ശ്ശോ! ആ പണിയൊന്നു ചെയ്തു തീർക്കാൻ തലകുത്തിനിന്നു കഷ്ടപ്പെട്ടു. വലിയ പരിശ്രമം വേണ്ടി വരുന്ന ജോലികൾ ചെയ്തു തീർത്തു കഴിഞ്ഞു… നമ്മളിൽ പലരും പറയുന്ന ഡയലോഗ് ആണിത്.എന്നാൽ, റോക്സി കൊബില്യൂക്ക് എന്ന പതിമൂന്നുകാരി ഹോംവർക്ക് ചെയ്യുന്നതും തലമുടി ചീകുന്നതും എന്നു വേണ്ട ഒട്ടുമിക്ക ജോലികളും ചെയ്യുന്നതു തലകുത്തിനിന്നും വിവിധ ശാരീരിക അഭ്യാസങ്ങൾ ചെയ്തുകൊണ്ടുമാണ്. കോൺടോർഷൻ എന്നാണ് ഈ ശാരീരിക അഭ്യാസത്തിന്റെ പേര്.
ശരീരം ഏതു രീതിയിലും തിരിക്കാൻ ഇവൾക്കു കഴിയും. ശരീരം എങ്ങനെയും വഴങ്ങും. ഈ അഭ്യാസങ്ങൾ കണ്ടാൽ കണ്ടുനിൽക്കുന്നവർ അദ്ഭുതപ്പെടും. എന്നാൽ, യാതൊരു ആയാസവുമില്ലാതെയാണ് ഈ അഭ്യാസ പ്രകടനങ്ങൾക്കിടയിൽ ഇവൾ വിവിധ ജോലികൾ ചെയ്യുന്നത്.
ആഴ്ചയിൽ പതിനഞ്ചു മണിക്കൂർ റോക്സി കോൺടോർഷൻ പ്രാക്ടീസ് ചെയ്യും. പലപ്പോഴും മൾട്ടി ടാസ്കിംഗ് ആയിരിക്കും. അതായത്, പ്രാക്ടീസ് സമയത്തു തന്നെ അവൾ പുസ്തകം വായിക്കുകയും ഹോം വർക്കുകൾ ചെയ്യുകയും ചെയ്യും.
“സ്കൂളും കോൺടോർഷൻ പ്രാക്ടീസും ഒരുപോലെ കൊണ്ടുപോകാൻ ഞാൻ ശ്രമിക്കാറുണ്ട്.
പ്രാക്ടീസ് ചെയ്യുന്പോൾ ആ പൊസിഷനുകളിൽ ഇരുന്നു തന്നെ ഞാൻ ഹോംവർക്ക് ചെയ്യുകയും പഠിക്കുകയും ചെയ്യും. സാധാരണ രീതിയിൽ ഇരിക്കുന്നതിനേക്കാൾ സുഖം കോൺടോർഷനാണ്. പഠനം പെട്ടെന്നു പൂർത്തിയാക്കി ബാക്കി സമയം പ്രാക്ടീസിനായി മാറ്റിവയ്ക്കാനും ഞാൻ ശ്രമിക്കാറുണ്ട് ” വെസ്റ്റ് ലണ്ടൻ സ്വദേശിയായ കൗമാരക്കാരി പറയുന്നു.
ഒന്നര ലക്ഷത്തോളം ഫോളോവേഴ്സാണ് റോക്സിക്കു സമൂഹ മാധ്യമങ്ങളിലുള്ളത്.അഞ്ചു വയസുള്ളപ്പോൾ മുതൽ റോക്സി കോൺടോർഷൻ പ്രാക്ടീസ് ചെയ്യുന്നു. ഒരു ദിവസം ലോകം അറിയുന്ന മികച്ച കോൺടോർഷനിസ്റ്റ് ആകുകയാണ് തന്റെ ലക്ഷ്യമെന്നും റോക്സി പറയുന്നു.