കൊല്ലം: രാജ്യത്ത് പുതുതായി നിലവിൽ വന്ന ക്രിമിനൽ നിയമങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് അവബോധം നൽകുന്നതിന് റെയിൽവേ സംരക്ഷണ സേന (ആർപിഎഫ് ) മൊബൈൽ ആപ്പ് പുറത്തിറക്കി. സംഗ്യാൻ എന്നാണ് ആപ്ലിക്കേഷന്റെ പേര്. ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ഇത് ലഭ്യമാണ്.
മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളെ കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ നൽകുന്നതിനായാണ് ആപ്പ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഭാരതീയ ന്യായ സംഹിത ( ബിഎൻഎസ് ), ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത ( ബിഎൻഎസ്എസ് ), ഭാരതീയ സാക്ഷ്യ അധീനിയം ( ബിഎസ്എ ) എന്നിവയാണ് പുതുതായി പ്രാബല്യത്തിൽ വന്ന നിയമങ്ങൾ.
പ്രസ്തുത നിയമങ്ങളുടെ പ്രയോഗത്തിനും പ്രവർത്തി പഥത്തിൽ കൊണ്ടുവരുന്നതിനും ആർപിഎഫ് ഉദ്യോഗസ്ഥർക്ക് സംഗ്യാൻ ആപ്പ് സഹായവും മാർഗനിർദേശങ്ങളും നൽകും. ഉദ്യോഗസ്ഥർക്ക് എവിടെ ഇരുന്നാലും പുതിയ നിയമങ്ങളുടെ വിശദാംശങ്ങൾ അറിയാനും കൂടുതൽ വിവരങ്ങൾ തിരയാനും ഒപ്പം റഫർ ചെയ്യാനും കഴിയും വിധമാണ് ആപ്പ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.
മാത്രമല്ല പഴയ നിയമവും പുതിയ നിയമവും തമ്മിലുള്ള താരതമ്യ പഠനത്തിനും പുതുതായി വന്ന മാറ്റങ്ങളും തുടർച്ചകളും കൂടുതൽ അറിയാൻ ഈ ആപ്പ് വഴി സാധിക്കും.ഇത് കൂടാതെ ആർപിഎഫിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമ വ്യവസ്ഥകളിലെ സമഗ്രമായ വിവരങ്ങളും ആപ്പിൽ ഉള്ളടക്കം ചെയ്തിട്ടുണ്ട്.
1957-ലെ റെയിൽവേ സംരക്ഷണ സേന നിയമം, 1989- ലെ റെയിൽവേ നിയമം, 1996-ലെ റെയിൽവേ പ്രോപ്പർട്ടി നിയമം, 1987 -ലെ ആർപിഎഫ് ചട്ടങ്ങൾ എന്നിവ ഉൾപ്പെടെ റെയിൽവേയുടെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ അവശ്യ നിയമങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ അറിയുന്നതിനും സംശയങ്ങൾ ദുരീകരിക്കുന്നതിനും ആപ്പ് വഴി സാധിക്കും.
റെയിൽവേ സുരക്ഷയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ പിടികൂടുമ്പോൾ നിയമലംഘനം നടത്തുന്നവർക്ക് എതിരേ ഏതൊക്കെ വകുപ്പുകൾ ചുമത്തണം എന്ന കാര്യത്തിൽ പലപ്പോഴും ഉദ്യോഗസ്ഥർക്ക് ആശയക്കുഴപ്പം ഉണ്ടാകാറുണ്ടായിരുന്നു. ഇതിനുള്ള ശാശ്വത പരിഹാരം കൂടിയാണ് സംഗ്യാൻ ആപ്പ്.
എസ്.ആർ. സുധീർ കുമാർ