അമേരിക്കയിലെ അലബാമയിൽ കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കുകയായിരുന്നു ഇരുപത്തഞ്ചുകാരി ഹോഡ മുത്താന.
ഏഴു വർഷം മുന്പാണ് അവൾ ഐഎസിന്റെ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടയായതും സിറിയയിലെത്തി അതിൽ ചേർന്നതും.
സാമൂഹികമാധ്യമങ്ങളായിരുന്നു മുത്താനയുടെ സജീവഇടം. അതിലൂടെ അമേരിക്കയെ തീവ്രമായ ഭാഷയിൽ കടന്നാക്രമിച്ചു.
മൂന്ന് ഐഎസ്ഐഎസ് പോരാളികളെ വിവാഹം ചെയ്തെങ്കിലും മൂവരും ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടു.
ഫ്രാൻസിലെ ചാർലി ഹെബ്ഡോ മാസികയുടെ മേധാവികളെ ആക്രമിക്കുന്നതിന് 2015ൽ മുത്താന ഓണ്ലൈനിൽ ആഹ്വാനം ചെയ്തു. ആ ആക്രമണത്തിൽ 12 പേരുടെ ജീവൻ പൊലിഞ്ഞു.
ട്രന്പിന്റെ ട്വീറ്റ്
ഡൊണാൾഡ് ട്രന്പിന്റെ ട്വീറ്റാണ് തന്നെ ഐഎസ്ഐഎസിൽനിന്നുള്ള മടക്കത്തിനു പ്രേരിപ്പിച്ചതെന്നു മുത്താന. അമേരിക്കയിലേക്കു മുത്താനയെ ഒരിക്കലും കടത്തിവിടില്ല എന്നതായിരുന്നു ആ ട്വീറ്റ്.
ട്വീറ്റ് വായിച്ചതോടെ അവളുടെ മനസിൽ വീടും വീട്ടുകാരും ഓടിയെത്തി. തന്റെ ഭാവിയെന്താവും…മുത്താന വീണ്ടുവിചാരത്തിനൊരുങ്ങി.
ട്രന്പിന്റെ ട്വീറ്റ് എല്ലാ എല്ലാ പ്രതീക്ഷകളും കെടുത്തിയതായി മുത്താന പറയുന്നു.
യുഎസ് പാസ്പോർട്ടിനും വീസയ്ക്കും അനർഹയാണെന്നു കൂടി അറിഞ്ഞതോടെ അവൾ തീവ്രവാദ നിലപാടുകളിൽനിന്നു പതിയെ പിൻവലിഞ്ഞുതുടങ്ങി.
തീവ്രവാദ നിലപാടുകൾ ഉരുകിയലിഞ്ഞുതീർന്നു. ഐഎസ്ഐഎസിൽ ചേരുന്പോൾ താൻ പ്രതീക്ഷിച്ചതു സന്തോഷത്തിന്റെ ഇടമാണെന്നും പക്ഷേ, അനുഭവിച്ചതു ഭൂമിയിലെ നരകമാണെന്നും മുത്താന പറയുന്നു.
തിരിച്ചുചെന്നാൽ
ന്യൂജഴ്സിയിലെ ഹാക്കൻസാക്കിൽ അവൾ ജനിച്ച കാലത്ത് യെമൻ പൗരനായ അച്ഛൻ ഒരു യുഎൻ ദൗത്യവുമായി ബന്ധപ്പെട്ടാണ് യുഎസിൽ കഴിഞ്ഞിരുന്നത്.
അതിനാൽ അവൾക്ക് അമേരിക്കൻ പൗരത്വമില്ലെന്നാണ് സിറിയയിലെ ഫെഡറൽ ജഡ്ജ് കണ്ടെത്തിയത്.
അതിനാൽ യുഎസ് തീരുമാനങ്ങളിലും നയങ്ങളിലും മാറ്റമുണ്ടാകും വരെ യുഎസിലേക്കു മടങ്ങാനാവില്ലെന്നു മുത്താന പറയുന്നു.
