നാഗ്പുര്‍: രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈയും വിദര്‍ഭയും ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ മധ്യപ്രദേശിനെ 62 റണ്‍സിന് പരാജയപ്പെടുത്തി വിദര്‍ഭ ഫൈനലിൽ പ്രവേശിച്ചു. വിദർഭ ഉയർത്തിയ 315 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മധ്യപ്രദേശ് 258 റണ്‍സിനു പുറത്തായി. സ്കോര്‍: വിദര്‍ഭ- 170, 402. മധ്യപ്രദേശ്- 252, 258
ഒരു ദിവസം കൂടി ബാക്കിയിരിക്കേ ഫൈനലിലേക്കു പ്രവേശിക്കാന്‍ മധ്യപ്രദേശിന് 94 ഓവറില്‍ 93 റണ്‍സും വിദര്‍ഭയ്ക്ക് നാലു വിക്കറ്റും വേണമെന്ന നിലയിലായിരുന്നു. അഞ്ചാം ദിനം ആറിന് 228 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച മധ്യപ്രദേശിന് 30 റണ്‍സ് കൂട്ടിച്ചേർക്കുന്നതിനിടെ അവശേഷിച്ച നാലു വിക്കറ്റ് കൂടി നഷ്ടമായി.
കുമാർ കാർത്തികേയ (പൂജ്യം), അനുഭവ് അഗർവാൾ (പൂജ്യം), കുൽവന്ത് ഖെജ്റോളിയ (11) എന്നിവർ കാര്യമായ ചെറുത്തുനില്പ് കൂടാതെ പുറത്തായതോടെയാണ് വിജയം കൈവിട്ടുപോയത്. 94 റൺസ് നേടിയ യഷ് ദുബെയാണ് രണ്ടാമിന്നിംഗ്സിൽ മധ്യപ്രദേശിന്റെ ടോപ് സ്കോറർ. ഹാര്‍ഷ് ഗാവ് ലി 67 റൺസെടുത്തു.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ യാഷ് ഠാക്കൂറും അക്ഷയ് വഖാരെയുമാണ് മധ്യപ്രദേശിനെ വരിഞ്ഞുമുറുക്കിയത്. ആദിത്യ സർവാതെയും ആദിത്യ താക്കറെയും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
ഒന്നാം ഇന്നിംഗ്സില്‍ 82 റണ്‍സിന്റെ ലീഡ് വഴങ്ങിയശേഷമാണ് വിദര്‍ഭ രണ്ടാം ഇന്നിംഗ്സില്‍ യാഷ് റാത്തോഡിന്റെ (141) സെഞ്ചുറിയുടെയും അമന് മേഖഡെ (59), അക്ഷയ് വഡ്കര്‍ (77) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും മികവില്‍ മികച്ച സ്കോര്‍ നേടിയത്. മധ്യപ്രദേശിനായി അനുഭവ് അഗര്‍വാള്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി.
തമിഴ്നാടിനെ കീഴടക്കി മുംബൈ നേരത്തേ ഫൈനലില്‍ പ്രവേശിച്ചിരുന്നു. ഞായറാഴ്ചയാണ് രഞ്ജി ട്രോഫി ഫൈനല്‍.