് നല്‍കിയിരിക്കുകയാണ്.
ഇത് നടക്കുന്ന സമയത്ത് ലൈല രണ്ട് ഫോണുകള്‍ ഉപയോഗിച്ചിരുന്നതായാണ് വിവരം. ഈ രണ്ട് ഫോണുകളും അന്വേഷണ സംഘത്തിന് ലഭിച്ചു.
രണ്ടാം പ്രതിയും ലൈലയുടെ ഭര്‍ത്താവുമായ ഭഗവല്‍ സിംഗ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചിരുന്നില്ലെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.
അതേസമയം കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി.
കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലൈല ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
തനിക്കെതിരായ കുറ്റങ്ങള്‍ പോലീസ് കെട്ടിച്ചമച്ചതാണെന്നും ലൈല പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം തള്ളിക്കൊണ്ട് ആയിരുന്നു കോടതി ജാമ്യം നിഷേധിച്ചത്.