ഇ. അനീഷ്
ഒരു സിനിമ എടുത്ത് ബ്രഹ്മാണ്ഡ ഹിറ്റാക്കുക … അതിന്റെ രണ്ടാം ഭാഗമോ അതിനേക്കാൾ വലിയ വിജയമാക്കുക…
ബാഹുബലി എന്ന ചിത്രവും എസ്.എസ്. രാജമൗലിയും തീർത്ത വിസ്മയം അതാണ്. അതെ രാജമൗലി എന്ന സംവിധായകൻ വീണ്ടും ചരിത്രം സൃഷ്ടിക്കുകയാണ് ആർആർആർ എന്ന ചിത്രത്തിലൂടെ.
കേരളത്തിൽ സൂപ്പർ താരങ്ങൾക്ക് മാത്രം അവകാശപ്പെട്ട പ്രീ ബുക്കിംഗാണ് ഇന്ന് തിയറ്ററിൽ എത്തിയ ചിത്രത്തിന് ലഭിച്ചത്. അതിരു കടക്കുന്ന മാർക്കറ്റിംഗിന്റെ പുത്തൻ അനുഭവമാകുകയാണ് ആർആർആർ.
ബജറ്റ് എത്രയോ ആകട്ടെ …മാർക്കറ്റിംഗ് അതിന്റെ പാരമ്യത്തിലാണ്. കേരളത്തിൽ കളക്ഷൻ റിക്കാർഡുകൾ ഭേദിച്ച ബാഹുബലിയെക്കാൾ ഒരുപടി മുന്നിൽ ആർആർആർ എത്തുമെന്ന് രാജമൗലിയുടെ വാക്കുകൾ തന്നെ സൂചിപ്പിക്കുന്നു.
സംവിധായകനും താരങ്ങളും സംസ്ഥാന അതിർത്തികൾ കടന്ന് തങ്ങളുടെ പടത്തിന്റെ പ്രമോഷനുമായി ലോകം ചുറ്റുകയായിരുന്നു ഇതുവരെ. അതിനുള്ള ഫലം തിയറ്ററിൽ നിന്നും ലഭിക്കുമെന്ന് അവർക്ക് ഉറപ്പായിരുന്നു.
ചിത്രത്തിന്റെ ഓൾ ഇന്ത്യ പ്രൊമോഷന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ ഗംഭീര സ്വീകരണമാണ് ചിത്രത്തിനു ലഭിച്ചത്.
ചിത്രത്തിന്റെ പാൻ ഇന്ത്യൻ പ്രൊമോഷന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ പ്രീ റിലീസ് ഇവെന്റുകൾ നടത്തി.
മലയാള സിനിമ ഇനിയും നടന്നടുക്കേണ്ട മാർക്കറ്റിംഗ് തന്ത്രങ്ങളാണ് കുറച്ച് ദിവസങ്ങളായി സംവിധായകൻ എസ്.എസ്. രാജമൗലിയും താരങ്ങളും നടത്തുന്നത്.
ചില മലയാള സിനിമയുടെ റിലീസ് പോലും പലപ്പോഴായി മാറ്റിവയ്ക്കപ്പെട്ടതിൽ ഈ സിനിമയ്ക്കുള്ള പങ്ക് ചെറുതല്ല.
ആർആർആർ എന്ന ചിത്രത്തിനു മുന്നിൽ മുങ്ങിപ്പോകാൻ ഇവരാരും തയ്യാറല്ല. ഇന്നത്തെ റിലീസ് കൊടുങ്കാറ്റ് കാണുമ്പോൾ ഇതു നന്നായെന്ന് തോന്നിപ്പോകും.
വലിയ ബഡ്ജറ്റ് സിനിമ എടുക്കുക മാത്രമല്ല അത് എങ്ങിനെ മാർക്കറ്റ് ചെയ്യണമെന്നും ഈ ടീമിന് അറിയാം.
ആർആർആർ ചിത്രത്തിൽ, ജൂണിയർ എൻ ടിആറും, റാം ചരണും അഗ്നിയുടെയും ജലത്തിന്റെയും പ്രതീകമായ കഥാപാത്രങ്ങൾ ആണ് അവതരിപ്പിക്കുന്നത്.
ഇതിൽ ആര് വിജയിക്കും, ഇവർ ഒന്നാകുമോ, എങ്ങനെ ഒന്നാകും എന്നതാണ് ആർആർആർ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി സംവിധായകൻ പറയുന്നത്.
അതിനുള്ള ഉത്തരമാണ് തിയറ്ററുകളിൽ നിറയുന്ന കയ്യടികൾ. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായി രാജമൗലി സൂചിപ്പിച്ചതു പ്രേക്ഷകർ ട്രെയ്ലറിലും ടീസറിലും പ്രൊമോഷന്റെ ഭാഗമായി വന്നിട്ടുള്ള ഒരു ചിത്രത്തിലും ഇല്ലാത്ത മറക്കാൻ സാധിക്കാത്ത രംഗങ്ങൾ നിറഞ്ഞതാണ് ആർആർആർ സിനിമ എന്നതാണ്.
ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ് ആർആർആർ 650 കോടി രൂപയാണ് ചിത്രത്തിന്റെ ചിത്രീകരണത്തിന് വിനിയോഗിച്ചത് എന്നാണ് റിപ്പോട്ടുകൾ.
350 കോടി മുതൽ മുടക്കിൽ ചെയ്ത ബാഹുബലിയെക്കാൾ സിനിമാ പ്രേക്ഷകർക്ക് ഗംഭീര ചലച്ചിത്രാനുഭവം നൽകുന്ന വിസ്മയമാക്കിയാണ് ചിത്രം ഒരുക്കിയത്.
ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഷകളിലും സ്ക്രീനുകളിലും റിലീസ് ചെയ്യുന്ന ആർആർആർ കേരളത്തിൽ പ്രൊഡ്യൂസർ ഷിബു തമീൻസിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് വിതരണം ചെയ്യുന്നത് .