വിഴിഞ്ഞം: പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിനെ പൊതു സ്ഥലത്ത് മാലിന്യക്കൂന്പാരത്തിനു സമീപം അമ്മ ഉപേക്ഷിച്ചത് കാമുകനൊത്ത് തമിഴ്നാട്ടിൽ സ്വസ്ഥമായി ജീവിക്കാൻ. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് അമ്മ ഇങ്ങനെ പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ പുതിയതുറ പി.എം. ഹൗസിൽ റോസ്മേരി (22) കാമുകനായ പുതിയതുറ ചെക്കിട്ടവിളാകം പുരയിടത്തിൽ സജൻ (27) എന്നിവരെവിഴിഞ്ഞം ആഴിമലയിലെ പാറക്കെട്ടുകൾക്കിടയിൽ നിന്ന് നെയ്യാറ്റിൻകര ഡിവൈഎസ്പി ഹരികുമാറിന്റെ നേതൃത്വത്തിൽ കാഞ്ഞിരംകുളം എസ്ഐ. പ്രതാപ്ചന്ദ്രൻ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വിൽസ്, വിഷ്ണു, അജീഷ് എന്നിവർ ചേർന്ന് പിടികൂടിയത്.
ഗൾഫിലുള്ള ഭർത്താവിനെ ഉപേക്ഷിച്ചാണ് സജനൊപ്പം റോസ്മേരി ഒളിച്ചോടിയത്. കഴിഞ്ഞ 22ന് ആശുപത്രിയിൽ പോകുന്നുവെന്ന് അറിയിച്ചായിരുന്നു യുവതി കുഞ്ഞുമായിവീടുവിട്ടിറങ്ങിയത്. വീട്ടുകാർ പരാതിപ്പെട്ടതോടെ സൈബർ സെല്ലിന്റെ സഹായത്തോടെ കാഞ്ഞിരംകുളം പോലീസ് നടത്തിയ അന്വേഷണത്തിൽ സംഘം തിരുവല്ലയിൽ ഉള്ളതായി തെളിഞ്ഞു.
പോലീസ് എത്തുന്നതറിഞ്ഞ ഇരുവരും തമിഴ്നാട്ടിലേക്കു മുങ്ങി. കാഞ്ചിപുരം, തിരുപ്പതി ഉൾപ്പെയുള്ള ക്ഷേത്രങ്ങളിൽ മാറിമാറി തങ്ങി പോലീസിനെ വട്ടംകറക്കി. കുഞ്ഞിനെ വച്ച് ഭീഷണിപ്പെടുത്തി കേസ് പിൻവലിപ്പിക്കാനുള്ള ശ്രമവും നടത്തി.
വീട്ടുകാർ പരാതി പിൻവലിക്കാൻ സ്റ്റേഷനിലെത്തിയെങ്കിലും പോലീസുകാർ അനുനയിപ്പിച്ചു പറഞ്ഞയച്ചു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചരയോടെ ഇരുവരും നെയ്യാറ്റിൻകരയിലെത്തി കുഞ്ഞിനെ ഷോപ്പികോംപ്ലക്സിൽ മാലിന്യത്തിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്.
ബാലരാമപുരത്ത് എത്തിയ ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച വിവരം വീട്ടിൽ വിളിച്ചറിയിച്ചു. രാവിലെ ആറോടെ വീട്ടുകാർ കണ്ടെത്തിയ കുഞ്ഞിനെ സ്റ്റേഷനിൽ ഹാജരാക്കി. ഇവരെ അറസ്റ്റു ചെയ്യാൻ പോലീസ് തെരച്ചിൽ ആരംഭിച്ചു.
ടവർ ലൊക്കേഷൻ വഴി ഇവർ വിഴിഞ്ഞം മേഖലയിലുള്ളതായി മനസിലാക്കിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്. ആഴിമലയിലെ പാറക്കെട്ടിൽ ഒളിച്ചിരിന്ന സജനെ ബലപ്രയോഗത്തിലൂടെയാണു കീഴ്പ്പെടുത്തിയത്.
പൂവാർ, കാഞ്ഞിരംകുളം, വിഴിഞ്ഞം സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് ജയിൽവാസം അനുഭവിച്ചിട്ടുള്ള ആളാണ് സജൻ. കാഞ്ഞിരംകുളത്ത് മാത്രം സാജനെതിരെ ആറു കേസുണ്ട്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 22 വരെ റിമാൻഡു ചെയ്തു..