തെന്മല: ആര് പി എല്‍ കമ്പനിയുടെ ഭാഗമായിയിട്ടുള്ളവരുടെ മക്കളും ബന്ധുക്കളും അടക്കം അന്യ സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നും എത്തുന്നവര്‍ക്ക് നിരീക്ഷണ കേന്ദ്രം ഒരുക്കാന്‍ കമ്പനി തയാറാകുന്നില്ലന്ന് പരാതി.
വിദേശത്ത് നിന്നോ ഇതര സംസ്ഥാനങ്ങളില്‍ നിന്നോ ഉള്ളവര്‍ ആര് പി എല്‍ തൊഴിലാളി ക്വാര്‍ട്ടേഴ്സില്‍ എത്തുമ്പോള്‍ ഇവിടെ പലപ്പോഴും നിരീക്ഷണത്തില്‍ കഴിയാനുള്ള സൗകര്യങ്ങള്‍ ഉണ്ടാകാറില്ല. ഇത് പലപ്പോഴും തൊഴിലാളികള്‍ തമ്മില്‍ വലിയ തര്‍ക്കങ്ങള്‍ക്കും വാക്കേറ്റങ്ങള്‍ക്കും കാരണമായിട്ടുണ്ട്.
തിങ്ങി ഞെരുങ്ങിയ ലയങ്ങളില്‍ ശൗചാലയം അടക്കം പുറത്ത് ആയതുകൊണ്ട് തന്നെ പലപ്പോഴും ലയങ്ങളില്‍ ഉള്ളവര്‍ നിരീക്ഷണത്തിനായി എത്തുന്നവരെ തടയുകയാണ്. ഇത്തരത്തില്‍ തര്‍ക്കങ്ങളോ പ്രശ്നങ്ങളോ ഉണ്ടായാല്‍ ആരോഗുവകുപ്പിനെയോ പോലീസിനെയോ അറിയിച്ചു തലയൂരുകയാണ് ആര് പി എല്‍ മാനേജ്മെന്റ് ചെയ്യുന്നത്.
അതുമല്ലെങ്കില്‍ ഏതെങ്കിലും സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മറ്റും. എന്നാല്‍ ജില്ലയില്‍ ഇപ്പോള്‍ വിദേശത്ത് നിന്നും സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തുന്നവരുടെ എണ്ണം വന്‍ തോതില്‍ കൂടിയതോടെ ഭൂരിഭാഗം സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളും നിറഞ്ഞു കഴിഞ്ഞു.
പുതിയ കെട്ടിടങ്ങള്‍ കണ്ടെത്താന്‍ ജില്ലാകളക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശവും നല്കികഴിഞ്ഞു. സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങള്‍ നിറഞ്ഞതോടെ ആര് പി എല്ലില്‍ നിന്നുമടക്കം എത്തുന്നവര്‍ പെയിഡ് ക്വാറന്റൈനിലേക്ക് മാറേണ്ട അവസ്ഥയിലാണ്.
എന്നാല്‍ കുളത്തുപ്പുഴ അടക്കം ആര്‍പിഎല്‍ എസ്റ്റേറ്റില്‍ തൊഴിലാളി ലയങ്ങള്‍ കൂടാതെ നിരവധി സ്റ്റാഫ് ക്വാര്‍ട്ടേഴ്സുകള്‍ ആള് താമസം ഇല്ലാതെ ഒഴിഞ്ഞു കിടപ്പുണ്ട്.
ഒപ്പം കൂവക്കാട് പ്രവര്‍ത്തിക്കുന്ന കമ്പനി ആശുപത്രിയും കോവിഡ് നിരീക്ഷണത്തിനായി ഉപയോഗിക്കാം എന്നിരിക്കെയാണ് ആര് പി എല്‍ അധികൃതര്‍ ഇവിടെ എത്തുന്നവരെ തിരികെ അയക്കുകയോ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുകയോ ചെയ്യുന്നത്.
ആര്‍പിഎല്‍ അധികൃതരുടെ നടപടിയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം ആര്‍പിഎല്‍ കമ്പനിയുമായി നേരിട്ട് ബന്ധമില്ലത്തവരാണ് നിരീക്ഷണത്തിനായി വിവിധ കോളനികളില്‍ എത്തുന്നതെന്നും ഇത്തരക്കാര്‍ക്ക് നിരീക്ഷണ സൗകര്യം ഒരുക്കാന്‍ ഹെഡ് ഓഫീസില്‍ നിന്നുള്ള അനുമതി ഇല്ലെന്നുമാണ് ആര് പി എല്‍ അധികൃതരുടെ വാദം.