രാജീവ് ഡി.പരിമണം
കൊല്ലം :ആർഎസ്പിക്ക് ക്ഷീണമായി മത്സരിച്ച അഞ്ച് സീറ്റുകളിലേയും ദയനീയ പരാജയം. ആർഎസ്പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ഷിബു ബേബീജോണിന്റെ തട്ടകമായ ചവറയിലെ തോൽവി പാർട്ടിക്ക് ഏറെ ക്ഷീണമുണ്ടാക്കിയിട്ടുണ്ട്.
ഇതിന്റെ ആകുലതകളിൽനിന്ന് ഇതുവരെ നേതാക്കൾ മോചിതരായിട്ടില്ല. കൊല്ലം ജില്ലയിൽ ചവറ, ഇരവിപുരം, കുന്നത്തൂർ മണ്ഡലങ്ങളിലും കണ്ണൂരിലെ മട്ടന്നൂർ, തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ എന്നിവിടങ്ങളിലാണ് ആർഎസ്പി സ്ഥാനാർഥികൾ മത്സരിച്ചിരുന്നത്.
മട്ടന്നൂരിൽ മന്ത്രി കെ.കെ ശൈലജയോട് മത്സരിച്ച് ഇല്ലിക്കൽ അഗസ്തിയുടയെും ആറ്റിങ്ങലിൽ മത്സരിച്ച എ. ശ്രീധരന്റെയും തോൽവി ദയനീയമായിരുന്നു.
കൊല്ലം ജില്ലയിൽ ചവറയിലും കുന്നത്തൂരിലും വിജയിക്കുമെന്ന് പാർട്ടി നേതൃത്വം കരുതിയിരുന്നു .യുഡിഎഫും വിജയപ്രതീക്ഷയിലായിരുന്നു.
2016ലെ തെരഞ്ഞെടുപ്പിൽ എൻ.വിജയൻപിള്ളയോട് 6189 വോട്ടിനാണ് ഷിബു പരാജയപ്പെട്ടത്.
തൊഴിൽവകുപ്പ് മന്ത്രിയായിരിക്കെ ചവറയിൽ ഷിബുബേബീജോൺ ഒട്ടേറെ വികസനപ്രവർത്തനങ്ങൾ ചെയ്തിരുന്നുവെങ്കിലും വിജയൻപിള്ളയുടെ വ്യക്തിബന്ധങ്ങളും ജാതി സമവാക്യങ്ങളും മറ്റും ഷിബുവിന്റെ പരാജയത്തിന് കാരണമായിരുന്നതായി അന്ന് വിലയിരുത്തപ്പെട്ടിരുന്നു.
ഇക്കുറി മകൻ ഡോ.സുജിത്തിനോട് മത്സരിച്ച ഷിബു വിജയം ഉറപ്പാണെന്ന് കരുതിയെങ്കിലും ചവറ കൈവിടുകയായിരുന്നു. 1096 വോട്ടിന് ഷിബു പരാജയപ്പെട്ടപ്പോൾ ഒരു പാർട്ടിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു ആ പരാജയം.
യുഡിഎഫിന് അനുകൂല മായ സാഹചര്യമാണ് മണ്ഡലത്തിൽ ഉണ്ടായിരുന്നത്. ഷിബു നേരത്തെ തന്നെ പ്രചാരണം തുടങ്ങുകയും ചെയ്തിരുന്നു.
ആവേശപൂർണമായ വരവേൽപ്പാണ് മണ്ഡലത്തിൽ ലഭിച്ചത്. ഷിബുവിന്റെ തോൽവി ആർഎസ്പിയെ മാത്രമല്ല യുഡിഎഫിനേയും ഞെട്ടിച്ചിരിക്കുകയാണ്.
യുഡിഎഫ് സ്ഥാനാർഥിക്ക് എന്നും തണലാകുന്നത് പന്മന പഞ്ചായത്തിലെ വൻഭൂരിപക്ഷമാണ്. എന്നാൽ ഇത്തവണ നാമമാത്ര ഭൂരിപക്ഷമാണ് ഈ പഞ്ചായത്തിൽനിന്ന് ലഭിച്ചത്.
എൻഡിഎ സ്ഥാനാർഥി വിവേക് ഗോപൻ കഴിഞ്ഞതവണത്തേക്കാൾ നാലായിരത്തിലേറെ വോട്ടുകൾ കൂടുതൽ പിടിച്ചതും യുഡിഎഫിന് കിട്ടാവുന്ന വോട്ടുകളാണെന്നും ഇതും ഷിബുവിന്റെ പരാജയത്തിന് കാരണമായെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
കുന്നത്തൂർ മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎ കോവൂർ കുഞ്ഞുമോന് ഇക്കുറി പരാജയം ഉറപ്പാണെന്ന് പൊതുവേ അഭിപ്രായമുണ്ടായെങ്കിലും അഞ്ചാംതവണയും കുഞ്ഞുമോൻതന്നെ മണ്ഡലത്തിൽ ആധിപത്യം നേടി.ആർഎസ്പി സ്ഥാനാർഥി ഉല്ലാസ് കോവൂർ 2790 വോട്ടിനാണ് പരാജയപ്പെട്ടത്.
കഴിഞ്ഞതവണ കോവൂർ കുഞ്ഞുമോന്റെ ഭൂരിപക്ഷം 20529ആയിരുന്നു. ഭൂരിപക്ഷം കുറയ്ക്കാൻ ഉല്ലാസിന് കഴിഞ്ഞതിനപ്പുറം പ്രതീക്ഷ സഫലമാക്കാൻ കഴിഞ്ഞില്ല.
ഇവിടെ എൻഡിഎയും വോട്ട് നിലവർധിപ്പിച്ചിട്ടുണ്ട്. മുൻ മന്ത്രി ബാബുദിവാകരനെയാണ് ഇക്കുറി ഇരവിപുരം മണ്ഡലത്തിൽ ആർഎസ്പി മത്സരിപ്പിച്ചത്.
സിറ്റിംഗ് എംഎൽഎ നൗഷാദിനെതിരെ 28121വോട്ടിന് ബാബുദിവാകരൻ പരാജയപ്പെട്ടതും പാർട്ടിക്ക് ക്ഷീണമുണ്ടാക്കി.
എൻഡിഎയുടെ വോട്ടിന് ഇവിടെ ഗണ്യമായ കുറവ് ഉണ്ടായതും ചർച്ചയായിട്ടുണ്ട്. കഴിഞ്ഞതവണയും ആർഎസ്പിക്ക് ഒരു സീറ്റുപോലും നേടായായില്ല എന്നതും പാർട്ടിയെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.