ജോണ്സണ് വേങ്ങത്തടം
കൊച്ചി: ബിജെപി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആര്‍എസ്എസ് ഇടപെടില്ല. മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പുകാലങ്ങളില്‍ ആര്‍എസ്എസിന്റെ ഇടപെടലും സമ്മര്‍ദവും ബിജെപി നേരിട്ടിരുന്നു. എന്നാല്‍ ഇക്കുറി സ്ഥാനാര്‍ഥികളെ പാര്‍ട്ടിക്കു തീരുമാനിക്കമെന്നും വിജയിക്കുകയാണ് ലക്ഷ്യമെന്നും ആര്‍എസ്എസ് നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു.
കേന്ദ്രത്തില്‍ ബിജെപിയെ അധികാരത്തില്‍ എത്തിക്കാന്‍ പരിശ്രമിച്ചതു പോലെ പൂര്‍ണമായും ആര്‍എസ്എസ് പാര്‍ട്ടിക്കൊപ്പം ഉണ്ടയിരിക്കും.സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം പാര്‍ട്ടിക്കു മാത്രമായിരിക്കും. കഴിവുള്ള, ജനപ്രീയരായ സ്ഥാനാര്‍ഥികളെ നിശ്ചയിക്കണമെന്നുമാത്രമേയുള്ളൂവെന്നും ആര്‍എസ്എസ് നിലപാട്. ഇതു സംബന്ധിച്ചു ബിജെപി നേതാക്കളുമായി ആര്‍എസ്എസ് ചര്‍ച്ചനടത്തി കഴിഞ്ഞു.
ഇതേ സമയം ഇന്നലെ നടന്ന തൃശൂര്‍ സംസ്ഥാനസമിതിയില്‍ സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നിട്ടില്ല. എന്നാല്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് മത്സരിക്കണമെന്നും വേണ്ടെന്നും അഭിപ്രായം പാര്‍ട്ടിക്കുള്ളിലുണ്ട്.
സുരേന്ദ്രന് കോന്നിയില്‍ മത്സരിച്ചാല്‍ അത് ദോഷമാകുമെന്ന് ബിജെപിയില്‍ അഭിപ്രായമുണ്ട്. കാരണം സുരേന്ദ്രന് ഒരു മണ്ഡലത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. അത് പാര്‍ട്ടിക്ക് വലിയ ദോഷം ചെയ്യും. സുരേന്ദ്രന് സ്റ്റാര്‍ ക്യാമ്പയിനര്‍ ആകും.സംസ്ഥാനത്തു മുഴുവന്‍ പ്രചാരണരംഗത്തുണ്ടാകണം.
ഇത്തരമൊരു അവസ്ഥയില്‍ മത്സരിച്ചാല്‍ അതു പാര്‍ട്ടിക്കു പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ ആകില്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്. സ്ഥിരം കണ്ട മുഖങ്ങളെ മാറ്റി നിര്‍ത്തണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. യുവാക്കള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കാനും പ്രധാന മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രമിക്കണമെന്ന അഭിപ്രായവും ചര്‍ച്ചയില്‍ ഉയരുന്നുണ്ട്.
സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നിട്ടില്ലെങ്കിലും കൂട്ടത്തോടെ നേതാക്കള്‍ മത്സരിക്കേണ്ടെന്നാണ് തീരുമാനം. മുമ്പ് ഇത്തരത്തില്‍ നേതാക്കള്‍ മത്സരിച്ചപ്പോള്‍ പ്രചാരണത്തെ നയിക്കാന്‍ പാര്‍ട്ടിയില്‍ ആളില്ലാത്ത അവസ്ഥയുണ്ടായിരുന്നു. ഇത്തവണ സീറ്റുകള്‍ വര്‍ധിപ്പിക്കേണ്ടതിനാല്‍ അത്തരമൊരു വിട്ടുവീഴ്ച്ചയില്ല. സംസ്ഥാന നേതാക്കളില്‍ ആരൊക്കെ വിട്ടുനില്‍ക്കുമെന്നത് പക്ഷേ കേന്ദ്ര നേതൃത്വം തീരുമാനിക്കും.
മിഷൻ 71
മുരളീധരന് മത്സരിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടായിട്ടില്ല. പി.കെ. കൃഷ്ണദാസിനെ പോലുള്ളവര്‍ മത്സരിക്കും. കേരളത്തില്‍ ഒന്നില്‍ നിന്ന് സീറ്റ് രണ്ടായി വര്‍ധിപ്പിക്കുകയല്ല ലക്ഷ്യമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. മിഷന് 71 എന്ന ടാര്‍ഗറ്റും തയാറായി. ഭൂരിപക്ഷത്തിന് വേണ്ട 71 സീറ്റുകള്‍ ഇത്തവണ മറികടക്കാന്‍ തന്നെയാണ് ബിജെപി മത്സരിക്കുന്നതെന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി രാധാകൃഷ്ണന് വ്യക്തമാക്കി.
ഇതോടെ കേന്ദ്ര നേതൃത്വം കേരളത്തില്‍ ടാര്‍ഗറ്റ് സെറ്റ് ചെയ്ത് ശക്തമായ വെല്ലുവിളി കോണ്‍ഗ്രസിന് ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. സംഘടനാ ശേഷി കൊണ്ട് കോണ്‍ഗ്രസിനെ മറികടക്കാനാവുമെന്നാണ് ബിജെപി കരുതുന്നുണ്ട്. കോണ്‍ഗ്രസും സിപിഎമ്മും ലക്ഷ്യം വയ്ക്കുന്നതുപോലെ ക്രൈസ്തവ സമുദായത്തെയും കൂടെ കൂട്ടാനുള്ള തന്ത്രവും ഭൂരിപക്ഷസമുദയത്തിന്റെ പിന്തുണയും ബിജെപി ലക്ഷ്യം വയ്ക്കുന്നു.
ഇതിന്റെ ഭാഗമായി ക്രൈസ്തവ സമൂഹത്തിന് കൂടി സീകാര്യരായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ ശ്രമമുണ്ടാവും. ഓര്‍ത്തഡോക്സ്-യാക്കോബായ സഭകളെ വിശ്വാസത്തിലെടുക്കാനാണ് ശ്രമം. അതേസമയം കോണ്‍ഗ്രസിലെ ഹിന്ദു വിഭാഗത്തിന്റെ അവഗണനയെ ശക്തമായി ബിജെപി ഉയര്‍ത്തി.
കോണ്‍ഗ്രസില്‍ ഭൂരിപക്ഷ സമുദായം നേരിടുന്ന അവഗണനയുടെ തെളിവാണ് രമേശ് ചെന്നിത്തലയെന്നാണ് ബിജെപി പ്രചരിപ്പിക്കുക.പ്രചാരണത്തില്‍ ശോഭ സജീവമാകുമെന്നു തന്നെയാണ് ബിജെപി വിശ്വസിക്കുന്നത്. അവരെ മത്സരിപ്പിക്കുന്ന കാര്യം മാത്രം ബിജെപി വ്യക്തമാക്കുന്നില്ല.
എന്നാല്‍ അവരുടെ പ്രശ്നം പരിഹരിക്കുമെന്നാണ് കേന്ദ്രനേതൃത്വവും വ്യക്തമാക്കുന്നത്. മുരളീധരന് ഗ്രൂപ്പുമായി അകന്നു കഴിയുന്ന ശോഭ സുരേന്ദ്രന് ശക്തയായി തിരിച്ചു വന്നാല്‍ അതൊരു നേട്ടമാണ്.