സ്വന്തം ലേഖകന്‍
കോഴിക്കോട്: മലബാറില്‍ കോണ്‍ഗ്രസിന്റെ ക്ഷീണം മാറ്റാനുറച്ച് നേതാക്കള്‍. എതുവിധേനയും മലബാറില്‍ നേട്ടമുണ്ടാക്കേണ്ടത് ഭരണം പിടിക്കാന്‍ അത്യാവശ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ രാഹുലും പ്രിയങ്കയും തന്നെ പ്രചാരണം കൊഴുപ്പിക്കാന്‍ എത്തും.
കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മലബാറില്‍ തീര്‍ത്ത ഓളം ഇത്തവണയും ഉണ്ടാക്കാന്‍ കഴിയുമെന്നാണ് നേതാക്കള്‍ വിശ്വസിക്കുന്നത്.
അതുകൊണ്ടുതന്നെ മലബാറിലെ സീറ്റുകളില്‍ സ്ഥാനാര്‍ഥിയാകാന്‍ കൊതിക്കുന്നവര്‍ രാഹുല്‍ ഇഫക്ടിനായി കാത്തിരിക്കുകയാണ്. വയനാടിന്റെ എംപിയായ രാഹുല്‍ ഗാന്ധി നിയമസഭാതെരഞ്ഞെടുപ്പില്‍ മലബാറില്‍ സ്റ്റാര്‍ കാംപെയ്നറാകും.
കാസർഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്ന് 23 സീറ്റുകളാണ് 2016 ല്‍ യുഡിഎഫ് നേടിയത്. ഇതില്‍ 17 സീറ്റും മുസ്ലീം ലീഗാണ് നേടിയത്. പേരാവൂര്‍, ഇരിക്കൂര്‍, ബത്തേരി, വണ്ടൂര്‍, പാലക്കാട്, തൃത്താല മണ്ഡലങ്ങളിലായിരുന്നു കോണ്‍ഗ്രസിന്റെ ജയം.
കോഴിക്കോടും കാസര്‍ഗോഡും ഒറ്റ സീറ്റും ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാനും മോദിവിരുദ്ധത ചൂണ്ടിക്കാട്ടി മലബാറിലെ ന്യൂനപക്ഷവോട്ടുകള്‍ പരമാവധി കീശയിലാക്കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
മലബാറില്‍ ശക്തമായ സ്വാധീനമുള്ള കോണ്‍ഗ്രസിലെ പ്രമുഖരായ കെ.മുരളീധരനും കെ.സുധാകരനും നിലവില്‍ പാര്‍ട്ടി നേതൃത്വവുമായി പ്രത്യേകിച്ചും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളിയുമായി അത്ര യോജിപ്പിലല്ല. ഈ സാഹചര്യം കൂടി കോണ്‍ഗ്രസ് ദേശീയ നേതൃത്വം കണക്കിലെടുക്കുന്നുണ്ട്.
കല്‍പ്പറ്റ, തിരുവമ്പാടി സീറ്റുകള്‍ ലീഗില്‍ നിന്നും ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ ഇതിനകം കോണ്‍ഗ്രസ് നേതൃത്വം ആരംഭിച്ചുകഴിഞ്ഞു. വിജയസാധ്യത മുന്നില്‍ കണ്ടാണ് തീരുമാനം.
ഇന്നലെ ആരംഭിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയോടനുബന്ധിച്ച് ഇക്കാര്യങ്ങളില്ഏകദേശ ധാരണയുണ്ടാക്കും.