കുണ്ടറ: മകളുടെ മരണത്തിൽ ദുരൂഹതയുള്ളതായി മാതാവും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിട്ടും പോസ്റ്റ്മോർട്ടം ചെയ്യാതെ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്ത വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു.കുണ്ടറ വെള്ളിമൺ നാന്തിരിയ്ക്കൽ ഷിനുഭവനിൽ സിംസന്റെ ഭാര്യ ഷീലയുടെ (46) മൃതദേഹമാണ് സ്പെഷൽ തഹസീൽദാരുടെ സാന്നിധ്യത്തിൽ നാന്തിരിയ്ക്കൽ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ നിന്ന് പുറത്തെടുത്തത്.
പള്ളി സെമിത്തേരിയോട് ചേർന്ന് പ്രത്യേകം ഒരുക്കിയ പന്തലിൽ വിദഗ്ധ ഡോക്ടർമാരുടെയും സർജൻമാരുടെയും നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടന്നത്. സ്പെഷൽ തഹസീൽദാർ നിസാം , റൂറൽ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി അശോകൻ, മെഡിക്കൽ ടീം, ഫോറൻസിക് വിദഗ്ധർ, പള്ളി അധികാരികൾ, ഷീലയുടെ ഭർത്താവ് സിംസൺ, സഹോദരി ഷീന ബന്ധുക്കളടക്കം വൻ ജനാവലി സെമിത്തേരിയിലെത്തിയിരുന്നു.
രാവിലെ എട്ടോടെ മൃതദേഹം പുറത്തെടുക്കാൻ നടപടികൾ ആരംഭിച്ചെങ്കിലും തിരുവനന്തപുരത്തു നിന്നും സർജൻ എത്തിച്ചേരാൻ താമസിച്ചതിനാൽ 12 ഓടെ പുറത്തെടുത്ത ശരീരം 2.45 ഓടെ പരിശോധനകൾ പൂർത്തിയാക്കി ആചാരപ്രകാരം വീണ്ടും അടക്കം ചെയ്തു. ഷീലയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാവ് നാന്തിരിയ്ക്കൽ ഷീന ഭവനിൽ സ്റ്റാൻസിയാണ് ആദ്യം കൊല്ലം റൂറൽ എസ്.പിക്ക് നൽകിയത്. 2018 ജൂലായ് 29ന് രാത്രി 10 ഓടെ അവശനിലയിൽ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ഷീലയെ ആശുപത്രി അധികൃതരുടെ നിർദേശ പ്രകാരം കൊല്ലത്തെ സ്വകാര്യ മെഡി.
കോളേജിലെത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടെത്തിയാൽ കേസന്വേഷണം വഴിത്തിരിവിലാകും. വിഷം ഉള്ളിൽ ചെന്നാകാം ഷീലയുടെ മരണം സംഭവിച്ചതെന്നാണ് പരാതിക്കാരുടെ സംശയം. മൃതദേഹത്തിന് ആറ് മാസത്തോളം പഴക്കം ഉള്ളതിനാൽ ആന്തരികാവയവങ്ങളുടെ പരിശോധനയിൽ ഇതുസംബന്ധിച്ച തെളിവുകൾ ലഭിക്കാൻ ബുദ്ധിമുട്ടാകുമെങ്കിലും രാസപരിശോധനയിലൂടെ കണ്ടെത്താനാകുമെന്നാണ് ഫോറൻസിക് വിദഗ്ധർ പറയുന്നത്.
ഷീനയുടെ മൃതദേഹം കല്ലറയിൽ സംസ്ക്കരിച്ചതിനാൽ മണ്ണുമായി കൂടിച്ചേരാത്തത് തെളിവുകൾ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടും രാസപരിശോധനാ ഫലവും ലഭിച്ച ശേഷം തുടരന്വേഷണത്തിലേക്ക് നീങ്ങും.റൂറൽ എസ്പി.ഹരിശങ്കറിന് നിർദ്ദേശപ്രകാരം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അശോകൻ, എസ്ഐ.മാരായ അബ്ദുൾ സലാം, അശോകൻ, അനിൽകുമാർ, സിറാജ്, എഎസ്ഐമാരായ പ്രവീൺ, മനോജ് നിക്സൺ, ഡബ്ലിയു.പി.സി ഷീബ, ഇന്ദു, മിനി എന്നിവരാണ് അന്വേഷണ സംഘത്തിലുളത്.സ്പെഷൽ തഹസീൽദാർ എൽ .എ. 2 നിസാം .സൈൻറിഫിക് അസിസ്റ്റന്റ് ഡോ.ശശികല. കുണ്ടറ സിഐ ജയകൃഷ്ണൻ, എസ്ഐ.ഗോപകുമാർ എന്നിവരും സംഘത്തിലുണ്ട്.