അമേരിക്കയിലേക്കു തിരിച്ചുചെല്ലാനായാൽ ആദ്യം എന്താണു ചെയ്യുക.. മുത്താനയോട് ഒരിക്കൽ മറ്റൊരു വെസ്റ്റേണ് ഐഎസ്ഐഎസ് പെണ്കുട്ടി ചോദിച്ചു. പത്തു ബർഗറുകൾ വാങ്ങി മുറിയിലേക്കു പോകും.
അതിനുമേൽ ഉരുകിയ വെണ്ണക്കട്ടികൾ. അതിനുംമേലെ മുളകുപൊടി തൂവി… അത്തരം ഭക്ഷണമൊക്കെ മിസ് ചെയ്യുന്നതായി മുത്താന പറയുന്നു.
ഡോക്യുമെന്ററി
അടുത്തിടെ സൗത്ത് ബൈ സൗത്ത് വെസ്റ്റ് ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി പ്രദർശിപ്പിച്ച 90 മിനിട്ടുള്ള ഡോക്യുമെന്ററിയിൽ മുത്താനയുടെ ജീവിതകഥയുമുണ്ട്.
തിരിച്ചുവരവ് – ഐഎസ്ഐഎസിനു ശേഷമുള്ള ജീവിതം അതാണു ഡോക്യുമെന്ററി. നിരവധി വെളിപ്പെടുത്തലുകളും തുറന്നുപറച്ചിലുകളുമുള്ള ആ ഡോക്യുമെന്ററി പുറത്തുവന്നതോടെയാണ് മുത്താന വാർത്തകളിൽ ഇടംനേടിയത്.
ഐഎസ്ഐഎസ് പ്രചാരണങ്ങൾ കൃത്രിമമാണെന്നും തന്നെപ്പോലെ പലരും വാസ്തവമറിയാതെ അതിൽ വീണു പോവുകയാണെന്നും മുത്താന പറയുന്നു.
കൃത്യസമയത്താണ് ഈ ഡോക്യുമെന്ററി റിലീസായത്. ഇത്തരം തുറന്നുപറച്ചിലുകൾ അങ്ങനെ ചിന്തിക്കുന്നവർക്കു വീണ്ടു വിചാരത്തിനു വെളിച്ചമാകട്ടെ – മുത്താന തുടർന്നു.
ഐഎസിൽ ചേരുന്പോൾ
ഐഎസ്ഐഎസ് ഒരു ഇസ്ലാമിക പ്രസ്ഥാനമല്ലെന്നു മുത്താന പറയുന്നു. അധികാരത്തിനും ആളെ കൂട്ടാനും ധനസമാഹരണത്തിനുമായി ചിലർ ഇസ്ലാമിനെ ഉപയോഗിക്കുകയാണെന്നും മുത്താന കൂട്ടിച്ചേർക്കുന്നു.
തനിക്കു വ്യക്തിപരമായി പ്രയോജനമാകും എന്നു കരുതിയാണ് ഐഎസിൽ ചേർന്നതെന്നും അല്ലാതെ അതിനു പിന്നിൽ പ്രത്യേക ഉദ്ദേശമോ ഗൂഢലക്ഷ്യങ്ങളോ ഇല്ലായിരുന്നുവെന്നും അവർ പറഞ്ഞു.
ഐഎസ്ഐഎസിൽ നടക്കുന്നതെല്ലാം അഴിമതിയാണെന്നും ധാരാളം ജനങ്ങളുടെ ജീവൻ ഹോമിക്കപ്പെട്ടതു മാത്രമാണു മിച്ചമെന്നും അവൾ ഡോക്യുമെന്ററിയിൽ മനസുതുറന്നു.
സിറിയയിൽ എത്തിയപ്പോൾ
ഹിജാബ് ധരിക്കാൻ പതിനൊന്നാം വയസിൽ താൻ നിർബന്ധിതയാവുകയായിരുന്നുവെന്നു മുത്താന പറയുന്നു.
മാളിൽ പോലും സ്വതന്ത്രമായി പോകാൻ അന്ന് അനുവാദമുണ്ടായിരുന്നില്ല. മതപരമായ ജീവിതത്തിലൂടെ കൂടുതൽ മെച്ചപ്പെട്ട ഭാവി സ്വന്തമാക്കാം എന്ന പ്രതീക്ഷയിലാണ് മുത്താന സിറിയയിലെത്തിയത്.
