ജയ്പുർ: അടു ത്ത മാസം ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി-20യിൽ രാജസ്ഥാൻ റോയൽസിനെ ഇന്ത്യൻ ബാറ്റ്സ്മാൻ അജിങ്ക്യ രഹാനെ നയിക്കും. പന്തിൽ കൃത്രിമം നടത്തിയെന്ന വിവാദത്തിൽപ്പെട്ട ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെ നീക്കിയാണ് രഹാനെയെ ക്യാപ്റ്റനാക്കിയത്.
രഹാനെ രാജസ്ഥാൻ റോയൽസ് കുടുംബത്തിലെ അവിഭാജ്യഘടകമാണെന്നും അദ്ദേഹത്തിന്റെ ക്ലബ് സംസ്കാരവും മൂല്യവും അറിയാമെന്നും രാജസ്ഥാൻ റോയൽസിന്റെ ഉദ്യോഗസ്ഥരിൽ ഒരാളായ സുബിൻ ഭരുച്ച പറഞ്ഞു. വാതുവയ്പ് ആരോപണത്തെത്തുടർന്ന് രണ്ടുവർഷത്തെ വിലക്കിനുശേഷമാണ് രാജസ്ഥാൻ ഐപിഎലിന്റെ 11-ാം പതിപ്പിലേക്കു തിരിച്ചുവരുന്നത്.
2014, 2015 വർഷങ്ങളിൽ സ്റ്റീവ് സ്മിത്ത് റോയൽസിനൊപ്പമായിരുന്നു. റോയൽസിനു നേരിടേണ്ടിവന്ന വിലക്കിനെത്തുർന്ന് 2016ൽ സ്മിത്തിനെയും രഹാനെയെയും റൈസിംഗ് പൂന സൂപ്പർ ജയന്റ്സ് സ്വന്തമാക്കി. സ്മിത്തായിരുന്നു ജയന്റ്സിന്റെ ക്യാപ്റ്റൻ.