കോഴിക്കോട്: കൂടത്തായി പൊന്നാമറ്റത്ത് റോയി തോമസിന്റെ ദുരൂഹത ആദ്യമറിഞ്ഞത് കോഴിക്കോട് മെഡിക്കൽ കോളജ് ഫോറന്‍സിക് വിഭാഗത്തിലെ വനിതാ പോലീസ് സർജൻ . ഫോറന്‍സിക് മെഡിസിന് അഡീഷണല്‍ പ്രഫസര്‍ ഡോ.ആർ. സോനുവാണ് റോയ് തോമസിന്റെ മരണം സയനൈഡ് കാരണമാണെന്ന് ആദ്യം കണ്ടെത്തിയത്.
ഡോ.സോനുവാണ് രോയ് തോമസിന്റെ മൃതദേഹം 2011 ഒക്ടോബർ ഒന്നിന് പോസ്റ്റ്മോർട്ടം ചെയ്തത്. ഫോറൻസിക് ലാബറട്ടറിയിലെ പരിശോധനാഫലം അറിയുന്നതിന്റെ മുമ്പേ തന്നെ സോനു സയനൈഡിന്റെ ഗന്ധം അറിഞ്ഞിരുന്നു. തീർത്തും സയനൈഡ് ഉള്ളിൽചെന്നുള്ള മരണം എന്നാണ് ഡോക്ടർ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൃത്യമായി എഴുതിയിട്ടുള്ളത്.
ഇത്തരത്തില്‍ സയനൈഡിന്റെ ഗന്ധം തിരിച്ചറിയാന്‍ കഴിവുന്ന അപൂര്‍വം ഫോറന്‍സിക് വിദഗ്ധന്മാരില് ഒരാളായിരുന്നു ഡോ.സോനു. വളരെ കുറച്ചുശതമാനം ഡോക്ടർമാർക്കു മാത്രമെ മാത്രമാണ് സയനൈഡിന്റെ മണം തിരിച്ചറിയാന്‍ കഴിയൂ എന്നാണ് ശാസ്ത്രം രേഖപ്പെടുത്തുന്നത്.
രാസപരിശോധനയും രക്തപരിശോധനയും നടത്തിയാണ് സാധാരണരീതിയില്‍ ശരീരത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്തി റിപ്പോര്‍ട്ട് തയ്യാറാക്കുക. റോയി തോമസിന്റെ മരണത്തില്‍ മഞ്ചാടിയിൽ മാത്യു അടക്കം ചുരുക്കം ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ ഡോ. സോനു ആയിരുന്നു പോസ്റ്റുമോര്‍ട്ടം നടത്തിയത് .
ശരീരം കീറിയപ്പോള്‍ ഗന്ധം തിരിച്ചറിഞ്ഞ് സയനൈഡാണ് മരണകാരണമെന്ന് ഡോ. ആര് സോനു റിപ്പോര്‍ട്ട് തയ്യാറാക്കുകയായിരുന്നു. സയനൈഡിന്റെ പ്രത്യേക ഗന്ധം തിരിച്ചറിയാന്‍ കഴിവുണ്ടായിരുന്ന ഇവര്‍ സംശയലേശമെന്യെ തന്നെ ഇതു വ്യക്തമാക്കിയെങ്കിലും രാസപരിശോധനാ ഫലം വന്നത് അഞ്ച് വര്‍ഷത്തിനു ശേഷം 2016 ലാണ്.
ഈ റിപ്പോർട്ട് കോടഞ്ചേരി പോലീസിന് ലഭിച്ചെങ്കിലും തുടരന്വേഷണം ഉണ്ടായില്ല. പിന്നീട് റോയിയുടെ അനുജൻ റോജോ റൂറൽ എസ്പിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ കൂടത്തായി കേസിന്റെ ചുരുളഴിയുന്നത്.
എന്നാല്‍ ഇത് കാണാന്‍ ഡോക്ടർ ജീവിച്ചിരിപ്പില്ല. കോഴിക്കോട് അശോകപുരം സ്വദേശിനിയായിരുന്ന സോനു ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് മരിച്ചത്. ഡോക്ടര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഭവം വിശദമായി അന്വേഷിച്ചിരുന്നെങ്കില്‍ മറ്റ് മൂന്ന് കൊലപാതകങ്ങള്‍ നടക്കില്ലായിരുന്നുവെന്നാണ് പോലീസുദ്യോഗസ്ഥര്‍ പറയുന്നത്.