ഇസ്ലാമിക ട്വിറ്റർ ബന്ധങ്ങളിലൂടെയാണ് മുത്താന അതിലേക്ക് ആകർഷിക്കപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റ് എന്നാൽ മുസ്ലിംകൾ സന്തോഷത്തോടെയും പരസ്പരം സഹായിച്ചും കഴിയുന്ന ഇടമെന്നാണ് കരുതിയത്.
പക്ഷേ, അവിടെ എത്തിയപ്പോഴോ അപരിഷ്കൃത ജീവിത സാഹചര്യങ്ങളുടെ കാര്യത്തിൽ എത്രയോ പിന്നിലാണ് അവിടമെന്ന് അവൾ തിരിച്ചറിഞ്ഞു.
വസ്ത്രത്തിലും വേഷത്തിലും അഭിപ്രായങ്ങളിലും വരെ അവൾക്കു സദാചാര പോലീസിന്റെ ആക്രമണമേൽക്കേണ്ടി വന്നു.
ബുർക്ക ധരിച്ചിട്ടും ശരീരഭാഗങ്ങൾ പുറത്തുകണ്ടുവെന്ന് ആരോപിക്കപ്പെട്ടു. സുഹൃത്തുക്കളുമായി ഒന്നുചേരുന്നതു നിഷിദ്ധമായിരുന്നു. ഭ
ർത്താവുമൊത്തിരുന്നു വീഡിയോ ഗെയിമുകൾ പ്ലേ ചെയ്യുന്നതിനു പോലും അനുവാദമുണ്ടായിരുന്നില്ല. അതു ശരിക്കും ഭൂമിയിലെ നരകമായിരുന്നു – മുത്താന പറയുന്നു.
വൈക്കോൽ ഭക്ഷണം!
സിറിയയിലെ ഷാഹ്ബ പട്ടണത്തിൽ കഴിയവെ ഒരു ദിവസം മകൻ അത്താഴത്തിനു വൈക്കോൽ ഭക്ഷിക്കുന്നതു കണ്ടപ്പോൾ മുത്താന ഒരു മടക്കത്തെക്കുറിച്ച് ആത്മാർഥമായി ആഗ്രഹിച്ചു.
എല്ലാ ഉപേക്ഷിച്ചു പുറത്തേക്കു വരാൻ വെന്പി. യസീദി ക്രൈസ്തവരെ ഐഎസ്ഐഎസ് ലൈംഗിക അടിമകളായിട്ടാണു കണ്ടത്. വെറും വിൽപ്പനച്ചരക്കുകൾ എന്ന നിലയിൽ മാത്രം.
അവൾക്ക് അതിനോടു പൊരുത്തപ്പെടാനായില്ല. തീവ്രവാദ ഗ്രൂപ്പിൽനിന്നു രക്ഷപ്പെടുന്നതിനു മുത്താന ഒരാൾക്കു പണം നല്കി.
പക്ഷേ, അയാൾ അവളെ ഒരു ട്രക്കിൽ കയറ്റി എത്തിച്ചത് ഐഎസ്ഐഎസ് പോരാളികളുടെ താവളത്തിലേക്കു തന്നെയായിരുന്നു. പിന്നീട് അവിടെനിന്നു കടന്നവരിൽ മുത്താനും മകനുമൊഴികെ എല്ലാവരും പിടിക്കപ്പെട്ടു.
സിറിയൻ ജനങ്ങൾ എനിക്കു തുണയായി. അവർ എന്നെയും മകനെയും പട്ടിണിയിൽനിന്നും ബോംബിംഗിൽനിന്നും സംരക്ഷിച്ചു.
കഴിഞ്ഞുപോയ കാലങ്ങളിലെ ചെയ്തികളെക്കുറിച്ചു പശ്ചാത്തപിക്കുന്നു. ഇനിയുള്ള ജീവിതത്തിൽ കളങ്കത്തിന്റെ ആ പാടുകൾ മായ്ച്ചുകളയാനാകുമെന്നു പ്രതീക്ഷിക്കുന്നു- മുത്താന പറഞ്ഞു.