കണ്ണൂർ: കണ്ണൂർ സിറ്റി ആദികടലായിൽ കഴിഞ്ഞദിവസം രാത്രി സുഹൃത്തിനൊപ്പം ബൈക്കിൽ പോകുകയായിരുന്ന അറക്കൻ അബ്ദുൾ റൗഫ് എന്ന കട്ട റൗഫിനെ വെട്ടിക്കൊന്ന സംഭവത്തിലെ പ്രതികൾ കണ്ണൂർ ജില്ല വിട്ടതായി പോലീസ്. പ്രതികൾക്കായുള്ള തെരച്ചിൽ ഇതരജില്ലകളിലേക്ക് വ്യാപിപ്പിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് 30 പേരെ കസ്റ്റഡിയിലെടുത്ത് അന്വേഷണസംഘം ചോദ്യം ചെയ്തു.
ഇവരിൽ നിന്നും പ്രതികളെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.കണ്ണൂർ സിറ്റി, കണ്ണൂർ ടൗൺ, വളപട്ടണം, തളിപ്പറന്പ് പോലീസ് സ്റ്റേഷൻ പരിധികളിൽ പ്രതികൾക്കായി വ്യാപക റെയ്ഡ് നടന്നു വരികയാണ്. കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ, സിറ്റി സിഐ പി.ആർ. സതീശൻ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം.
റൗഫിന്റെ കൂടെ അവസാനമായി യാത്ര ചെയ്ത സുഹൃത്ത് ഫർഹാനെയും പോലീസ് ചോദ്യം ചെയ്തു. മുഖംമൂടി സംഘമാണ് ആക്രമിച്ചതെന്നാണ് ഫർഹാൻ മൊഴി നൽകിയിട്ടുള്ളത്.