ഓട്ടോസ്പോട്ട്/ഐബി
ഇരുചക്രവാഹനങ്ങളിൽ നാടുകാണാനിറങ്ങുന്നവരുടെ എണ്ണം അടുത്തകാലത്ത് വർധിച്ചിട്ടുണ്ട്. യാത്രയ്ക്കു പറ്റിയ ഒരു കൂട്ടുകൂടിയുണ്ടെങ്കിലോ? ആ യാത്ര മനോഹരമാകുമെന്നതിൽ ഒരു സംശയവുമില്ല. അത്തരം ദീർഘദൂര-സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്ന ഇരുചക്ര വാഹനപ്രേമികൾക്കായി റോയൽ എൻഫീൽഡ് അവതരിപ്പിച്ച ഓഫ്റോഡ് വാഹനമാണ് ഹിമാലയൻ. ബുള്ളറ്റുകൾ ഇന്ത്യൻ നിരത്തിലെത്തിയപ്പോൾ മുതൽ ഉണ്ടായിരുന്ന ഡിസൈനിനു റോയൽ എൻഫീൽഡ് ഇപ്പോഴും വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എൻഫീൽഡിന്റെ ബെസ്റ്റ് സെല്ലിംഗ് മോഡലായ ക്ലാസിക് 350 പഴയകാല ബുള്ളറ്റുകളുടെ രൂപത്തിൽത്തന്നെയാണ്. അതിനു മാറ്റംവരുത്തി തണ്ടർബേഡ് വന്നെങ്കിലും ബുള്ളറ്റ് എന്ന വിഭാഗത്തിൽത്തന്നെ ഉൾപ്പെടുന്നതായിരുന്നു. ബുള്ളറ്റ് എന്ന വിഭാഗത്തിൽനിന്നു മാറ്റിയാണ് ഹിമാലയനെ അവതരിപ്പിച്ചിരിക്കുന്നത്.
സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്ന യുവാക്കളെ ഉദ്ദേശിച്ചാണ് ഹിമാലയന്റെ പിറവി. യാത്രകൾ കൂടെപ്പിറപ്പായവർക്ക് ഒപ്പം കൂട്ടാവുന്ന ഏറ്റവും മികച്ച സുഹൃത്തെന്ന് ഹിമാലയനെ വിശേഷിപ്പിക്കാം.
കാഴ്ചയിൽ
ഇതുവരെ റോയൽ എൻഫീൽഡ് പുറത്തിറക്കിയ മോഡലുകളുമായി യാതൊരു സാമ്യവുമില്ലാതെയാണ് “ഹിമാലയ’ന്റെ പിറവിയെന്ന് നേരത്തേ സൂചിപ്പിച്ചിരുന്നല്ലോ. സാഹസിക യാത്രകൾക്ക് കുന്നും മലയും താണ്ടാനുതകുന്ന രീതിയിൽത്തന്നെയാണ് ഹിമാലയന്റെ രൂപഘടന. 21 ഇഞ്ച് മുൻ ടയർ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് (220 എംഎം), എൻജിന് പ്രത്യേക സുരക്ഷാകവചം തുടങ്ങിയവയെല്ലാം ഒരു ഓഫ് റോഡ് ബൈക്കിന്റെ എല്ലാ എടുപ്പും വാഹനത്തിനു നല്കുന്നുണ്ട്. ചുരുക്കത്തിൽ, സിംപിൾ ഡിസൈൻ എന്നു പറയാം.
ചെറിയ വിൻഡ് സ്ക്രീനിനൊപ്പമാണ് റൗണ്ട് ഹെഡ്ലൈറ്റ് മുന്നിൽ ഇടംപിടിച്ചിരിക്കുന്നത്. ഹെഡ്ലൈറ്റിൽ എൽഇഡി ഇല്ലെങ്കിലും ബ്രേക്ക് ലൈറ്റിന് എൽഇഡിയാണ് ഉപയോഗിച്ചിരിക്കുന്നത്. ടാങ്ക് കപ്പാസിറ്റി 14 ലിറ്റർ. ഫുൾ ടാങ്ക് പെട്രോൾ അടിച്ചാൽ 400-450 കിലോമീറ്റർ സഞ്ചരിക്കാം. ഭൂപ്രദേശവും ഡ്രൈവിംഗ് രീതിയും അനുസരിച്ചായിരിക്കും മൈലേജെന്നു മാത്രം.
