അടിമാലി : റിസോർട്ട് ജിവനക്കാരിയായ വീട്ടമ്മക്കുനേരെ രാത്രിയിൽ വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് പീഡനശ്രമം. വീടിന്റെ വാതിൽ പൊളിച്ച് അകത്തുകയറിയ അക്രമി വധഭിഷണി മുഴക്കിയാണ് പീഡനത്തിന് ശ്രമിച്ചത്. സംഭവത്തിൽ വെള്ളത്തൂവൽ പോലീസ് കേസെടുത്തു. പള്ളിവാസൽ സ്വദേശിയായ നാൽപ്പത്തിരണ്ടുകാരിക്കു നേരെയാണ് പീഡനശ്രമം നടന്നത്.
തിങ്കളാഴ്ച്ച രാത്രിയിൽ വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് വാതിൽ പൊളിച്ച് അകത്തു കയറിയ അക്രമി വധഭീഷണി മുഴക്കി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് അക്രമത്തിന് ഇരയായ വീട്ടമ്മ പറഞ്ഞു. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ഭർത്താവും മക്കളും തിരുവനന്തപുരത്ത് താമസിക്കുന്നതിനാൽ മൂന്നാറിലെ റിസോർട്ട് ജിവനക്കാരിയായ വീട്ടമ്മ ഒറ്റക്കായിരുന്നു താമസിച്ചു വന്നിരുന്നത്. രാത്രി പത്തോടെ വീടിന്റെ കതകിൽ മുട്ടിവിളിച്ച അക്രമി വീട്ടമ്മയുടെ മകന്റെ ഫോണ് നന്പർ നൽകാൻ ആവശ്യപ്പെട്ടു.
ഇതിന് വിസമ്മതിച്ചതോടെ വാതിൽ തകർത്ത് അകത്തു കയറി വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. അക്രമിയുടെ കൈയ്യിൽ നിന്നും കുതറി രക്ഷപ്പെട്ട വീട്ടമ്മ തൊട്ടടുത്ത വീട്ടിൽ അഭയം പ്രാപിച്ചു. അയൽവാസികൾ ചേർന്നാണ് അക്രമിയെ തുരത്തിയോടിച്ചത്. സമീപത്തെ താമസക്കാരനായ വീരപാണ്ഡിയെന്നയാളാണ് അക്രമത്തിന് ശ്രമിച്ചതെന്ന് അയൽവാസിയായ യുവതി പോലീസിനു മൊഴി നൽകി.
സംഭവത്തിൽ വെള്ളത്തൂവൽ പോലീസ് കേസെടുത്ത് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു.അക്രമത്തിനിരയായ വീട്ടമ്മ അടിമാലി താലൂക്കാശുപത്രിയിൽ ചികത്സ തേടി. ഏതാനും ദിവസങ്ങൾക്ക് മുന്പ് ലക്ഷ്മി ഹരിജൻ കോളനിയിൽ കാമുകന്റെ വെട്ടേറ്റ് കാമുകിയും മാതാവും കൊല്ലപ്പെട്ടിരുന്നു.