നാദാപുരം: വളയം കല്ലുനിരയില്‍ ഉടമസ്ഥനില്ലാതെ അലഞ്ഞുതിരിഞ്ഞുവന്ന നായ നാട്ടുകാരില്‍ സമയം കൗതുകവും ഭയവും ഉണര്‍ത്തുന്നു. കറുത്ത് ഉയരം കൂടിയ വീതി കൂടിയ മുഖവുമായി മുറിവാലന്നായാണ് പ്രദേശത്ത് വിലസി നടക്കുന്നത്.
ഒറ്റനോട്ടത്തില്‍ തന്നെ വില കൂടിയ ഇനമാണെന്ന് തോന്നിപ്പിക്കുന്ന പെണ് നായ പ്രദേശത്തെ വീടുകളിലും, കടകളിലും കയറിയിറങ്ങാറുണ്ടെങ്കിലും ആരോടും വലിയ ചങ്ങാത്തം കാണിക്കാറില്ല.
നാട്ടുകാര്‍ ഭക്ഷണവും വെള്ളവും നല്‍കിയെങ്കിലും കഴിക്കാന്‍ കൂട്ടാക്കിയിട്ടില്ല. പാലും ബിസ്ക്കറ്റും നല്കിയപ്പോള് കഴിക്കാന്‍ തയ്യാറായി. ഷേക്ക് ഹാന്‍ഡ് നല്കാന് ആവശ്യപ്പെടുമ്പോള്‍ ഷേക്ക് ഹാന്‍ഡ് നല്‍കുകയും ചെയ്യുന്നുണ്ട്. ഇതോടെയാണ് നല്ല ട്രെയിനിംഗ് കിട്ടിയ വളര്‍ത്തു നായയാണ് ഇതെന്ന് നാട്ടുകാര്‍ക്ക് മനസ്സിലായത്.
ഇതിനിടെ ചിലര്‍ നടത്തിയ അന്വേഷണത്തില്‍ ഇത് അമേരിക്കന്‍ ഇനത്തില്‍ പെട്ട റോട്ട് വീലര്‍ ആണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ അല്പം ഭയവും നാട്ടുകാരില്‍ ഉടലെടുത്തിട്ടുണ്ട്. പ്രത്യേകം കൂടുകളില്‍ ശ്രദ്ധയോടെ വളര്‍ത്തേണ്ട നായ എങ്ങിനെ ഇവിടെ എത്തിപ്പെട്ടു എന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല.
സ്കൂള്‍ കുട്ടികളടക്കം സഞ്ചരിക്കുന്ന സ്ഥലത്ത് ഇത്തരത്തില്‍ വന്നു പെട്ട റോട്ട് വീലറെ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് നാട്ടുകാര്‍.ജനസാന്ദ്രതയുള്ള പ്രദേശത്ത് പരിധി വിടുമ്പോള്‍ നായ ആക്രമണകാരിയായി മാറുമോ എന്ന ഭയവും നാട്ടുകാര്‍ക്കുണ്ട്.്