കൊല്ലം: തെരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് ആർഎസ്പിയിലുണ്ടായ അസ്വാരസ്യങ്ങൾ നാളെ നടക്കുന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ചചെയ്യും.
കൂടുതൽ കെട്ടുറപ്പോടെ പാർട്ടിമുന്നോട്ടുപോകുമെന്ന് ഷിബു ബേബി ജോൺ ഉൾപ്പടെയുള്ള നേതാക്കൾ പറഞ്ഞു.ആർഎസ്പിക്കാർക്ക് എൽഡിഎഫിൽ പോകണമെങ്കിൽ കോവൂർ കുഞ്ഞുമോന്റെ ഔദാര്യം ആവശ്യമില്ല.
പരാജയകാരണങ്ങൾ വിലയിരുത്തി യുഡിഎഫിൽതന്നെ ഉറച്ചുനിൽക്കുമെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. ആർഎസ്പിയെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത കുഞ്ഞുമോന് തക്കതായ മറുപടിയും ഷിബു നൽകി.
എൽഡിഎഫിന്റെ വരാന്തയിൽ നിൽക്കുന്ന കുഞ്ഞുമോൻ ആദ്യം അകത്ത് കയറിയിട്ട് മറ്റുള്ളവരെ സ്വാഗതം ചെയ്താൽ മതിയെന്ന് അദ്ദേഹം ഫേസ് ബുക്ക് കുറിപ്പിലൂടെ മറുപടി നൽകിയിരുന്നു.
അതേസമയം ആർഎസ്പിയിലെ ഒരു വിഭാഗത്തെ അടർത്തി തന്റെ പാളത്തിലെത്തിച്ചാൽ സംഖ്യാബലം കണ്ട് എൽഡിഎഫ് കുഞ്ഞുമോന്റെ മുന്പിൽ വാതിൽ തുറക്കുമെന്ന പ്രതീക്ഷയാണ് കുഞ്ഞുമോന് ഉള്ളതെന്ന് ആർഎസ്പി പ്രവർത്തകർ പറയുന്നു.
ചവറയിൽ രണ്ട് തവണയുണ്ടായ തോൽവി ചില നേതാക്കളെ അസ്വസ്ഥരാക്കിയിരുന്നു.അവർ ഇക്കാര്യം പാർട്ടിയോഗത്തിൽ പ്രകടിപ്പിക്കുകയും ചെയ്തു.
നാളെ നടക്കുന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ പ്രധാനമായും തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് സംഘടനയിൽ ഉണ്ടായ പ്രശ്നങ്ങളാണ് ചർച്ചചെയ്യുന്നത്.
ഷിബു ബേബി ജോൺ ഉൾപ്പടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. പാർട്ടിയെശക്തിപ്പെടുത്താനുള്ള നടപടികൾക്കായിരിക്കും പാർട്ടി ഇനി ഏറെ പ്രാധാന്യം നൽകുന്നത്.
ആർഎസ്പിയുടെ തട്ടകമായ ചവറഉൾപ്പടെയുള്ള മണ്ഡലങ്ങളിൽ പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് വൻതോതിൽ ഉണ്ടായിട്ടുണ്ട്. പല സ്ഥലങ്ങളിലും കമ്മിറ്റികൾ നിർജീവമാണ്.
ഈ അവസ്ഥമാറ്റി പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള മാർഗങ്ങളും വരും ദിവസങ്ങളിൽ ചർച്ചചെയ്യുമെന്നാണ് അറിയാൻ കഴിയുന്നത്. യുഡിഎഫിൽ തന്നെ തുടരും.
പ്രതിസന്ധി ഘട്ടത്തിൽ ഒറ്റക്കെട്ടായി ഉറച്ചുനിന്ന് പാർട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമമെന്നും നേതാക്കൾ വ്യക്തമാക്കുന്നു.