തിരുവനന്തപുരം: യുഡിഎഫിൽ തുടരുന്നതുകൊണ്ട് ആർഎസ്പിക്കു രാഷ്ട്രീയമായി നഷ്ടം മാത്രം സംഭവിക്കുകയാണെന്നു പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം.
പരാജയങ്ങളിൽ നിന്നു പാഠം ഉൾക്കൊണ്ടു തിരുത്താൻ യുഡിഎഫിനു നേതൃത്വം നൽകുന്ന കോണ്‍ഗ്രസിനു സാധിക്കുന്നില്ലെന്നും ഈ നിലയിൽ ആർഎസ്പി മുന്നോട്ടു പോയാൽ പാർട്ടിയുടെ രാഷ്ട്രീയ അടിത്തറ തന്നെ ഇല്ലാതാകുമെന്നും ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ നേതാക്കൾ രൂക്ഷമായ വിമർശനം നടത്തി.
തോൽവിയെ സംബന്ധിച്ചു യുഡിഎഫ് പരിശോധിക്കുകയാണെന്നും ഒരു തെരഞ്ഞെടുപ്പു തോൽവിയുടെ പേരിൽ മുന്നണി മാറണമെന്നൊക്കെ പറയുന്നതു നല്ല രാഷ്ട്രീയ നിലപാടല്ലെന്നും ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു.
നേതാക്കളുടെ വിമർശനം പാർട്ടിയും യുഡിഎഫും നന്നായി പരിശോധിക്കും. അതിനുശേഷം വ്യക്തമായ തീരുമാനം എടുക്കുന്നതാണ് ഉചിതമെന്നും അസീസ് പറഞ്ഞു.
തെരഞ്ഞെടുപ്പു തോൽവിയും മറ്റു രാഷ്ട്രീയ സാഹചര്യവും പരിശോധിക്കാൻ ഓഗസ്റ്റ് ഒൻപതിനു വിശാലമായ നേതൃയോഗം ചേരാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
കോണ്‍ഗ്രസിനു രാഷ്ട്രീയ ആത്മാർഥതയില്ലെന്നും കൂട്ടായ പ്രവർത്തനം നടത്താൻ പോലും കഴിയാത്ത വിധം കോണ്‍ഗ്രസ് സംഘടനാപരമായി ദുർബലമാണെന്നും നേതാക്കൾ പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രവർത്തനം കൂടുതൽ ശക്തമാക്കിയില്ലെങ്കിൽ യുഡിഎഫ് സംവിധാനം ശിഥിലമാകും.
കോണ്‍ഗ്രസിന്റെ പ്രവർത്തനത്തിൽ മാറ്റമുണ്ടാകുന്നില്ലെങ്കിൽ അപ്പോൾ മുന്നണി വിടുന്നതിൽ തീരുമാനമെടുക്കാമെന്നാണ് പൊതുവിലുള്ള ധാരണ.
‘അവധിയെടുക്കല്‍ വ്യക്തിപരം’
തിരുവനന്തപുരം: പാർട്ടിയിൽനിന്ന് അവധി എടുത്തത് വ്യക്തിപരമായ അസൗകര്യങ്ങളെത്തുടർന്നാണെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍.
പാർട്ടിയെ ദുർബലപ്പെടുത്തുന്ന ഒരു തീരുമാനവും തന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. കോണ്‍ഗ്രസിൽ ഇപ്പോൾ വന്ന മാറ്റം ചെറുതായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.