ഒരു കപ്പ് ചായ എപ്പോൾ കിട്ടിയാലും കുടിക്കുന്നവരാണ് എല്ലാവരും. കാരണം പലർക്കും ചായയോളം പ്രിയപ്പെട്ട പാനീയം മറ്റൊന്നുമില്ല.
വീട്ടിലുണ്ടാക്കി സ്ഥിരം ചായ കുടിച്ചാലും തൃപ്തി പോരാതെയോ, പുതിയ രുചികൾ തേടിയോ കടകളിലേക്കു പോകുന്നവരും ഏറെയാണ്. സ്പെഷൽ ചായകളാൽ പ്രസിദ്ധി നേടുന്ന ചായക്കടകളും ചായക്കടക്കാരും നിരവധിയുണ്ട്.
ചായയിൽ വ്യത്യസ്ത രുചികൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പാർത്ഥ പ്രതിം ഗാംഗുലി കോൽക്കത്തയിൽ ഒരു ചായക്കട തുടങ്ങിയത്.
എന്തായാലും ഗാംഗുലി ഉദ്ദേശിച്ച കാര്യം നടന്നു. ചായക്കട കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു.
ഇവിടെ കപ്പൊന്നിന് 1000രൂപ വിലയുള്ള ചായയുണ്ട്. ഒരു കപ്പ് ചായക്ക് 1000 രൂപയോ! അദ്ഭുതപ്പെടേണ്ട, കാര്യം സത്യമാണ്.
‘സിൽവർ നീഡിൽ വൈറ്റ് ടീ’എന്നാണ് ഈ ചായയുടെ പേര്. സ്വതവേ നിലവാരവും ഗുണമേന്മയും കൂടുതലായ ‘വൈറ്റ് ടീ’ ഇനത്തിൽ പെടുന്നതാണിത്.
അത്രമാത്രം മൂല്യമുള്ള തേയില ഉപയോഗിച്ച് തയാറാക്കുന്നതിനാലാണ് ഈ ചായയ്ക്ക് ഇത്രയും വില വരുന്നതാണെന്ന് ഗാംഗുലി പറയുന്നു.
‘സാധാരണ ബ്ലാക്ക് ടീ 100 കിലോ ഉത്പാദിപ്പിക്കാനെടുക്കുന്ന സമയത്തിന്റെയും, സാന്പത്തിക ചെലവിന്റെയും, തൊഴിലാളികളുടെ അധ്വാനത്തിന്റെയും മൂന്ന് മടങ്ങ് കൂടുതലാണ് ഈ ചായയ്ക്ക് ആവശ്യമായി വരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ തേയിലകളിലൊന്നാണ് ഇത്.