ഗോഹട്ടി: ആദ്യം പന്തുകൊണ്ടും പിന്നാലെ ബാറ്റുകൊണ്ടും രാജസ്ഥാൻ റോയൽസിനെ ഫ്രൈ ചെയ്ത് കോൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ കെകെആർ എട്ട് വിക്കറ്റിന് ആർആറിനെ കീഴടക്കി. സ്കോർ: രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 151/9. കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 17.3 ഓവറിൽ 153/2.
61 പന്തിൽ ആറ് സിക്സും എട്ട് ഫോറും അടക്കം 97 റണ്‍സുമായി പുറത്താകാതെ നിന്ന ക്വിന്റണ്‍ ഡികോക്കാണ് കോൽക്കത്തയെ വിജയ തീരത്ത് എത്തിച്ചത്. രഘുവൻശി 17 പന്തിൽ 22 റണ്‍സുമായി പുറത്താകാതെ നിന്നു. കെകെആറിന്റെ ആദ്യ ജയമാണ്. 2025 സീസണ് ഐപിഎല്ലിൽ ഇതുവരെ പിറന്ന ഏറ്റവും ചെറിയ സ്കോറിലേക്കുള്ള കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ യാത്രയ്ക്കു ചുക്കാൻ പിടിച്ചത് ഓപ്പണർ ക്വിന്റണ്‍ ഡികോക്ക്. നേരിട്ട 36-ാം പന്തിൽ ഡികോക്ക് അർധസെഞ്ചുറിയിലെത്തി.
ടോസ് ജയിച്ച കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ബൗളിംഗ് തെരഞ്ഞെടുത്തു. തുടക്കത്തിൽ അപ്രതീക്ഷിത ബൗണ്‍സും സ്പിന്നും ലഭിക്കുന്ന പിച്ചിന്റെ സ്വഭാവം മനസിലാക്കിയുള്ള നീക്കമായിരുന്നു അത്. ക്യാപ്റ്റന്റെ തീരുമാനം ശരിവച്ച് നാലാം ഓവറിന്റെ അഞ്ചാം പന്തിൽ സഞ്ജു സാംസന്റെ വിക്കറ്റ് വൈഭവ് അറോറ തെറിപ്പിച്ചു. കടന്നാക്രമണത്തിനു ശ്രമിച്ച സഞ്ജുവിന് പന്തിന്റെ ലൈൻ കൃത്യമായി മനസിലാക്കാൻ സാധിച്ചില്ല. 11 പന്തിൽ 13 റണ്‍സ് മാത്രമായിരുന്നു സഞ്ജുവിന്റെ നേട്ടം.
തുടർന്നു ക്രീസിലെത്തിയ ക്യാപ്റ്റൻ റിയാൻ പരാഗിനും (15 പന്തിൽ 25) കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചില്ല. വരുണ്‍ ചക്രവർത്തിയെ സിക്സർ പറത്തിയെങ്കിലും പിന്നാലെയുള്ള പന്തിൽ ആകാശത്തിലേക്ക് ഉയർത്തിയടിച്ച് വിക്കറ്റ് കീപ്പർ ക്വിന്റണ്‍ ഡികോക്കിനു ക്യാച്ച് നൽകി റിയാൻ പരാഗ് മടങ്ങി. ആകാശത്തേക്കുയർന്ന പന്ത് ഹെൽമറ്റ് ഊരിമാറ്റിയശേഷമാണ് ഡികോക്ക് ഗ്ലൗവിനുള്ളിൽ ഭദ്രമാക്കിയത്.
നിതീഷ് റാണ (8), സ്ഥാനക്കയറ്റം ലഭിച്ചെത്തിയ വനിന്ധു ഹസരെങ്ക (4), ഇംപാക്ട്റ്റ് പ്ലെയറായെത്തിയ ശുഭം ദുബെ (9), ഷിംറോണ്‍ ഹെറ്റ്മയർ (7) എന്നിവരെല്ലാം രണ്ടക്കം കാണാതെ മടങ്ങി. ധ്രുവ് ജുറെലായിരുന്നു (28 പന്തിൽ 33) രാജസ്ഥാൻ റോയൽസിന്റെ ഇന്നിംഗ്സിലെ ടോപ് സ്കോറർ. നാല് ഓവറിൽ 23 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് നേടിയ മൊയീൻ അലിയുടെയും 17 റൺസിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയുടെയും സ്പിന്നാണ് ആർആറിന്റെ ഇന്നിംഗ്സിനു കടിഞ്ഞാണിട്ടത്.