അനലോഗ് ഡയലുകൾ നിറഞ്ഞതാണ് ഇൻട്രുമെന്റ് പാനൽ. വലിയ മീറ്ററിൽ വാഹനത്തിന്റെ വേഗം മണിക്കൂറിൽ എത്ര കിലോമീറ്ററെന്നും എത്ര മൈൽ എന്നും സൂചിപ്പിക്കുന്ന രണ്ടു സൂചികകളാണുള്ളത്. ഒപ്പം ഒരു ചെറിയ എൽഇഡി സ്ക്രീനുമുണ്ട്. ഇതിൽ ഗിയർ ഇൻഡിക്കേറ്റർ, രണ്ട് ട്രിപ്പ് മീറ്ററുകൾ, ഓഡോമീറ്റർ, താപനില, ക്ലോക്ക്, ശരാശരി വേഗം, സർവീസ് ഇൻഡിക്കേറ്റർ, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
ആർപിഎം സൂചിപ്പിക്കാൻ ടാക്കോമീറ്ററും ഇന്ധനത്തിന്റെ അളവ് സൂചിപ്പിക്കാനുള്ള മീറ്ററും വെവ്വേറെ ഡയലുകളിൽ ക്രമീകരിച്ചിരിക്കുന്നു. ഇതിനൊപ്പം വടക്കുനോക്കിയന്ത്രവും പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്.
പ്രകടനം
411 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എൻജിനാണ് ഹിമാലയന്റെ കരുത്ത്. ഇത് 24.5 ബിഎച്ച്പി കരുത്തിൽ 32 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു. ഇലക്ട്രിക് സ്റ്റാർട്ട് മാത്രമേ വാഹത്തിന് നല്കിയിട്ടുള്ളൂ. അതുകൊണ്ടുതന്നെ കിക്കറില്ല. മറ്റു മോഡലുകൾ സ്റ്റാർട്ട് ചെയ്യുന്പോഴുള്ളതുപോലുള്ള ശബ്ദവും ഹിമാലയനില്ല. സുഗമമായ ഗിയർ ഷിഫ്റ്റിംഗ് ആയതിനാൽ മികച്ച ഡ്രൈവിംഗ് അനുഭവം നല്കുന്നുണ്ട്.
യാത്ര
സാഹസികയാത്രകൾക്ക് യോജിക്കുംവിധമാണ് സീറ്റിന്റെ ഘടന. കുറഞ്ഞ ടേണിംഗ് റേഡിയസ് ആയതിനാൽ അനായാസം വാഹനം തിരിക്കാനും കഴിയും. മറ്റു എൻഫീൽഡ് മോഡലുകളെ അപേക്ഷിച്ച് ഹിമാലയനു ഭാരവും കുറവാണ്, 182 കിലോഗ്രാം.
ബംബുകളും കുഴികളുമുള്ള റോഡുകളിൽ അനായാസം സഞ്ചരിക്കാൻ കഴിയുംവിധമാണ് സസ്പെൻഷൻ. പിന്നിൽ ഇതാദ്യമായി റോയൽ എൻഫീൽഡ് മോണോ ഷോക്കും ഉൾപ്പെടുത്തിയിട്ടുണ്ട്.
എൻഫീൽഡിന്റെതന്നെ യുകെ കന്പനിയായ ഹാരിസ് പെർഫോമൻസാണ് ഹിമാലയന്റെ ചേസിസ് നിർമിച്ചിരിക്കുന്നത്. എൻഫീൽഡ് ഇതുവരെ പുറത്തിറക്കിയിട്ടുള്ളതിൽ മികച്ച ചേസിസുകളിൽ ഒന്നാണ് ഹിമാലയന്റേതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബ്രേക്ക്
മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളാണ് ഹിമാലയന്. മുന്നിൽ 300 എംഎം ഡിസ്്കും പിന്നിൽ 240 എംഎം ഡിസ്കുമാണ് നല്കിയിട്ടുള്ളത്.
ലഗേജ് വയ്ക്കാൻ നിരവധി പോയിന്റുകൾ ഹിമാലയൻ നല്കുന്നുണ്ട്. ടെയിൽ ലാംപിനു മുകളിൽ ലഗേജ് കാരിയറുണ്ട്. മുന്നിലെ സബ് ഫ്രെയിമുകളും ഇന്ധനടാങ്കിന്റെ വശങ്ങളുമെല്ലാം ലഗേജ് വയ്ക്കാവുന്ന രീതിയിൽ തയാറാക്കിയവയാണ്.
വില 1.63 ലക്ഷം (എക്സ് ഷോറൂം)
ടെസ്റ്റ് ഡ്രൈവ്
ജവീൻസ് മോട്ടോറിംഗ് പ്രൈവറ്റ് ലിമിറ്റഡ്, കോട്ടയം
9447056345