പി. പ്രശാന്ത്
പേരൂർക്കട: നാലാഞ്ചിറയിൽ ദന്പതികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസിന് ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. നാലാഞ്ചിറ കുരിശ്ശടിക്കു സമീപം കഴിഞ്ഞ രണ്ടരവർഷമായി വാടകയ്ക്കു താമസിച്ചുവരുന്ന റോയി തോമസ് ഭാര്യ ഗ്രേസിയുമൊത്ത് ആത്മഹത്യ ചെയ്തത് ഇന്നലെ രാത്രി 11.15നാണ്. പാചകവാതക സിലിൻഡർ തുറന്നുവിട്ട് തീകത്തിച്ച് മരണം വരിക്കുകയായിരുന്നു ഇവർ.
റോയി തോമസിനെ ആത്മഹത്യയിലേക്കു നയിച്ച കാരണങ്ങൾ ചികഞ്ഞ പോലീസിന് കുഴക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. എറണാകുളത്തെ ചേരാനല്ലൂർ പ്രദേശത്തെ വിലാസമാണ് ഇയാൾ വാടകയ്ക്കു താമസിക്കുന്ന നാലാഞ്ചിറയിലെ വീട്ടുടമയ്ക്ക് നൽകിയിരുന്നത്. എന്നാൽ ഇതു വ്യാജമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ചേരാനല്ലൂർ സ്റ്റേഷൻ പരിധിയിൽ ഇങ്ങനെയൊരു വ്യക്തി താമസിച്ചിരുന്നതായി പോലീസിന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ഉള്ളൂരിൽ ജോബ് കണ്സൾട്ടൻസി നടത്തിവരുന്ന റോയി കഴിഞ്ഞ ഒരാഴ്ചയായി സ്ഥാപനത്തിൽ പോയിട്ടില്ലെന്നു പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വഞ്ചനാക്കേസുമായി ബന്ധപ്പെട്ട് കർണ്ണാടക മംഗലാപുരം പോലീസ് അന്വേഷിച്ചുവരുന്ന ക്രിമിനലാണ് ഇയാളെന്ന വിവരം ലഭിച്ചതായി പേരൂർക്കട സി.ഐ സ്റ്റ്യുവർട്ട് കീലർ പറഞ്ഞു. കോടികളുടെ തട്ടിപ്പ് ഇയാൾ നടത്തിയിട്ടുണ്ടെന്നാണ് സൂചന. മുന്പ് പലസ്ഥലത്തും ജോബ് കൾസൾട്ടൻസി സ്ഥാപനം ഇയാൾ നടത്തിയിട്ടുണ്ട്.
കബളിപ്പിക്കപ്പെട്ടവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ മംഗലാപുരം പോലീസ് ഇയാളുടെ വീടന്വേഷിച്ച് എത്തിയിരുന്നു. പോലീസ് എത്തിയതറിഞ്ഞ് നാട്ടുകാർ ഇയാളെ വാതിൽ തട്ടിവിളിച്ചു. നാട്ടുകാരും പോലീസും പുറത്ത് കാത്തു നിൽക്കെ ഇവർ ജീവനൊടു്കകുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പ്രദേശവാസികളുടെ മുന്നിൽവച്ചായിരുന്നു ആത്മഹത്യ. ദന്പതികളുടെ മരണം നേരിട്ടുകണ്ട വിറങ്ങലിലാണ് പ്രദേശവാസികൾ.