യൂണിഫോം അണിഞ്ഞുകൊണ്ടുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് ഇക്കാലത്ത് ആളുകളുടെ ഹരമാണ്. പ്രത്യേകിച്ച് സെല്‍ഫികളെടുത്ത് വാട്‌സാപ്പിലും ഫേസ്ബുക്കിലുമൊക്കെയിടുന്നത് എല്ലാവര്‍ക്കും സന്തോഷമുള്ള കാര്യമാണ്. എന്നാല്‍ ഈ സന്തോഷത്തിനു തടയിടാനാണ് ഇന്ത്യന്‍ റെയില്‍വേ അതോറിറ്റിയുടെ തീരുമാനം. ഇതുപ്രകാരം കാക്കി വസ്ത്രങ്ങള്‍ അണിഞ്ഞുകൊണ്ടുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുന്നതില്‍ നിന്നും റെയില്‍വേ പോലീസി(ആര്‍പിഎഫ്)നെ വിലക്കിയിരിക്കുകയാണ്.
വ്യക്തിത്വം വെളിപ്പെടുത്തുന്ന ഇത്തരം ഫോട്ടോകള്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരുപയോഗം ചെയ്‌തേക്കാം എന്നതിനാലാണ് റെയില്‍വേ അതോറിറ്റി ഈ തീരുമാനം കൈക്കൊണ്ടത്. മാത്രമല്ല ഫോട്ടോകള്‍ സിംകാര്‍ഡ് എടുക്കാനും മറ്റും ഉപയോഗിക്കുമ്പോള്‍ വിവരങ്ങള്‍ ചോര്‍ത്താനും ഇത് ഉപയോഗിച്ചേക്കാമെന്ന് ഒരു റെയില്‍വേ പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.
ഈ തീരുമാനം എത്രയും വേഗം നടപ്പിലാക്കാനാണ് റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പദ്ധതിയിട്ടിരിക്കുന്നത്. അതിന്‍പ്രകാരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കാക്കി ധരിച്ചുകൊണ്ടുള്ള ചിത്രങ്ങളെല്ലാം പിന്‍വലിക്കാന്‍ റെയില്‍വേ പോലീസുകാര്‍ക്ക് നിര്‍ദേശവും നല്‍കിക്കഴിഞ്ഞു.