വൈക്കം: ജനങ്ങളുടെയും രാജ്യത്തിന്റെയും അജൻഡയല്ല ആർഎസ്എസിന്റെ അജൻഡയാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.
പൗരത്വ നിയമ ഭേദഗതിക്കെതിരേയും കേന്ദ്ര -സംസ്ഥാന സർക്കാരുടെ ജനദ്രോഹ നയങ്ങൾക്കെതിരേയും ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ പ്രക്ഷോഭ ജാഥ വൈക്കം ചെന്പ് കാട്ടിക്കുന്നിൽ ജാഥ ക്യാപ്റ്റൻ കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പിനു പതാക കൈമാറി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യവും സംസ്ഥാനവും അതീവ ഗുരുതരമായ സ്ഥിതിവിശേഷങ്ങളിലൂടെ കടന്നു പോകുന്പോഴും നാടിനെയും ജനങ്ങളെയും മറന്നു പാർട്ടി അജൻഡകളാണു പിണറായി വിജയനും നരേന്ദ്ര മോദിയും നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തലയോലപ്പറന്പ് ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് പി.പി. സിബിച്ചൻ അധ്യക്ഷത വഹിച്ചു. കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് നയിക്കുന്ന 18 ദിവസം നീളുന്ന ജാഥ രണ്ടു ഘട്ടങ്ങളിലായാണ് പദയാത്ര ജില്ലയിൽ പര്യടനം നടത്തുന്നത്. വൈക്കം നിയോജക മണ്ഡലത്തിൽ ഇന്ന് ജാഥ ഇല്ല. നാളെ തുടരും.
ചടങ്ങിൽ ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു പാർട്ടിയിൽനിന്നു രാജിവച്ച് കോണ്ഗ്രസ് അംഗത്വം സ്വീകരിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെ.സി. ജോസഫ് എംഎൽഎ, കെ. ബാബു, ടോമി കല്ലാനി, ജയ്സണ് ജോസഫ്, ലതികാ സുഭാഷ്, പി.ആർ. സോന തുടങ്ങിയവർ പ്രസംഗിച്ചു.