ചിലരങ്ങനെയാണ്, സ്വന്തം വേദനയല്ല, മറ്റുള്ളവരുടെ കണ്ണീരാണ് അവര്‍ക്ക് താങ്ങാനാവാത്തത്. അങ്ങനെയുള്ളവരുടെ പ്രത്യേകതയാണ്, എത്ര പണമോ സമയമോ അത്തരത്തില്‍ വേദനിക്കുന്നവര്‍ക്കുവേണ്ടി ചെലവഴിക്കുമെന്നത്. സമാന സ്വഭാവമുള്ളയാളാണ് മുംബൈ സ്വദേശിയായ ഡി ശിവാനന്ദന് എന്ന വ്യക്തി. നിയമപാലനത്തിനുവേണ്ടി ജീവിതം മാറ്റിവെച്ചയാളാണ് ഡി.ശിവാനന്ദന്.
മഹാരാഷ്ട്ര പോലീസിലെ ഡി.ജി.പി.യായി വിരമിച്ച അദ്ദേഹം, ഔദ്യോഗിക ജീവിതത്തോട് വിടപറഞ്ഞശേഷം വിശ്രമിക്കാന്‍ തയ്യാറായില്ല. മറിച്ച് ഇപ്പോള്‍, മുംബൈയില്‍ പട്ടിണികിടക്കുന്നവരെ കണ്ടെത്തി അവരുടെ വിശപ്പുമാറ്റാനുള്ള യത്നത്തിലാണ് അദ്ദേഹം. കഴിഞ്ഞ ഡിസംബറില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘റൊട്ടി ബാങ്ക്’ മുംബൈയിലെ ഹോട്ടലുകളും ക്ലബ്ബുകളും വെറുതെ പാഴാക്കുന്ന ഭക്ഷണം ശേഖരിച്ച് അതാവശ്യമുള്ള പാവങ്ങളുടെ അടുത്തെത്തിച്ചിരുന്നു.
മുംബൈയിലെ പ്രശസ്തരായ ഡബ്ബാവാലകളുമായി ചേര്‍ന്നാണ് ശിവാനന്ദന് റൊട്ടി ബാങ്കിന് തുടക്കമിട്ടത്. ലണ്ടനില്‍ താമസിക്കുന്ന മുംബൈക്കാരനായ നിതിന്‍ ഖനാപുര്കാര് എന്ന വ്യവസായിയും റൊട്ടി ബാങ്കുമായി സഹകരിക്കുന്നുണ്ട്. വിശക്കുന്നവര്‍ക്ക് എപ്പോള്‍വേണമെങ്കിലും റൊട്ടി ബാങ്കുമായി ബന്ധപ്പെടാം. അതിനൊരു ഹെല്പ്പ്ലൈന് നമ്പരുമുണ്ട്. ഇന്ത്യയിലെമ്പാടുമായി ഒരുദിവസം പാഴാക്കുന്നത് 1.8 ലക്ഷം ടണ്‍ ഭക്ഷണമാണെന്ന് ശിവാനന്ദന് പറയുന്നു.
ഇരുപതുകോടിയോളം ജനങ്ങള്‍ ഇന്ത്യയില്‍ പട്ടിണിയുമായി ജീവിക്കുന്നുമുണ്ട്. പാഴാക്കുന്ന ഭക്ഷണത്തിന്റെ ഒരോഹരി ഇവര്‍ക്കായി നീക്കിവച്ചാല്‍ പട്ടിണിയൊപ്പാനാകുമെന്നും അദ്ദേഹം പറയുന്നു. റൊട്ടി ബാങ്കിന് സമൂഹത്തിന്റെ പലഭാഗങ്ങളില്‍നിന്ന് വലിയ തോതിലുള്ള സ്വീകരണമാണ് ലഭിക്കുന്നതെന്നും ശിവാനന്ദന് പറയുന്നു. ഹോട്ടലുകളില്‍നിന്നും ക്ലബ്ബുകളില്‍നിന്നും ഭക്ഷണം ശേഖരിക്കുന്നതിന് ജിപിആര്‍എസ് ഘടിപ്പിച്ച രണ്ട് വാനുകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓടുന്നുണ്ട്.
ആശുപത്രികളോട് ചേര്‍ന്നുള്ള തെരുവുകളിലും ചേരികള്‍ക്ക് സമീപവും ഈ വാനുകളെത്തി ഭക്ഷണം വിതരണം ചെയ്യുന്നു. ഭക്ഷണം ആവശ്യമുള്ള മുക്കാല്‍ലക്ഷത്തോളം പേരെ ഇതിനകം കണ്ടെത്തുകയും അവര്‍ക്ക് ഭക്ഷണം നല്‍കാനും സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഹോട്ടലുകളില്‍ മിച്ചംവരുന്ന ഭക്ഷണം പുറമേയുള്ളവര്‍ക്ക് നല്‍കുന്നതിലൂടെയുണ്ടാകുന്ന നിയമപ്രശ്നങ്ങള്‍ മറികടക്കുന്നതിനാണ് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന റൊട്ടി ബാങ്ക് എന്ന സംഘടന തുടങ്ങിയതെന്നും ശിവാനന്ദന് പറഞ്ഞു.
ഔദ്യോഗിക ജീവിതത്തിനിടെ താന്‍ പരിചയപ്പെട്ട വിവിധ തലങ്ങളിലുള്ള വ്യക്തികളുടെ സഹായവും ഇക്കാര്യത്തില്‍ അദ്ദേഹത്തിന് പിന്തുണയായി ലഭിക്കുന്നുണ്ട്. മുംബൈയില്‍ പോലീസ് കമ്മീഷണറായി ജോലി ചെയ്തിട്ടുള്ള ശിവാനന്ദന് നഗരത്തിന്റെ മുക്കും മൂലയും നന്നായി അറിയാം. പട്ടിണിക്കാരായ ജനങ്ങള്‍ എവിടെയാണുള്ളതെന്നും അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്. ഔദ്യോഗിക ജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും പട്ടിണിക്കാരായ ജനങ്ങളെ നേരിട്ട് കണ്ടിട്ടുള്ള ശിവാനന്ദന്, 2011-ല്‍ വിരമിച്ച ശേഷം അവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന ലക്ഷ്യത്തിലായിരുന്നു.
അതനുസരിച്ചാണ് സുഹൃത്തുക്കളുടെ പിന്തുണയോടെ റൊട്ടി ബാങ്കിന് അദ്ദേഹം തുടക്കമിട്ടത്. സാധാരണ ദിവസങ്ങളില്‍ 300 മുതല്‍ 400 പേര്‍ക്കുവരെ ഇവര്‍ ഭക്ഷണം വിതരണം ചെയ്യുന്നു. അവധി ദിവസങ്ങളില്‍ 700 മുതല്‍ 800 വരെയും പേരുടെ പട്ടിണി അകറ്റാനും റൊട്ടി ബാങ്കിന് സാധിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള, ഉദാരമനസ്കര്‍ക്ക് മാതൃകയാക്കാവുന്ന ജീവിതമാണ് ഇവരുടേത്.