വൈപ്പിനില്‍ പഴകിയ മീനിന്റെ വില്‍പ്പന വ്യാപകമാവുന്നതായി പരാതി. സ്ഥിരം മാര്‍ക്കറ്റുകളില്‍പ്പോലും ഇത്തരം മീന്‍ എത്തുന്നുണ്ടെന്നാണ് വിവരം.
പലപ്പോഴും ദൂരെ സ്ഥലങ്ങളില്‍ നിന്നെത്തുന്നവരാണു കബളിപ്പിക്കലിന് ഇരയാകുന്നത്. ചീഞ്ഞളിഞ്ഞ മീന്‍ നല്‍കിയാലും മനസ്സിലാകില്ലെന്നതും തിരിച്ചെത്തി ബഹളമുണ്ടാക്കാന്‍ സാധ്യത കുറവാണെന്നതും മുതലാക്കിയാണു വന്‍വില ഈടാക്കി അകലെ നിന്നുള്ളവര്‍ക്കു മോശം മീന്‍ നല്‍കുന്നത്.
മുന്‍കാലങ്ങളില്‍ ഒരു ദിവസം വിറ്റു പോകാത്ത മീന്‍ സൂക്ഷിക്കാന്‍ ഐസും ഉപ്പുമൊക്കെയാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പേരറിയാത്ത പലതരം രാസ വസ്തുക്കളാണു പ്രയോഗിക്കുന്നത്.
മത്സ്യവില്‍പന രംഗത്തു ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന കച്ചവടക്കാര്‍ക്കു പോലും മനസ്സിലാകാത്ത തരത്തിലാണ് ഇത്തരം വസ്തുക്കള്‍ പൂശി മീന്‍ എത്തുന്നത്.
തെക്കന്‍ മേഖലയിലെ ഒരു മാര്‍ക്കറ്റില്‍ വ്യാപാരി വില്‍പനയ്‌ക്കെടുത്ത നല്ല പെടയ്ക്കുന്ന മീന്‍ അര മണിക്കൂര്‍ വെയിലത്ത് ഇരുന്നപ്പോഴേക്കും ചീത്തയായത് വാര്‍ത്തയായിരുന്നു.
മോശം മീനില്‍ ഭൂരിഭാഗവും ഇതരസംസ്ഥാനങ്ങളില്‍ നിന്നാണെത്തുന്നത്. പണത്തിനൊപ്പം ആരോഗ്യം കൂടി ചോര്‍ത്തുന്നതാണ് ഈ മീന്‍.
പരാതികള്‍ വ്യാപകമായിട്ടും അധികൃതരുടെ ഭാഗത്തു നിന്നു പരിശോധന അടക്കമുള്ള നടപടി ഉണ്ടാകുന്നുമില്ല. സ്ഥിരമായി ചീഞ്ഞ മീന്‍ വില്‍ക്കുന്നതിനു കുപ്രസിദ്ധമായ കേന്ദ്രങ്ങളില്‍പോലും പരിശോധന ഉണ്ടാകുന്നില്ല.
അനധികൃത മീന്‍ വില്‍പന കേന്ദ്രങ്ങളിലാണു ചീഞ്ഞമീനിന്റെ വില്‍പന കൂടുതലായി നടക്കുന്നതെന്നു നാട്ടുകാര്‍ പറയുന്നു.
വൈപ്പിനിലെ ഒട്ടു മിക്ക പഞ്ചായത്തുകളിലും അംഗീകൃത മീന്‍ മാര്‍ക്കറ്റുകള്‍ ഉണ്ടെങ്കിലും അവയോടു ചേര്‍ന്നും അല്ലാതെയും അനധികൃത മീന്‍ വില്‍പനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
തിരക്കേറിയ സംസ്ഥാനപാതയോടു ചേര്‍ന്ന് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന വില്‍പനകേന്ദ്രങ്ങള്‍ പലപ്പോഴും വാഹനാപകടങ്ങള്‍ക്കും കാരണമാകുന്നു.
ഒരു സ്ഥലത്തും മീനിന്റെ ഗുണനിലവാരം, വില എന്നിവ പരിശോധിക്കുന്നതിനു സംവിധാനമില്ല. കച്ചവടക്കാരാകട്ടെ തോന്നിയ വിലയ്ക്കാണ് വില്‍പ്പന നടത്തുന്നതെന്നും പരാതിയുണ്ട്.